d

തീവണ്ടിപ്പാളം പോൽ നീണ്ട പന്ത്രണ്ടുവർഷത്തെ കാത്തിരിപ്പിന്റെ കഥപറയുന്ന കഞ്ചിക്കോട് കോച്ച് ഫാക്ടറിയിൽ ഇനി പാലക്കാടിന് പ്രതീക്ഷയൊട്ടുമില്ല. തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കിടയിലെ കേവലം വെറുംവാക്കുകൾക്ക് അപ്പുറം തിരക്കില്ലാതെ യാത്രചെയ്യാനുള്ള വണ്ടികളാണ് പാലക്കാട്ടെ ജനത ആഗ്രഹിക്കുന്ന റെയിൽവേ വികസനം. രാജ്യം വീണ്ടുമൊരു തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാനിരിക്കെ പാലക്കാട്ടെ റെയിൽവേ വികസനത്തിലേക്കൊരു യാത്ര അനിവാര്യമാണ്.

നിന്നുതിരിയാൻ ഇടമില്ലാത്ത കോച്ചുകളും റിസർവേഷൻ ചെയ്താൽ പോലും യാത്രക്കാർക്ക് സ്വസ്ഥമായി യാത്രചെയ്യാൻ കഴിയാത്ത തീവണ്ടികളും ഏറെയുള്ള പാലക്കാട് ഡിവിഷനിൽ കൂടുതൽ വണ്ടികളും കോച്ചുകളും അനുവദിക്കണമെന്നതാണ് ആവശ്യം. ഇതിൽ മാത്രം ഒതുങ്ങുന്നതല്ല ആവശ്യങ്ങളുടെ നീണ്ട ലിസ്റ്റ്. ഏറെ പ്രതീക്ഷനൽകുന്ന പാലക്കാട് പിറ്റ് ലൈൻ പദ്ധതിയുടെ ജോലികളും വാളയാറിനും എട്ടിമടയ്ക്കും ഇടയിൽ ആനകൾക്കുള്ള അടിപ്പാത നിർമ്മാണവും എത്രയും വേഗം പൂർത്തിയാക്കണം.

ഷൊർണൂർ പാത ഇരട്ടിപ്പിക്കലും കാലങ്ങളായി കൊണ്ടുനടക്കുന്ന പ്രതീക്ഷയാണ്. പിറ്റ് ലൈനിന് വേഗം വേണം, പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കാൻ ജനറൽ മാനേജർ തലത്തിൽ ഇടപെടലുണ്ടാവേണ്ടത് അനിവാര്യമാണ്. അതോടൊപ്പം പാലക്കാട് ജംഗ്ഷൻ, ടൗൺ റെയിൽവേ സ്റ്റേഷനുകളുടെ അടിസ്ഥാന സൗകര്യങ്ങളും വർദ്ധിപ്പിക്കണമെന്നും യാത്രക്കാർ ആവശ്യപ്പെടുന്നു.

വേണം പകൽ

വണ്ടികൾ

പാലക്കാട് നിന്ന് തൃശൂർ, കോഴിക്കോട് ഭാഗങ്ങളിലേക്കും തിരിച്ച് കോയമ്പത്തൂർ ഭാഗത്തേക്കും കൂടുതൽ പാസഞ്ചർ വണ്ടികൾ അനിവാര്യമാണ്. ഷൊർണൂർ, കണ്ണൂർ, മംഗലാപുരം ഭാഗത്തേക്കും എറണാകുളം - തിരുവനന്തപുരം ഭാഗത്തേക്കുമുള്ള യാത്രക്കാർക്ക് പ്രയോജനപ്പെടുന്ന തരത്തിലാകണം തീവണ്ടികൾ ഓടേണ്ടത്.

