wild-boar

പാലക്കാട്: നാലുവർഷത്തിനിടെ ജില്ലയിലാകെ 2,736 കാട്ടുപന്നികളെ കൊന്നതായി വനംവകുപ്പിന്റെ കണക്ക്. കാട്ടുപന്നികളെ ഉപാധികളോടെ വെടിവച്ച് കൊല്ലാനുള്ള അനുമതി ലഭിച്ച 2020 മേയ് മുതലുള്ള കണക്കാണിത്. ആദ്യ ഒരു വർഷം 196 കാട്ടുപന്നികളെ മാത്രമാണ് കൊല്ലാനായത്. പിന്നീട് വെടിവെച്ച് കൊല്ലാനുള്ള മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയതോടെ 2022ൽ 9,85 പന്നികളെയും കഴിഞ്ഞ വർഷം 1,555 എണ്ണത്തെയും കൊന്നു.

പട്ടാമ്പി നഗരസഭ പരിധിയിൽ 250 കാട്ടുപന്നികളെയും ഒറ്റപ്പാലത്ത് 175 എണ്ണത്തിനെയും കൊന്നതായാണ് കണക്ക്. എന്നാൽ കാട്ടുപന്നി ശല്യം രൂക്ഷമായ മലമ്പുഴയിലും ധോണിയിലും കാര്യമായ നടപടിയില്ലെന്നും ആക്ഷേപമുണ്ട്. ഇവിടങ്ങളിൽ 50ൽ താഴെ പന്നികളെ മാത്രമാണ് ഇതുവരെയായി കൊന്നത്. നാലു വർഷത്തിനിടെ കാട്ടുപന്നികളുടെ ശല്യം കാരണം ജില്ലയിൽ നെൽകൃഷി ഉൾപ്പെടെ 176 ഏക്കർ നശിച്ചതായും വനം വകുപ്പിന്റെ രേഖകളിലുണ്ട്.

പത്തിരട്ടി വർദ്ധനവ്

കാട്ടുപന്നികളുടെ എണ്ണം സംബന്ധിച്ച് വനംവകുപ്പിന്റെ കൈവശം കൃത്യമായ കണക്കില്ല. മൂന്ന് വർഷത്തിനിടെ പത്തിരട്ടിയിലേറെ വർദ്ധനയുണ്ടായതായി പറയുന്നു. കാട്ടുപന്നികളുടെ എണ്ണം സംബന്ധിച്ച് സർക്കാരിന് റിപ്പോർട്ട് നൽകാൻ വനം പ്രിൻസിപ്പൽ സെക്രട്ടറി 2022ൽ നിർദേശിച്ചിരുന്നെങ്കിലും നടപടിയുണ്ടായില്ല.

69 വില്ലേജ് ഹോട്ട് സ്പോട്ട്

ജില്ലയിൽ കാട്ടുപന്നിശല്യം രൂക്ഷമായ 69 വില്ലേജുകൾ ഹോട്ട് സ്പോട്ടായി കണ്ടെത്തിയിട്ടുണ്ട്. അട്ടപ്പാടി താലൂക്കിലെ എല്ലാ വില്ലേജുകളും പാലക്കാട് താലൂക്കിലെ 16ഉം ഹോട്ട് സ്പോട്ട് പട്ടികയിലുണ്ട്. കൃഷി നശിപ്പിക്കുന്നതിൽ കാട്ടാന കഴിഞ്ഞാൽ രണ്ടാമനാണ് കാട്ടുപന്നി. മയിൽ മൂന്നും കുരങ്ങൻ നാലും സ്ഥാനത്തുണ്ട്. കാട്ടുപന്നികളെ വെടിവയ്ക്കാൻ ആളെ കിട്ടാനില്ലെന്നാണ് ഓണററി വൈൽഡ് ലൈഫ് വാർഡന്മാരുടെ ചുമതല നൽകിയിട്ടുള്ള തദ്ദേശ സെക്രട്ടറിമാർ പറയുന്നത്. പ്രതിഫലം കുറവായതിനാലാണിത്.

തോക്ക് ലൈസൻസും വനംവകുപ്പിന്റെ പരിശീലനം ലഭിച്ചവർക്കും പന്നിയെ വെടിവയ്ക്കാം. 1,000 രൂപയാണ് പ്രതിഫലമായി ലഭിക്കുക. വെടിവയ്ക്കാൻ പോകുമ്പോൾ പന്നി ഒരു സ്ഥലത്ത് നിന്നും മറ്റ് സ്ഥലങ്ങളിലേക്ക് മാറിക്കൊണ്ടിരിക്കും. ഇതിനായി പല ദിവസം കുറെ ദൂരം യാത്ര ചെയ്യേണ്ടി വരുമെന്നാണ് തോക്ക് ലൈസൻസുള്ളവർ പറയുന്നത്.