test

ആലത്തൂർ: കേരള മോട്ടോർ വാഹന വകുപ്പ് നടപ്പിലാക്കാൻ ശ്രമിക്കുന്ന ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റ് പരിഷ്‌കാരം ഗുണത്തേക്കാളേറെ ദോഷമാണുണ്ടാക്കുകയെന്നാക്ഷേപം. ഡ്രൈവിംഗ് സ്‌കൂൾ ഓണേഴ്സ് സമിതിയാണ് ഈ ആശങ്ക ഉയർത്തിയിട്ടുള്ളത്. പരിഷ്‌കാരം ഒന്നര ലക്ഷത്തോളം കുടുംബങ്ങളെ പട്ടിണിയിലാക്കിയേക്കുമെന്നതാണ് ഇവരുടെ പ്രധാന ആശങ്ക. അടിസ്ഥാന സൗകര്യങ്ങൾ പോലും ഒരുക്കാതെയും ആവശ്യത്തിന് ഉദ്യോഗസ്ഥരെ നിയമിക്കാതെയുമാണ് പുതിയ പരിഷ്കാരം.

സംസ്ഥാനത്തൊട്ടാകെ വലുതും ചെറുതുമായ ഏഴായിരത്തോളം ഡ്രൈവിംഗ് സ്‌കൂളുകളുണ്ട്. അതിൽ ഒന്നര ലക്ഷത്തോളം ജീവനക്കാരും. പുതിയ നിയമം പ്രാവർത്തികമാക്കിയാൽ 90 ശതമാനത്തോളം സ്‌കൂളുകളും പൂട്ടേണ്ടിവരും. ആലത്തൂർ ഉൾപ്പടെ മിക്കവാറും സബ് ആർ.ടി.ഒ ഓഫീസിൽ നിലവിൽ വാഹനം പോലുമില്ല. വൈദ്യുതി തടസം നേരിട്ടാൽ പരിഹരിക്കാൻ ബാറ്ററിയും ഇല്ല.

പരിഷ്കരണത്തിലെ അപ്രായോഗികതകൾ

 86 ടെസ്റ്റ് കേന്ദ്രങ്ങളുള്ള സംസ്ഥാനത്ത് വകുപ്പിന് സ്വന്തമായി സ്ഥലമുള്ളത് ഒമ്പത് ഇടത്തുമാത്രം. മറ്റ് ടെസ്റ്റ് കേന്ദ്രങ്ങളാകട്ടെ അമ്പലപ്പറമ്പിലോ, പൊതു സ്ഥലത്തോ സ്വകാര്യ സ്ഥലത്തോ സ്‌കൂളുകൾ വാടക നൽകുന്ന സ്ഥലത്തോ ആണ്. അവിടെ പരിഷ്കരിച്ച ടെസ്റ്റിനുള്ള ട്രാക്ക് ഒരുക്കാൻ കഴിയില്ല. മെയ് 1-ാം തിയതി മുതൽ ട്രാക്ക് ഒരുക്കുക അപ്രായോഗികമാണ്.

 നിലവിൽ 2000-ത്തോളം അപേക്ഷകർ ടെസ്റ്റിന് തിയതി ലഭിക്കാതെ വലയുകയാണ്.

15 വർഷം കഴിഞ്ഞ വാഹനങ്ങൾ ഒഴിവാക്കുക എന്ന നിയമം പ്രാബല്യത്തിൽ വന്നാൽ 90 ശതമാനം സ്‌കൂളുകളും പുതിയതോ മറ്റൊരു വാഹനമോ വങ്ങേണ്ടി വരും. ഇത് അധിക ചെലവാകും.

വൈദ്യുത, ഓട്ടോമാറ്റിക് വാഹനങ്ങൾ ടെസ്റ്റിന് ഉപയോഗിക്കാൻ പാടില്ല എന്ന നിയമമില്ല. വിദേശ ലൈസെൻസിനു മാത്രമാണ് ഓട്ടോമാറ്റിക് എന്ന ക്ലാസ് ഉള്ളത്. വാഹനത്തിന്റെ ഇന്ധനം എന്നത് ഇവിടെ വിഷയമല്ല.

കൈയിൽ ഗിയറുള്ള വാഹനങ്ങൾ ഒഴിവാക്കാൻ തയ്യാറാണ് (എം.80). ഉദ്യോഗസ്ഥർ പ്രായോഗികമായി നടപ്പിലാക്കാൻ കഴിയാത്ത നിയമം കൊണ്ട് വരുകയും പരാജയപ്പെടുമ്പോൾ അതിന്റെ ഉത്തരവാദിത്വം മന്ത്രിയുടെ തലയിലാവുകയും ചെയ്യും. വിരമിച്ച ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള കോർപ്പറേറ്റ് വത്കരണമാണ് അജണ്ട.
ഹരിസൂൻ നായർ, ഡ്രൈവിംഗ് സ്‌കൂൾ ഓണേഴ്സ് സമിതി സംസ്ഥാന ജനറൽ സെക്രട്ടറി.