
വടക്കഞ്ചേരി: പാടങ്ങൾ കൊയ്‌തൊഴിഞ്ഞതോടെ വേല, പൂര, കുമ്മാട്ടി ഉത്സവങ്ങൾക്ക് മേഖലയിൽ ഒരുക്കം തകൃതി. കഴിഞ്ഞ വർഷം ഫെബ്രുവരിയിലും മാർച്ചിലും നടത്തിയ ഉത്സവങ്ങൾക്ക് കൊയ്ത്ത് വൈകിയത് പ്രശ്നമായിരുന്നു.
ഇത്തവണ മേഖലയിൽ കൊയ്ത്ത് നേരത്തേ ആരംഭിച്ചു. കാലവർഷം താമസിച്ചതും കനാൽ വെള്ളം കിട്ടാൻ വൈകിയതും മൂലം കൃഷിയിറക്കാൻ വൈകിയതിനാലാണ് കഴിഞ്ഞ വർഷം കൊയ്ത്ത് നേരത്തേ തുടങ്ങാനാകാതെ വന്നത്. ഇത്തവണ ഉത്സവക്കണ്ടങ്ങൾക്ക് ഈ പ്രശ്നമൊന്നുമില്ല.
കൊയ്ത്തിന് പാകമാകാൻ രണ്ടോ മൂന്നോ ആഴ്ച കൂടി സമയമാകുമായിരുന്ന നെൽപ്പാടങ്ങൾ ഉത്സവ കമ്മിറ്റികൾ മുൻകൈയെടുത്ത് കൊയ്ത്ത് നടത്തിയാണ് കഴിഞ്ഞ വർഷം ഒരുക്കമാരംഭിച്ചത്. വെടിക്കെട്ടിനും എഴുന്നള്ളത്ത് നിരക്കാനുമുള്ള പാടങ്ങളിൽ അന്ന് ജലാംശം നിലനിന്നതും പ്രശ്നമായി. വെടിക്കെട്ട് സാമഗ്രികൾ പാടത്തേക്ക് എത്തിക്കാനുള്ള വാഹനങ്ങൾ ചെളിയിൽ താഴുന്ന സാഹചര്യമായിരുന്നു. വെടിക്കോപ്പുകൾ തലച്ചുമടായി എത്തിക്കേണ്ടി വന്നു.
വെടിക്കെട്ടിന് പാടത്ത് കുഴിയെടുത്ത് സാമഗ്രികൾ സ്ഥാപിക്കുന്നതിനും തടസം നേരിട്ടിരുന്നു. കുഴിയെടുക്കുമ്പോൾ ജലാംശം ഉണ്ടായിരുന്നതിനാൽ പ്ലാസ്റ്റിക് കവചം കൂടി വെച്ചാണ് ഇവ സ്ഥാപിക്കാനായത്. ഇതുമൂലം ചെലവിനൊപ്പം അപകട സാദ്ധ്യതയും കൂടുതലായിരുന്നുവെന്ന് വിവിധ കമ്മിറ്റിക്കാർ പറഞ്ഞു.
ഉത്സവ തിരക്കിൽ വാഹനങ്ങൾ പാർക്ക് ചെയ്യാനും നെൽപ്പാടങ്ങളാണ് ഉപയോഗിക്കുക. ജലാംശമുള്ള നെൽപ്പാടങ്ങളിൽ വണ്ടികൾ താഴ്ന്നുപോകുന്നതിനാൽ ഇറക്കാൻ കഴിയുമായിരുന്നില്ല. വേലക്കണ്ടത്തിന് സമീപം കൊയ്ത്ത് കഴിയാത്ത നെൽപ്പാടങ്ങളിൽ വണ്ടികൾ ഇറക്കാനും കഴിഞ്ഞില്ല.
എഴുന്നള്ളത്തും വെടിക്കെട്ടും കഴിഞ്ഞ പാടങ്ങൾ ജെ.സി.ബിയും ട്രാക്ടറും ഉപയോഗിച്ച് നിരപ്പാക്കി പൂർവ സ്ഥിതിയിലാക്കണം. ഉത്സവ കമ്മിറ്റികളാണ് ഇത് ചെയ്യേണ്ടത്. ജലാംശമുള്ള പാടത്തിന് കൂടുതൽ രൂപമാറ്റം വരുമെന്നതിനാൽ പൂർവ്വ സ്ഥിതിയിലാക്കലും പ്രയാസമായി. വെടിക്കെട്ടിന് ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ആവരണങ്ങൾ പെറുക്കി മാറ്റുന്നതും ശ്രമകരമായി.
ഇത്തവണ കൊയ്ത്ത് നേരത്തേ ആരംഭിച്ചതും പാടങ്ങളിൽ ജലാംശം കുറവായതും വെയിലിന് ചൂട് കൂടിയതും മൂലം എഴുന്നള്ളത്തിനും വെടിക്കെട്ടിനും പാടം ഒരുക്കുന്നത് എളുപ്പമായി.