
പാലക്കാട്: പറമ്പിക്കുളം അണക്കെട്ടിലെ പുതിയ ഷട്ടറുകളുടെ നിർമ്മാണം കോയമ്പത്തൂരിൽ പുരോഗമിക്കുന്നു. പഴയ ഷട്ടറുകൾ മാറ്റി 24.15 കോടി ചെലവിട്ട് പുതിയ ഷട്ടറുകൾ മേയ് 31ന് മുമ്പായി സ്ഥാപിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
വൈദ്യുതിയിൽ പ്രവർത്തിപ്പിക്കാൻ കഴിയുന്ന ഇലക്ട്രോ മാഗ്നറ്റിക് സ്റ്റോപ്പറും ഡയൽ ഗേജ് സംവിധാനവുമുള്ള ഷട്ടറുകളാണ് സ്ഥാപിക്കുക. 50 വർഷത്തേക്ക് സുരക്ഷ ഉറപ്പിക്കും വിധമാണ് ഷട്ടറുകളുടെ നിർമ്മാണം.
പറമ്പിക്കുളം അണക്കെട്ടിലെ 1, 3 സ്പിൽവേ ഷട്ടറുകൾ നീക്കം ചെയ്യുന്ന ജോലികളും പുരോഗമിക്കുന്നുണ്ട്. ആദ്യം മൂന്നാം ഷട്ടറാണ് നീക്കി തുടങ്ങിയത്. തമിഴ്നാട്ടിലെ 50 വർഷത്തിലേറെ പഴക്കമുള്ള 8 അണക്കെട്ടുകളുടെ നവീകരണ പ്രവൃത്തികൾക്കായി ജലവിഭവ വകുപ്പ് 50.82 കോടി അനുവദിച്ചതിനൊപ്പം പറമ്പിക്കുളം അണക്കെട്ടിലെ ഷട്ടറുകൾ മാറ്റി സ്ഥാപിക്കാനും ജനുവരിയിൽ പണം അനുവദിച്ചിരുന്നു. പറമ്പിക്കുളം ടണൽ എൻട്രി ഷട്ടറുകളുടെ നവീകരണ പ്രവൃത്തികളും സ്പിൽവേ ഷട്ടറുകൾ മാറ്റുന്നതിനൊപ്പം നടത്തുന്നുണ്ട്.
അപ്രതീക്ഷിതമായുണ്ടായ ഷട്ടർ തകർച്ചയും തുടർന്നു സംഭവിച്ച ജലനഷ്ടവും കണക്കിലെടുത്താണു തമിഴ്നാട് ജലവിഭവ വകുപ്പ് കാലപ്പഴക്കം നേരിടുന്ന മറ്റു ഷട്ടറുകൾ മാറ്റാൻ തീരുമാനിച്ചത്. പുതിയ ഷട്ടറുകൾ സ്ഥാപിച്ചാൽ അടുത്ത കാലവർഷത്തിൽ മഴവെള്ളം സംഭരിക്കാനുള്ള പ്രവൃത്തികൾ നടത്തും.
2022 സെപ്റ്റംബർ 21ന് പുലർച്ചെയാണ് പറമ്പിക്കുളം അണക്കെട്ടിലെ മൂന്നു സ്പിൽവേ ഷട്ടറുകളിൽ നടുവിലെ ഷട്ടർ തകർന്നത്. ഷട്ടർ ഉയർത്താൻ ഉപയോഗിക്കുന്ന ചങ്ങല കാലപ്പഴക്കം മൂലം പൊട്ടിയതാണു കാരണം.
ഷട്ടർ തകർന്നതോടെ പറമ്പിക്കുളം അണക്കെട്ടിലെ 6 ടി.എം.സി വെള്ളം ചാലക്കുടി പുഴയിലേക്ക് ഒഴുക്കിക്കളയേണ്ടി വന്നു. പിന്നീട് 7.2 കോടി ചെലവിട്ട് തകർന്ന ഷട്ടർ മാറ്റി പുതിയത് സ്ഥാപിച്ചു. തിരുച്ചിയിലെ കമ്പനിക്കായിരുന്നു ചുമതല.