ele

പാ​ല​ക്കാ​ട്: സംസ്ഥാനത്തെ പ്രായംകുറഞ്ഞ ലോക്‌സഭാ മണ്ഡലങ്ങളിലൊന്നാണ് ആലത്തൂർ. മൂന്നു തിരഞ്ഞെടുപ്പിന്റെ ചരിത്രം മാത്രമാണ് മണ്ഡലത്തിനുള്ളതെങ്കിലും പോരാട്ടച്ചൂടിന് ഒട്ടും കുറവുണ്ടാകില്ല ഇവിടെ. ശ​ക്ത​മാ​യ സം​ഘ​ട​നാ സം​വി​ധാ​ന​മു​ള്ള മ​ണ്ഡ​ല​ത്തി​ൽ ക​ഴി​ഞ്ഞ​ ത​വ​ണ സി.​പി.​എ​മ്മി​നേ​റ്റ തി​രി​ച്ച​ടി ആ​ല​ത്തൂ​രി​ലേ​ക്ക് രാ​ഷ്ട്രീ​യ​ കേ​ര​ള​ത്തി​ന്റെ ശ്ര​ദ്ധ​യാ​ക​ർ​ഷി​ച്ചു.

സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ മന്ത്രി കെ.രാധാകൃഷ്ണൻ റോഡ് ഷോകളും പ്രചരണ പരിപാടികളുമായി കളം നിറയുമ്പോൾ ഔദ്യോഗിക പ്രഖ്യാപനത്തിന് കാത്തുനിൽക്കാതെ യു.ഡി.എഫും ഒപ്പമുണ്ട്. കോൺഗ്രസ് പ്രവർത്തകർ സിറ്റിംഗ് എം.പി രമ്യ ഹരിദാസിനായി ചുവരെഴുത്ത് തുടങ്ങി. എൻ.ഡി.എയിൽ ബി,.ഡി.ജെ.എസ് മത്സരിച്ച സീറ്റ് ഇത്തവണ ബി.ജെ.പി ഏറ്റെടുത്തേക്കുമെന്നാണ് സൂചന. ആദ്യഘട്ട സ്ഥാനാർത്ഥി പട്ടികയിൽ ബി.ജെ.പി ആലത്തൂരിൽ ആരെയും പ്രഖ്യാപിച്ചിട്ടില്ല. ഇ​ക്കു​റി ഇ​ട​ത്- വ​ല​ത് മു​ന്ന​ണി​ക​ൾ പ്ര​ചാ​ര​ണം ആ​രം​ഭി​ച്ച​തോ​ടെ ആ​ല​ത്തൂ​രിലെ അങ്കത്ത​ട്ടി​ൽ വേ​ന​ലി​നെ നി​ഷ്പ്ര​ഭ​മാ​ക്കു​ന്ന തിര​ഞ്ഞെ​ടു​പ്പ് ചൂ​ടുണ്ടാകും.

വെള്ളവും കൃഷിയും ചർച്ചയാകും

മഴനിഴൽ പ്രദേശമായ വടകരപ്പതി, ആദിവാസിമേഖല ഉൾക്കൊള്ളുന്ന മുതലമട, തോട്ടം മേഖലയുൾപ്പെടുന്ന നെല്ലിയാമ്പതി, തിരക്കേറിയ വാണിജ്യ കേന്ദ്രമായ കുന്നംകുളം. ഇങ്ങനെ വൈവിദ്ധ്യങ്ങളേറെയാണെങ്കിലും അടിസ്ഥാനപരമായി കാർഷിക മണ്ഡലമാണ് ആലത്തൂർ. കഴിഞ്ഞ അഞ്ചുവർഷത്തെ എം.പിയുടെ വികസന പ്രവർത്തനം, പശ്ചാത്തല വികസനം, വിദ്യാഭ്യാസ- ആരോഗ്യ മേഖലയിലെ പദ്ധതികൾ, പറമ്പിക്കുളം-ആളിയാർ ജലപ്രശ്നം, കുടിവെള്ള ക്ഷാമം, നെല്ല് സംഭരണത്തിലെ അപാകത, നെല്ലളന്ന തുക ലഭിക്കാനുള്ള കാലതാമസം, മാങ്ങാ കർഷകരുടെ പ്രശ്നങ്ങൾ തുടങ്ങി വിവിധ വിഷയങ്ങൾ സജീവ ചർച്ചയാകും.

