paddy

നെന്മാറ: രണ്ടാംവിള കൊയ്ത്ത് 70% ആയിട്ടും നെല്ല് സംഭരണ നടപടി ആരംഭിക്കാതെ സർക്കാർ. സപ്ലൈകോ സൈറ്റിൽ രണ്ടുമാസം മുമ്പ് ആരംഭിച്ച രജിസ്‌ട്രേഷൻ നടപടി മാത്രമാണ് നാളിതുവരെയായി തുടങ്ങിയിട്ടുള്ളത്. മില്ലുകളുമായുള്ള പ്രാഥമിക ചർച്ചപോലും സർക്കാരും സപ്ലൈകോയും ആരംഭിച്ചിട്ടില്ല. നെല്ല് പരിശോധിക്കാനും അളവ് തിട്ടപ്പെടുത്താനുമുള്ള ഫീൽഡ് സ്റ്റാഫിന്റെ കാര്യവും തീരുമാനമായില്ല. സപ്ലൈകോയുടെ താൽക്കാലിക ജീവനക്കാരെ കൂടാതെ കൃഷിവകുപ്പിൽ നിന്ന് നെല്ല് പരിശോധിക്കാൽ കൃഷി അസിസ്റ്റന്റുമാരെ നിയമിക്കാനുള്ള നടപടിയും ആരംഭിക്കാത്തത് കർഷകരിൽ ആശങ്കയുണ്ടാക്കുന്നുണ്ട്. മില്ലുകളുമായുള്ള ചർച്ച പൂർത്തിയാക്കിയാലേ ഉല്പാദക സമിതികൾക്ക് മില്ലുകൾ അനുവദിച്ച് സപ്ലൈകോ നടപടി ആരംഭിക്കൂ.

കാത്തിരിപ്പ് തുടങ്ങിയിട്ട് മാസം ഒന്ന്

കൊയ്ത്ത് പൂർത്തിയായ കർഷകർ നെല്ല് ഉണക്കി സൂക്ഷിച്ചു തുടങ്ങി. സ്വന്തം ചെലവിൽ പ്ലാസ്റ്റിക് ചാക്കുകൾ വാങ്ങി നെല്ലു നിറച്ച് വീടിന് സമീപത്തും കളപ്പുരകളിലും അടുക്കി പ്ലാസ്റ്റിക് ഷീറ്റും മറ്റും ഇട്ട് സൂക്ഷിച്ചിരിക്കുകയാണ്. സംഭരണം എന്നെരംഭിക്കുമെന്ന അറിയിപ്പ് ലഭിക്കാത്തതിനാൽ ബഹുഭൂരിപക്ഷം കർഷകരും ഒരു മാസത്തിലേറെയായി കാത്തിരിപ്പ് തുടങ്ങിയിട്ട്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ പാഡി മാർക്കറ്റിംഗ് ഓഫീസർമാരെയും അസിസ്റ്റന്റുമാരെയും നിയമിക്കുന്നതിന് പെരുമാറ്റച്ചട്ടം തടസമാകുമോ എന്ന ആശങ്കയുണ്ട്. ഒന്നാംവിള സംഭരണ സമയത്തുണ്ടായിരുന്ന ബഹുഭൂരിപക്ഷം മാർക്കറ്റിംഗ് ഓഫീസർമാരും അസിസ്റ്റന്റുമാരും സ്ഥലംമാറുകയോ ഡെപ്യൂട്ടേഷൻ പൂർത്തിയാക്കി മാതൃ ഓഫീസുകളിലേക്ക് തിരികെ പോകുകയോ ചെയ്തിട്ടുണ്ട്.

ഒന്നാംവിള വില ഇനിയും ലഭിച്ചില്ല

ഒന്നാംവിളയ്ക്ക് സംഭരിച്ച നെല്ലിന്റെ വില ബഹുഭൂരിപക്ഷം കർഷകർക്കും ഇനിയും പൂർണമായി കൊടുത്തിട്ടില്ല. ഒന്നാംവിളയിൽ നിന്ന് വ്യത്യസ്തമായി കേന്ദ്രം പ്രഖ്യാപിച്ച അധികവില സംസ്ഥാനം കൊടുക്കുമോ എന്ന കാര്യത്തിലും തീരുമാനമായിട്ടില്ല. നെല്ലിന്റെ വില പി.ആർ.എസ് വായ്പ എന്ന നയം ഒഴിവാക്കി ലോൺ ബാദ്ധ്യതയില്ലാതെ ലഭിക്കണമെന്നാണ് കർഷകരുടെ ആവശ്യം.