മലപ്പുറം: മലപ്പുറം ലോക്‌സഭാ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി വി. വസീഫിന് 23,08,933 രൂപയുടേയും ഭാര്യയ്ക്ക് 94,45,060 രൂപയുടേയും ആസ്തിയുണ്ട്. നാമനിർദ്ദേശ പത്രികയ്ക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലം പ്രകാരമാണിത്. വസീഫിന്റെ കൈവശം 5,000 രൂപയുണ്ട്. വിവിധ ബാങ്കുകളിലും ധനകാര്യ സ്ഥാപനങ്ങളിലുമായി 12,53,658 രൂപയുടെ നിക്ഷേപവുമുണ്ട്. ഷെയർ, ബോണ്ട് ഇനങ്ങളിൽ 5,275 രൂപയും. 10 ലക്ഷത്തിന്റെ എൽ.ഐ.സി. ഇൻഷ്വറൻസ് പോളിസിയും 45,000 രൂപ വിലയുള്ള സ്‌കൂട്ടറുമുണ്ട്.

ഭാര്യയ്ക്ക് 74,58,000 രൂപയുടെ സ്ഥാവര സ്വത്തുക്കളുണ്ട്. 40,00,000 രൂപ വിലയുള്ള താമസ കെട്ടിടവും 28,20,740 രൂപയുടെ കൃഷിയേതര ഭൂമിയും 6,37,260 രൂപയുടെ കൃഷിഭൂമിയും അടക്കമാണിത്. കൂടാതെ 9,87,060 രൂപ വിലയുള്ള 344 ഗ്രാം സ്വർണവുമുണ്ട്. കൈവശമുള്ളത് 3,000 രൂപയാണ്. ബാങ്കിൽ 2,590 രൂപയും ഷെയറായി 250 രൂപയുമുണ്ട്. 3,220 രൂപയുടെ എസ്.ബി.ഐ ലൈഫ് ഇൻഷ്വറൻസും ഭാര്യയുടെ പേരിലുണ്ട്.

അബ്ദുൽ സലാം കോടിപതി
മലപ്പുറം: മലപ്പുറം ലോക്‌സഭ മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി ഡോ.എം.അബ്ദുൽ സലാമിന് ഉള്ളത് 5,05,74,368 രൂപയുടെ സ്വത്തുവകകൾ. നാമനിർദ്ദേശ പത്രികയ്ക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഈ വിവരങ്ങളുള്ളത്. ഭാര്യക്ക് 2,46,19,432 രൂപയും മകൾക്ക് 1,31,05,405 രൂപയും സ്വത്ത് വകകളിലായുണ്ട്. 20,000 രൂപയാണ് അബ്ദുൽ സലാമിന്റെ കൈവശം പണമായുള്ളത്. 43 ബാങ്ക് അക്കൗണ്ടുകളിലും മ്യൂച്ചൽ ഫണ്ട്, മിഡ്കാപ് ഫണ്ട്, ടാക്സ് സേവർ ഫണ്ട്, അലോക്കേഷൻ ഫണ്ട്, മൾട്ടികാപ്പ് ഫണ്ട് തുടങ്ങിയ 27 മ്യൂച്ചൽ ഫണ്ടുകളിലുമായി അക്കൗണ്ടുകളിലായി 3,15,64,368 രൂപയാണ് നിക്ഷേപം. ഭാര്യയ്ക്ക് 19 ബാങ്ക് അക്കൗണ്ടുകളിലും 15 മ്യൂച്ചൽ ഫണ്ടുകളിലും സ്വർണാഭരണങ്ങളുമായും 1,24,69,432 രൂപയുമുണ്ട്. മകൾക്ക് എട്ട് ബാങ്ക് അക്കൗണ്ടുകളിലും 16 മ്യൂച്ചൽ ഫണ്ടുകളിലുമായി 1,14,05,405 രൂപയുമുണ്ട്. ഭൂമി, കെട്ടിടം എന്നിങ്ങനെയായി അബ്ദുൽ സലാമിന് 1,90,10,000 രൂപയും ഭാര്യയ്ക്ക് 1,84,50,000 രൂപയും മകൾക്ക് 17,00,000 രൂപയുടെയും ആസ്തിയുണ്ട്.