വെയിൽ കായുന്ന

പൊള്ളാച്ചിപ്പാത

മീറ്റർഗേജിൽ നിന്ന് ബ്രോഡ്‌ഗേജാക്കും മുമ്പ് പാലക്കാട്‌ - പൊള്ളാച്ചി പാതയ്ക്കായി റെയിൽവേ നിരത്തിയ വാഗ്ദാനങ്ങൾ കേട്ടാൽ പാതയിലിപ്പോൾ വണ്ടികൾക്ക് ഓടാൻ പോലും സാധിക്കാത്തവിധം തിരക്കാവേണ്ടതാണ്.

എന്നാൽ, പഴയപാത പൊളിച്ചടുക്കി പുതിയത് നിർമ്മിച്ചപ്പോൾ മുമ്പ് ഓടിയിരുന്ന വണ്ടികൾപോലും തിരിച്ചുകൊണ്ടുവരാൻ റെയിൽവേ തയ്യാറായിട്ടില്ല. അമൃത എക്സപ്രസിന് കൊല്ലങ്കോട് മാത്രമാണ് സ്റ്റോപ്പ്. ചെന്നൈ എക്സ്പ്രസാവട്ടെ പാലക്കാട് വിട്ടാൽ നിറുത്തുന്നത് പൊള്ളാച്ചിയിൽ മാത്രമാണ്. പാലക്കാട് നിന്ന് പൊള്ളാച്ചി റൂട്ടിൽ മെമു തുടങ്ങാനുള്ള പദ്ധതിയെങ്കിലും യാഥാർത്ഥ്യമാക്കണം.

ആനത്താര

പൂർത്തിയാക്കണം

വാളയാറിനും എട്ടിമട സ്റ്റേഷനുകൾക്കും ഇടയിൽ റെയിൽവേ ട്രാക്കുകൾക്കു താഴെ 18 മീറ്റർ വീതിയിൽ ആനത്താര നിർമ്മിക്കുന്ന ജോലികൾ പുരോഗമിക്കുകയാണ്. ഡിവിഷണൽ റെയിൽവേ മാനേജർ അരുൺകുമാർ ചതുർവേദി ആഴ്ചകൾക്ക് മുമ്പ് ഇവിടെ പരിശോധിച്ചിരുന്നു. രണ്ട് അടിപ്പാതകളാണ് നിർമ്മിക്കുന്നത്. ഇതിൽ രണ്ടാമത്തെ അടിപ്പാത 506 എയുടെ നിർമ്മാണമാണ് നിലവിൽ നടന്നുവരുന്നത്. ഇത് വേഗത്തിൽ പൂർത്തിയാക്കണം. പദ്ധതി യാഥാർത്ഥ്യമായൽ ആനകൾ ട്രെയിൻ തട്ടിമരിക്കുന്ന സംഭവങ്ങൾ ഒഴിവാക്കാൻ സാധിക്കും. മാത്രമല്ല ട്രെയിനിന്റെ വേഗത 80 കിലോമീറ്ററായി പുനർ നിശ്ചയിക്കാനുമാകും. നിലവിൽ വാളയാർ - കഞ്ചിക്കോട് - എട്ടിമട മേഖലകളിൽ ട്രെയിനിന്റെ വേഗത മണിക്കൂറിൽ 50 കിലോ മീറ്റർ എന്ന നിലയിലാണ്.

