
ചെർപ്പുളശേരി: കെട്ടിട നിർമ്മാണ ക്ഷേമനിധി സെസ് ഇനി തദ്ദേശ സ്ഥാപനം പിരിച്ചെടുക്കും. പത്ത് ലക്ഷത്തിന് മുകളിലുളള ഗാർഹിക കെട്ടിടങ്ങൾക്കും മറ്റ് കെട്ടിടങ്ങൾക്കുമാണ് നിർമ്മാണ ചിലവിന്റെ ഒരു ശതമാനം സെസായി നൽകേണ്ടത്. ഇതുകാരണം ചുരുങ്ങിയത് 10,000 രൂപ ഒറ്റതവണയായി അക്കേണ്ടി വരും. മുൻകാലങ്ങളിൽ വീട് നിർമ്മാണം കഴിഞ്ഞ് വർഷങ്ങൾക്ക് ശേഷമായിരുന്നു ലേബർ സെസ് പിരിക്കുന്ന നടപടി റവന്യൂ വകുപ്പ് സർക്കാർ തലത്തിൽ ചെയ്തിരുന്നത്. ഇത് ജനങ്ങൾക്ക് ആശ്വാസമായിരുന്നു. പുതുതായി വന്നിട്ടുള്ള ലേബർ വെൽഫെയർ സെസ് കെട്ടിടങ്ങളുടെ പണി പൂർത്തിയായി കെട്ടിട നമ്പർ അനുവദിക്കുന്നതിനോടൊപ്പം തന്നെ പിരിച്ചെടുക്കണമെന്നാണ് സർക്കാറിന്റെ ഉത്തരവ്. കെട്ടിട നിർമ്മാണത്തിനുളള പെർമിറ്റ് ഫീസ് അടുത്തിടെയാണ് വർദ്ധിപ്പിച്ചത്. പുതിയ വീട് നിർമ്മിക്കുന്നവരെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നതാണ് പുതിയ ഉത്തരവ്. 14.02.2024 ഇറങ്ങിയതാണ് ഉത്തരവ്. 16.01.2024 മുതലാണ് നടപ്പിലാക്കേണ്ടത്. മുൻകാലങ്ങളിൽ സ്വീകരിച്ചിരുന്ന രീതി ജനങ്ങൾക്ക് ആശ്വാസകരമായിരുന്നു. ഫീസടക്കാൻ കൂടൂതൽ സമയം ലഭിക്കുന്നത് കട ബാദ്ധ്യത കുറച്ചിരുന്നു. പഴയ രീതിയിലേക്ക് തന്നെ സർക്കാർ മടങ്ങി പോവണം എന്നുള്ളതാണ് ഈ വിഷയത്തിൽ ലെൻസ്‌ഫെഡ് (ലൈസൻസ്ഡ് എൻജിനീയേഴ്സ് ആൻഡ് സൂപ്പർവൈസേഴ്സ് ഫെഡറേഷൻ) ന്റെ നിലപാട്.