മണ്ണാർക്കാട്: വകുപ്പുകൾ തമ്മിൽ ഏറ്റുമുട്ടൽ തുടരുമ്പോൾ കനത്ത വേനൽക്കാലത്തെ കുടിവെള്ളം പാഴാകൽ പത്താം ദിവസത്തിലേക്ക്. പെരിമ്പടാരി- പോത്തോഴിക്കാവ് റോഡിലാണ് ദിവസമായി കുടിവെള്ള പൈപ്പുപൊട്ടി ലിറ്റർ കണക്കിന് ജലം നഷ്ടമാകുന്നത്. സംഭവം ശ്രദ്ധയിൽപ്പെട്ട വാട്ടർ അതോറിറ്റി അധികൃതർ സ്ഥലത്തെത്തി റോഡ് കീറാൻ തുടങ്ങിയത് ശ്രദ്ധയിൽപ്പെട്ടതും റോഡിന്റെ ചുമതലയുള്ള പൊതുമരാമത്ത് വകുപ്പ് അധികൃതർ തടഞ്ഞു.
അനുമതി തേടാതെ റോഡ് കീറാൻ തുടങ്ങിയതാണ് പൊതുമരാമത്തിനെ പ്രകോപിപ്പിച്ചത്. മാത്രമല്ല പൊളിച്ച റോഡ് പൂർവ സ്ഥിതിയിലാക്കാൻ ചെലവാകുന്ന 30,000 രൂപ കെട്ടിവെച്ചാൽ മാത്രമേ റോഡ് കീറാൻ അനുവദിക്കൂവെന്നും പൊതുമരാമത്ത് വകുപ്പ് നിലപാടെടുത്തു. അനുവാദം വാങ്ങാതെ റോഡിന്റെ കുറച്ച് ഭാഗം കീറിയതിനെതിരെ പൊലീസിൽ പരാതിയും നൽകി.
ഒരു വീട്ടിലേക്കുള്ള പൈപ്പാണ് പൊട്ടിയത് എന്നതിനാൽ വെട്ടിപ്പൊളിക്കുന്ന റോഡ് നന്നാക്കേണ്ട ചെലവ് ഉപഭോക്താവാണ് വഹിക്കേണ്ടതെന്നാണ് വാട്ടർ അതോറിറ്റി നിലപാട്. എന്നാൽ, ഇത്രയും വലിയ തുക വഹിക്കാൻ ഉപഭോക്താവ് തയ്യാറല്ല. അതിനാൽ വിഷയത്തിന്റെ പരിഹാര നടപടിക്കുള്ള അനുമതിക്കായി വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥർക്ക് അപേക്ഷ നൽകിയിട്ടുണ്ട്. ഇതിൽ മറുപടി ലഭിച്ചാൽ ഉടനെ വേണ്ട നടപടി കൈക്കൊള്ളുമെന്നും വാട്ടർ അതോറിറ്റി പറയുന്നു.
ഇരുവിഭാഗവും തമ്മിൽ സാങ്കേതിക കാരണം പറഞ്ഞ് തമ്മിലടിക്കുമ്പോൾ ദിവസവും ലക്ഷക്കണക്കിന് ലിറ്റർ കുടിവെള്ളമാണ് നഷ്ടമാകുന്നത്. പ്രശ്നപരിഹാരം എന്നുണ്ടാകുമെന്നതിൽ ഇപ്പോഴും വ്യക്തതയില്ല.