d

പൊന്നാനി : പഴമയുടെ പെരുമ കൈവിടാതെ പാനൂസകൾ ഇന്നും പൊന്നാനിയിൽ പെരുന്നാൾ രാവുകളിൽ ചന്തം വിതറുന്നു. പഴയകാലങ്ങളിൽ പെരുന്നാൾ രാവുകളിൽ വർണ്ണവിസ്മയത്തിന്റെ മായക്കാഴ്ചകളൊരുക്കിയിരുന്ന പാനൂസകൾ ഇന്ന് ഏതാനും വീടുകളിൽ മാത്രമായാണ് നിലനിൽക്കുന്നത്. പെരുന്നാൾ രാവുകളിൽ ഒരുക്കുന്ന അലങ്കാര വിളക്കുകളാണ് പാനൂസ. പഴയ കാലത്ത് വിദേശ രാജ്യങ്ങളുമായുള്ള കച്ചവടബന്ധം വഴിക്ക് ലഭിച്ചതാണ് പാനൂസകളെന്ന് കരുതപ്പെടുന്നു. കപ്പലിന്റെയോ വീമാനത്തിന്റെയോ മാതൃകയിൽ മുളക്കമ്പുകൾ കൊണ്ട് ഉണ്ടാക്കുന്ന പാനൂസ വിളക്ക് വർണ്ണക്കടലാസ് കൊണ്ട് അലങ്കരിക്കും. ഒടുവിൽ അതിനകത്തു പെട്രോമാക്‌സോ മറ്റ് വെളിച്ചങ്ങളോ വെയ്ക്കുമ്പോൾ പാനൂസ വിളക്ക് പലനിറത്തിൽ തെളിഞ്ഞു നിൽക്കും. കാലം മാറിയതോടെ ഇത്തരം പാനൂസ വിളക്കുകൾ കുറെയൊക്കെ അന്യം നിൽക്കുന്നുണ്ട്. ഇത്തരം വിളക്കുകൾ ഉണ്ടാക്കാൻ അറിയുന്നവർ തന്നെ ഇന്ന് കുറവാണ്.