
മലപ്പുറം: സി.എ.എ വിഷയത്തിൽ മുഖ്യമന്ത്രി അടക്കമുള്ളവർ ന്യൂനപക്ഷ സമൂഹത്തെ തെറ്റിദ്ധരിപ്പിച്ച് വോട്ട് ബാങ്ക് രാഷ്ട്രീയത്തിനായി ജനങ്ങളെ ഭിന്നിപ്പിച്ചു കലാപം സൃഷ്ടിക്കുകയാണെന്ന് പൊന്നാനി ലോക്‌സഭാ മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി നിവേദിത സുബ്രഹ്മണ്യൻ പറഞ്ഞു. കേന്ദ്രത്തിൽ വീണ്ടും മോദി സർക്കാർ എത്തുമ്പോൾ പൊന്നാനിയും അതിനൊപ്പം വികസിക്കുന്നതിന് എൻ.ഡി.എ വിജയിക്കേണ്ടത് അനിവാര്യമാണ്. മലപ്പുറം പ്രസ്‌ക്ലബ് സംഘടിപ്പിച്ച 'മീറ്റ് ദി കാൻഡിഡേറ്റ്' പരിപാടിയിൽ സംസാരിക്കുകയായിരുന്ന നിവേദിത.
മോദിയുടെ ഗ്യാരന്റി
വികസനവും വിവേചനവുമില്ലാത്ത ക്ഷേമ പ്രവർത്തനം എന്ന മോദിയുടെ ഗ്യാരന്റിയാണ് പൊന്നാനി ലോക്‌സഭാ മണ്ഡലത്തിന് ഉറപ്പ് നൽകുന്നത്. മെട്രോമാൻ ഇ.ശ്രീധരൻ അടക്കമുള്ളവരുടെ വികസന കാഴ്ചപ്പാടും നിർദ്ദേശവും മുൻനിറുത്തിയുള്ള പ്രകടന പത്രിക ഉടൻ പുറത്തിറക്കും. തിരുനാവായ മുതൽ തൃത്താല വരെ പൈതൃക സാംസ്‌കാരിക ടൂറിസം, ആത്മീയ ടൂറിസം തുടങ്ങിയവ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രത്യേക സർക്യൂട്ട് രൂപീകരിക്കും. സമസ്ത കലകളേയും പ്രോത്സാഹിപ്പിക്കാനുള്ള സംവിധാനമൊരുക്കും. പ്രധാന തീർത്ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് ടൂറിസം രംഗത്ത് മുന്നേറ്റം സൃഷ്ടിക്കാനാവും.
കേന്ദ്രത്തിന്റെ ഉറപ്പ്
മുസ്ലീങ്ങൾ അടക്കം ഇന്ത്യയിലെ ഒരാൾക്കും പൗരത്വം നഷ്ടമാകില്ലെന്ന് കേന്ദ്രസർക്കാർ ഉറപ്പു നൽകിയിട്ടുണ്ട്. വോട്ടർമാരെ ഇനിയും തെറ്റിദ്ധരിപ്പിക്കാനാവില്ല. ബി.ജെ.പിയുടെ പ്രവർത്തനങ്ങളെല്ലാം സുതാര്യമാണ്. ഇലക്റ്ററൽ ബോണ്ട് അടക്കമുള്ള കാര്യങ്ങളിലെല്ലാം ഇക്കാര്യം ജനങ്ങൾക്ക് ബോദ്ധ്യപ്പെട്ടിട്ടുണ്ട്. സി.എ.എ ഒരിക്കലും ഒരാളുടെ പൗരത്വവും നിഷേധിക്കുകയല്ല ചെയ്യുന്നത്. സി.എ.എ എന്താണെന്ന് വ്യക്തമായിട്ടും തെറ്റായ പ്രചാരണങ്ങളാണ് പലരും അഴിച്ചുവിടുന്നത്. ഒരു പൗരനേയും വിവേചനത്തിന്റെ കണ്ണോടെ നരേന്ദ്രമോദി സർക്കാർ സ്വീകരിച്ചിട്ടില്ല.
സ്ത്രീകൾക്ക് മുൻഗണന
കേരളത്തിലെ വനിതകൾക്കായി അഞ്ച് സീറ്റുകളാണ് എൻ.ഡി.എ ഇത്തവണ മാറ്റിവച്ചത്. സ്ത്രീ ശാക്തീകരണം വെറും വാക്കിലല്ല മറിച്ച് പ്രവൃത്തിയിലാണെന്ന് മോദി കാണിച്ചുതന്നു. യഥാർത്ഥ സ്ത്രീശാക്തീകരണം പ്രാവർത്തികമാക്കിയത് എൻ.ഡി.എ മുന്നണിയാണ്. മുത്തലാക്ക് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ മോദി സർക്കാർ സ്വീകരിച്ച സ്ത്രീപക്ഷ നിലപാടുകളും ഇക്കുറി വോട്ടായി മാറും.
പരാജയഭീതിയിൽ സി.പി.എമ്മും കോൺഗ്രസും
സി.പി.എമ്മും കോൺഗ്രസും പരാജയം ഉറപ്പിച്ചത് കൊണ്ടാണ് വികസനം ചർച്ചചെയ്യാതെ വിവാദം സൃഷ്ടിക്കാൻ ശ്രമിക്കുന്നത്. പൊന്നാനിയിലെയും മലപ്പുറത്തെയും ലീഗ് സ്ഥാനാർത്ഥികൾ പരസ്പരം സീറ്റ് വച്ച് മാറിയത് സി.പി.എം - ലീഗ് കൂട്ടുകെട്ടിന്റെ വ്യക്തമായ ഉദാഹരണമാണ്.
ജയം ലക്ഷ്യം
മണ്ഡലത്തിൽ വോട്ട് വർദ്ധിപ്പിക്കാനല്ല, ജയിക്കാൻ വേണ്ടിയാണ് മത്സരിക്കുന്നത്. ജനങ്ങളുടെ വിധിയെഴുത്ത് ജൂൺ നാലിന് കാണാം.