പിറ്റ് ലൈനിന്

വേഗം കുറയരുത്

പാലക്കാട് ടൗൺ റെയിൽവേ സ്റ്റേഷനിലെ പിറ്റ്‌ലൈൻ നിർമ്മാണത്തിന് മണ്ണ് എത്തിക്കുന്നതിലെ തടസം പദ്ധതിക്ക് പ്രതിസന്ധിയായിട്ടുണ്ട്. മണ്ണു കടത്തുമ്പോൾ മരുതറോഡ് ഭാഗത്തെ റോഡിനുണ്ടായ തകർച്ച പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നമാണ് കാരണം. നേരത്തേ, മണ്ണു കടത്താൻ ഫീസ് ഈടാക്കാനുള്ള ജിയോളജി വകുപ്പിന്റെ നടപടിയെ തുടർന്ന് നിർമ്മാണം നീണ്ടപ്പോൾ കലക്ടർ ഇടപെട്ടു പരിഹരിച്ചു. നിർമ്മാണം ആരംഭിച്ച് രണ്ടാഴ്ച പിന്നിട്ടപ്പോഴാണു വീണ്ടും പ്രതിസന്ധിയുണ്ടായത്. മരുതറോഡ് പഞ്ചായത്തിൽ കൊട്ടേക്കാടുള്ള റെയിൽവേയുടെ സ്ഥലത്തുനിന്നു കരാറുകാരൻ ട്രക്കറിലാണു മണ്ണ് എത്തിക്കുന്നത്.

ഭാരമുള്ള വാഹനം നിരന്തരം പോകുന്നതോടെ റോഡ് താറുമാറായി. പഞ്ചായത്ത് അറിയിച്ചതിനെ തുടർന്ന് റെയിൽവേ കരാറുകാരനും ഉദ്യോഗസ്ഥരും വിഷയം ചർച്ചചെയ്തു, തീരുമാനമാകുന്നതുവരെ കടത്ത് തടഞ്ഞു. റോഡ് അറ്റകുറ്റപ്പണി ചെയ്യാമെന്നു പഞ്ചായത്തിനെ ബന്ധപ്പെട്ടവർ അറിയിച്ചു. ചർച്ചയിൽ റോഡ് റീ ടാർ ചെയ്യാമെന്നും ധാരണയായി. ഇതേക്കുറിച്ചു പഞ്ചായത്തിലെ ഒരു പ്രധാന കരാറുകാരനും പിറ്റ്‌ലൈൻ നിർമാണം നടത്തുന്ന കരാറുകാരനും രേഖാമൂലം ധാരണയുണ്ടാക്കാൻ തീരുമാനിച്ചെങ്കിലും പിന്നീട് പഞ്ചായത്തിന്റെ അറിയിപ്പൊന്നും ഉണ്ടായില്ലെന്നു റെയിൽവേ പറയുന്നു.

പദ്ധതിക്ക് ഏകദേശം 40,000 ഘനമീറ്റർ മണ്ണു വേണം. മരുതറോഡ് കഴിഞ്ഞാൽ മലമ്പുഴയിലെ സ്ഥലത്തുനിന്നാണ് മണ്ണെടുക്കുക.

കോയമ്പത്തൂർ - മേട്ടുപാളയം

മെമ്മു തൃശൂരിലേക്ക് നീട്ടണം

തൃശൂരിൽനിന്നും രാവിലെ കോയമ്പത്തൂരിലേക്കും വൈകിട്ട് തിരിച്ചും മെമു വേണമെന്ന ആവശ്യം ഉയരുന്നു. വ്യാവസായിക നഗരമായ കോയമ്പത്തൂരിലേക്കും തിരികെയും പാസഞ്ചർ ട്രെയിനില്ല. എക്സ്പ്രസ് ട്രെയിനുകളെയാണ് ഇപ്പോൾ ആശ്രയിക്കുന്നത്. രാത്രി 12.15നുള്ള എറണാകുളം - കാരക്കൽ എക്സ്പ്രസ് കഴിഞ്ഞാൽ രാവിലെ 8.50ന് എത്തുന്ന ആലപ്പുഴ - ധൻബാദ് എക്സ്പ്രസ് മാത്രമാണ് തൃശൂരിൽ നിന്ന് ദിവസേനയുള്ള ട്രെയിൻ.

