
പട്ടാമ്പി: വീട്ടുവളപ്പിൽ പ്രകൃതി സൗഹൃദ പാർക്ക് ഒരുക്കി അതിഥികളെ സ്വീകരിക്കുകയാണ് പന്തയ്ക്കൽ ക്ഷേത്രത്തിന് സമീപം ഇടിയത്ത് മോഹൻദാസ് (64). വനമിത്ര പുരസ്കാര ജേതാവ് കൂടിയായ മോഹൻദാസ് സാമൂഹ്യക- കാർഷിക- പരിസ്ഥിതി മേഖലകളിൽ ശ്രദ്ധേയനാണ്. വീടിനോട് ചേർന്ന 25 സെന്റ് സ്ഥലമാണ് കൃഷിയ്ക്കും വൃക്ഷങ്ങൾക്കും പാർക്കിനുമായി ഉപയോഗിക്കുന്നത്.
മരത്തണലിൽ ഒരുക്കിയ പ്രകൃതി സൗഹൃദ പാർക്കിൽ കുട്ടികൾക്കും കുടുംബങ്ങൾക്കും തണലേറ്റും കാറ്റേറ്റും ഇരിയ്ക്കാം, ഉല്ലസിയ്ക്കാം.
ഉപയോഗ ശേഷം വലിച്ചെറിയുന്ന വസ്തുക്കൾ ശേഖരിച്ച് പാർക്കിന് കലാഭംഗി നിറച്ചു. പരിസ്ഥിതി പ്രവർത്തനത്തിൽ ആവേശത്തോടെ പ്രവർത്തിക്കുന്ന മോഹൻദാസ് 'ഗ്രീൻ ക്ലീൻ പട്ടാമ്പി" എന്ന മുദ്രാവാക്യം അന്വർത്ഥമാക്കാൻ പ്രയത്നിക്കുന്ന വ്യക്തിയാണ്. പുലർച്ചെ നാലുമുതൽ ഇതിനായി നഗരത്തിലെത്തും.
പട്ടാമ്പി നേർച്ചയുടെ ഭാഗമായി 101 വീടുകളിൽ നട്ട 101 വൃക്ഷതൈകൾ ഇന്ന് പട്ടാമ്പിക്ക് തണൽ നൽകാൻ തുടങ്ങി. വനമിത്ര- പ്രകൃതിമിത്ര പുരസ്കാര മടക്കം നിരവധി അംഗീകാരം തേടിയെത്തിയിട്ടുണ്ട്. വിശ്രമമില്ലാത്ത സേവനത്തോടെ മോഹൻദാസ് എന്ന മുൻ പ്രവാസി നാടിന് പ്രിയങ്കരനാകുകയാണ്. അങ്കണവാടി ടീച്ചറായ
ഭാര്യ പ്രസന്നയും രണ്ട് മക്കളും എല്ലാ പിന്തുണയും നൽകുന്നു.