
തിരൂർ: പൊറ്റിലത്തറയിലെ മാലിന്യ സംസ്കരണ പ്ലാന്റിൽ വൻ തീപിടിത്തം. ആയിരക്കണക്കിന് ടൺ മാലിന്യമാണ് മണിക്കൂറുകളോളം കത്തിയത്. വൈകിട്ടും തീയണയ്ക്കാനായിട്ടില്ല. തിരൂർ, പൊന്നാനി, താനൂർ എന്നിവിടങ്ങളിൽ നിന്നായി അഞ്ച് ഫയർഫോഴ്സ് വാഹനങ്ങൾ തീയണയ്ക്കാൻ ശ്രമം തുടരുകയാണ്.
ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെയാണ് തീപിടിത്തം ശ്രദ്ധയിൽ പെട്ടത്. സമീപവാസികളാണ് വലിയ തോതിൽ പുകയുയരുന്നത് കണ്ടത്. തുടർന്ന് പൊലീസിലും ഫയർഫോഴ്സിലും വിവരമറിയിച്ചു. തുടർന്ന് ഫയർഫോഴ്സ് സംഘമെത്തി നാട്ടുകാരുടെ സഹായത്തോടെ തീയണയ്ക്കാനുള്ള ശ്രമമാരംഭിച്ചു. പ്ളാസ്റ്റിക് അടക്കമുള്ള വൻതോതിലുള്ള മാലിന്യങ്ങൾ കത്തിയത് എങ്ങിനെയെന്ന് വ്യക്തമല്ല. സാമൂഹ്യവിരുദ്ധരാണ് കത്തിച്ചതെന്ന് സംശയമുയർന്നിട്ടുണ്ട്.
വർഷങ്ങൾക്ക് മുമ്പ് പൊറ്റിലത്തറയിൽ സമാനമായ രീതിയിൽ കൂട്ടിയിട്ടിരുന്ന മാലിന്യങ്ങൾക്ക് തീപിടിച്ചിരുന്നു. ദിവസങ്ങളോളം നിന്ന് കത്തിയതിനെ തുടർന്നാണ് നഗരസഭ ലക്ഷങ്ങൾ ചെലവഴിച്ച് സംസ്കരണ പ്ളാന്റ് സ്ഥാപിച്ചത്. ഒന്നര മാസമായിട്ടും മാലിന്യങ്ങൾ സംസ്കരിക്കാതെ കൂട്ടിയിട്ടത് അധികൃതരുടെ നിസംഗത മൂലമാണെന്ന് ആക്ഷേപുമുണ്ട്. ദിവസേന രണ്ടും മൂന്നും വാർഡുകളിൽ നിന്നായി നൂറോളം ടൺ മാലിന്യങ്ങൾ മൂന്നും നാലും വാഹനങ്ങളിലായി പൊറ്റിലത്തറ മാലിന്യ പ്ലാന്റിൽ എത്താറുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. വലിയ തോതിൽ പുകയുയരുന്നത് ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന ആശങ്കയിലാണ് നാട്ടുകാർ.
കൂട്ടിയിട്ടത് വിനയായി