
പെരിന്തൽമണ്ണ: അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിലെ പതിനൊന്നാം പൂര ദിവസമായ ഇന്ന് കാഴ്ചശീവേലി നടക്കും. ഇന്ന് പകൽ ആറാട്ടില്ല. രാവിലെ അഞ്ചിന് പള്ളിക്കുറുപ്പുണർത്തലോടെ ചടങ്ങുകൾ ആരംഭിക്കും. ഏഴിന് പെരിന്തൽമണ്ണ ആതിരയും സംഘവും അവതരിപ്പിക്കുന്ന ഭരതനാട്യം. 7:30ന് ചെരക്കാപറമ്പ് അയ്യപ്പൻ വിളക്ക് സംഘത്തിന്റെ അയ്യപ്പൻപാട്ട്. എട്ടിന് അങ്ങാടിപ്പുറം ബ്രാഹ്മണസമൂഹത്തിന്റെ ഭജന. ഒമ്പതിന് പഞ്ചവാദ്യത്തോടെ കാഴ്ചശീവേലി. വൈകിട്ട് മൂന്നു മുതൽ ചാക്യാർകൂത്ത്, ഓട്ടൻതുള്ളൽ. 3:30ന് കീഴേടം വേട്ടേക്കരൻകാവിൽ നിന്നും റാവറമണ്ണ ശിവക്ഷേത്രത്തിൽ നിന്നും ഗജവീരന്മാരുടെ അകമ്പടിയോടെ മുതുവറ ക്ഷേത്രത്തിലേക്കും അവിടെ നിന്ന് തളിക്ഷേത്രത്തിലേക്കും പിന്നീട് തിരുമാന്ധാംകുന്ന് ക്ഷേത്രത്തിലേക്കും പഞ്ചവാദ്യത്തോടെയുള്ള എഴുന്നള്ളത്ത്. അങ്ങാടിപ്പുറത്തിന്റെ വിവിധ ദേശങ്ങളിൽ നിന്നുള്ള അനുബന്ധ പൂരങ്ങളും അങ്ങാടിപ്പുറത്ത് സംഗമിക്കും. 6:30ന് ക്ഷേത്രാങ്കണത്തിൽ മട്ടന്നൂർ ശ്രീകാന്തും ശ്രീരാജും അവതരിപ്പിക്കുന്ന ഡബിൾ തായമ്പക. കല്ലൂർ സന്തോഷും സംഘവും അവതരിപ്പിക്കുന്ന പഞ്ചമദ്ദള കേളി. 10ന് 21-ാമത്തേയും അവസാനത്തെയും ആറാട്ടിനായി കൊട്ടിയിറങ്ങും. വെടിക്കെട്ടും നടക്കും. തുടർന്ന് ആറാട്ടുകടവിൽ തൃത്താല ശ്രീനിയുടെ തായമ്പക. 11ന് കൊട്ടിക്കയറ്റം. തുടർന്ന് വടക്കേ നടയിലെ കൊടിമരത്തിൽ കൊടിയിറക്കിയശേഷം ഭഗവതിയെ അകത്തേക്ക് എഴുന്നള്ളിക്കും. 25 കലശത്തിനും അത്താഴപൂജയ്ക്കും ശേഷം ശ്രീഭൂതബലിയോടെ 11 ദിവസത്തെ പൂരത്തിന്റെ താന്ത്രിക ചടങ്ങുകൾക്ക് സമാപനം കുറിക്കും. വ്യാഴാഴ്ച പുലർച്ചെ 4:30 ന് ക്ഷേത്രത്തിൽ നിന്ന് വള്ളുവക്കോനാതിരിയുടെ സ്ഥാനി തെക്കോട്ടിറങ്ങി പൂരപ്പറമ്പിൽ മലയൻകുട്ടിയുമായി കൂടിക്കാഴ്ച നടത്തും .നാടുനീങ്ങിയ മുൻ മലയരാജാവ് കെ.ബാലനുള്ള സ്മരണാഞ്ജലിയും പുതിയ മലയരാജാവായ ഗോപാലകൃഷ്ണന്റെ സ്ഥാനാരോഹണവും നടക്കും.
തുടർന്ന് വടക്കേ നടയിൽ വെടിക്കെട്ടോടെ 11 ദിവസത്തെ പൂരാഘോഷത്തിന് പരിസമാപ്തിയാവും.