നിലവിൽ യാത്രക്കാർ ഷൊർണൂർ എത്തിയാണ് കോയമ്പത്തൂരിലെത്തുന്നത്. വൈകിട്ടും കോയമ്പത്തൂരിൽ നിന്നും തൃശൂരിലേക്ക് ട്രെയിനുകളില്ല. രാവിലെ 8.20ന് ഷൊർണൂരിൽ നിന്ന് പുറപ്പെടുന്ന പാസഞ്ചർ ട്രെയിൻ കോയമ്പത്തൂർ എത്തുന്നത് 11 മണിക്കാണ്. തൃശൂരിലെ യാത്രക്കാരിൽ പലരും രാവിലെ 6.45നും 7.16നും ഉള്ള ട്രെയിനിൽ ഷൊർണൂരിലെത്തിയാണ് കോയമ്പത്തൂരിലേക്ക് വരുന്നത്.

7.16നുള്ള എറണാകുളംകണ്ണൂർ എക്സ് പ്രസ് 8.20നുള്ളിൽ ഷൊർണൂർ എത്തിയില്ലെങ്കിൽ കോയമ്പത്തൂരിലേക്കുള്ള ട്രെയിൻ കിട്ടില്ല. വൈകിട്ടും ഇതിന് സമാനമാണ് സ്ഥതി. തൃശൂരിനും കോയമ്പത്തൂരിനുമിടയിൽ ഇരുദിശകളിലും രാവിലെയും വൈകിട്ടും ഓരോ മെമു എന്നതും തൃശൂരിനും ഗുരുവായൂരിനുമിടയിൽ മെമു ഷട്ടിൽ സർവീസ് വേണമെന്ന ആവശ്യവും പുതിയ ഒരു മെമു അനുവദിച്ചാൽ നടപ്പാക്കാൻ കഴിയും. ഇതിനായി കോയമ്പത്തൂർ - മേട്ടുപാളയം റൂട്ടിൽ സർവീസ് നടത്തുന്ന മെമ്മു തൃശൂരിലേക്ക് നീട്ടിയാൻ മതിയാകും.

ഷൊർണൂർ യാഡിലെ

പ്രശ്നങ്ങൾക്ക് പരിഹാരം

തിരുവനന്തപുരം - മംഗളൂരു പാതയിലെ കുപ്പിക്കഴുത്തായ ഷൊർണൂർ യാഡിലെ പ്രശ്നങ്ങൾക്ക് പരിഹാരമാകുന്നു. വള്ളത്തോൾ നഗറിൽ നിന്ന് ഷൊർണൂരിലേക്കു പുതിയ ഇരട്ടപ്പാതയും ഭാരതപ്പുഴയിൽ പുതിയ പാലവും നിർമ്മിക്കാനായി 367.39 കോടിയുടെ പദ്ധതിക്ക് റെയിൽവേ മന്ത്രാലയം അംഗീകാരം നൽകിയിട്ടുണ്ട്.

ഷൊർണൂർ യാഡിൽനിന്നു പാലക്കാട്, തൃശൂർ ഭാഗത്തേക്കുള്ള ഒരു കിലോമീറ്റർ ഒറ്റവരി പാതകൾ ഇരട്ടിപ്പിക്കണമെന്നത് കേരളത്തിന്റെ ഏറെക്കാലമായുള്ള ആവശ്യമായിരുന്നു. പദ്ധതി നടപ്പാകുന്നതോടെ ട്രെയിനുകൾ വള്ളത്തോൾ നഗറിലും ഷൊർണൂരിലും പിടിച്ചിടുന്നത് ഒഴിവാകും.

ദക്ഷിണ റെയിൽവേ 2 വർഷം മുമ്പ് സമർപ്പിച്ച പദ്ധതിക്കാണ് വൈകിയാണെങ്കിലും അനുമതി ലഭിച്ചത്. ഷൊർണൂർ യാഡ് റീമോഡലിംഗും ഇതിന്റെ ഭാഗമായി നടക്കും. ഭൂമിയേറ്റെടുക്കാൻ ഒരു വർഷവും നിർമ്മാണത്തിന് 2 വർഷവും വേണ്ടി വരും. 2027 ഫെബ്രുവരിയിൽ പദ്ധതി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.