
വെന്നിയൂര്‍: ദേശീയപാത ക്രോസിംഗിന് അനുമതി ലഭിക്കാഞ്ഞതിനെ തുടർന്ന് കെ.എസ്.ഇ.ബി വെന്നിയൂര്‍ 33 കെ.വി സബ് സ്‌റ്റേഷന്റെ നിര്‍മ്മാണം നിലച്ചു. 2023 ഡിസംബറില്‍ കമ്മിഷന്‍ ചെയ്യുമെന്ന് പ്രഖ്യാപിച്ച സബ് സ്റ്റേഷനാണ് പാതിവഴിയിൽ നിലച്ചത്. കഴിഞ്ഞ ആറ് മാസത്തോളമായി ഒരു പ്രവൃത്തിയും ഇവിടെ നടന്നിട്ടില്ല.
മാസങ്ങള്‍ക്ക് മുമ്പ് കെ.എസ്.ഇ.ബി ദേശീയപാത അധികൃതര്‍ക്ക് ഇത് സംബന്ധിച്ച് അപേക്ഷ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ തീരുമാനം അനന്തമായി നീളുന്നതാണ് നിര്‍മ്മാണം മുടങ്ങാന്‍ കാരണമെന്നാണ് അധികൃതര്‍ പറയുന്നത്. പുതുപറമ്പ് ഭാഗത്ത് നിന്നും റോഡ് കീറി ലൈന്‍ ദേശീയപാതയ്ക്കരികില്‍ എത്തിച്ചിട്ടുണ്ട്. എന്നാല്‍ അപ്പുറത്തേക്ക് ക്രോസ് ചെയ്യാനുള്ള അനുമതി ലഭിച്ചില്ല.
പി.കെ അബ്ദുറബ്ബ് എം.എല്‍.എയായിരുന്ന സമയത്ത് അനുവദിച്ച സബ് സ്റ്റേഷന്‍ കഴിഞ്ഞ വര്‍ഷമാണ് നിര്‍മ്മാണം ആരംഭിച്ചത്. സബ് സ്റ്റേഷന്റെ സാധനങ്ങള്‍ സ്ഥാപിക്കുന്നതിന് നാല് തറകള്‍ കെട്ടുകയും വൈദ്യുതി തൂണുകള്‍ ഇറക്കുകയും ചെയ്തതല്ലാതെ ഒരു പണിയും നടന്നിട്ടില്ല. കടുത്ത വോള്‍ട്ടേജ് ക്ഷാമത്തെ തുടര്‍ന്നാണ് വെന്നിയൂര്‍ സബ് സ്‌റ്റേഷന്‍ എന്ന ആശയമുയർന്നത്.
എടരിക്കോട്, കൂരിയാട് സബ് സ്‌റ്റേഷനുകള്‍ ഉപയോഗപ്പെടുത്തിയാണ് എടരിക്കോട്, പെരുമണ്ണ ക്ലാരി, തെന്നല, നന്നമ്പ്ര, തിരൂരങ്ങാടി, വേങ്ങര, എ.ആര്‍ നഗര്‍ പ്രദേശങ്ങളിലേക്ക് വൈദ്യുതി എത്തിക്കുന്നത്. പുതിയ കണക്‌ഷനുകൾ വര്‍ദ്ധിച്ചതോടെ വൈദ്യുതിയുടെ ഉപയോഗം കൂടുകയും വോള്‍ട്ടേജ് ക്ഷാമം രൂക്ഷമാകുകയും ചെയ്തു. വൈദ്യുതി ക്ഷാമം കാരണം ഇലക്ട്രിക് ഉപകരണങ്ങള്‍ തകരാറിലാകുന്നതും നിത്യസംഭവാണ്. ഇതിനെല്ലാം പരിഹാരമെന്ന നിലയിൽ ആരംഭിച്ച സബ് സ്റ്റേഷന്‍ എങ്ങുമെത്താത്തതിൽ പ്രതിഷേധം ശക്തമാണ്.