ഇഞ്ചോടിഞ്ച് മത്സരം

പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ നാ​ലും തൃ​ശൂ​ർ ജി​ല്ല​യി​ലെ മൂ​ന്നും നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ൾ ഉൾപ്പെട്ടതാണ് ആ​ല​ത്തൂ​ർ ലോ​ക്‌​സ​ഭ മ​ണ്ഡ​ലം. ഇടതുപക്ഷത്തിന് പൊതുവിലും സി.പി.എമ്മിന് പ്രത്യേകിച്ചും എണ്ണയിട്ട യന്ത്രംപോലെ പ്രവർത്തിക്കുന്ന ഏറ്റവും മികച്ച കേഡർ സംവിധാനമുള്ള മേഖലയിൽ 2009ൽ നടന്ന ആദ്യ തിരഞ്ഞെടുപ്പിലും 2014ലും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.കെ.ബിജുവാണ് വിജയിച്ചത്. 2019ൽ മൂന്നാമങ്കത്തിനിറങ്ങിയ ബിജു 1,58,968 വോട്ടിന് രമ്യ ഹരിദാസിനോട് പരാജയപ്പെട്ടു.

കഴിഞ്ഞ തവണ സംഭവിച്ചത് 2024ൽ ആവർത്തിക്കില്ലെന്ന് ഇടതുപക്ഷം പറയുന്നു. മണ്ഡലത്തിലെ നിയമസഭാ മണ്ഡലങ്ങളെല്ലാം ഇടതുപക്ഷത്തിനൊപ്പമാണ്. പക്ഷേ, ലോക്സഭയിലേക്കുള്ള മത്സരം അത്ര ലളിതമായി കാണുന്നില്ലെന്നതിനാലാണ് സി.പി.എം തങ്ങളുടെ കരുത്തനായ കെ.രാധാകൃഷ്ണനെ തന്നെ രംഗത്തിറക്കിയത്. സ്പീക്കറായും മന്ത്രിയായും മികവ് കാട്ടിയ കെ.രാധാകൃഷ്ണൻ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 39,400 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ചേലക്കരയിൽ നിന്ന് ജയിച്ചത്.

തദ്ദേശ തിരഞ്ഞെടുപ്പിലൂടെയാണ് രാധാകൃഷ്ണൻ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കെത്തിയത്. നാളിതുവരെ തോൽവി അറിഞ്ഞിട്ടില്ല. രമ്യ ഹരിദാസിന്റെ രാഷ്ട്രീയ പ്രവേശനവും സമാന രീതിയിൽ തന്നെ. രമ്യയും തോൽവി അറിഞ്ഞിട്ടില്ല. ഇരുവരും നേർക്കുനേർ വരുമ്പോൾ രണ്ടിലൊരാൾ തോൽക്കും എന്നുറപ്പ്.

പാ​ഠം ഉൾക്കൊണ്ട് സി.പി.എം

സ്വ​ന്തം ത​ട്ട​ക​മെ​ന്ന് വി​ശ്വ​സി​ച്ച ആ​ല​ത്തൂ​രി​ൽ അ​ടി​തെ​റ്റി​യ​ത് സി.​പി.​എ​മ്മി​ൽ പ്രാ​ദേ​ശി​ക ത​ല​ത്തി​ലും പാ​ർ​ട്ടി​യി​ലൊന്നാ​കെ​യും വ​ലി​യ ച​ർ​ച്ച​ക​ൾ​ക്ക് വ​ഴി​മ​രു​ന്നി​ട്ടു. രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യ​ത്തി​നൊ​പ്പം അ​ടി​ത്ത​ട്ടി​ലെ പ്ര​വ​ർത്ത​ക​രു​മാ​യി ബ​ന്ധം പു​ല​ർത്തു​ന്ന​തി​ൽ അ​ന്ന​ത്തെ സ്ഥാ​നാ​ർത്ഥി​യും സി​റ്റിംഗ് എം.​പി​യു​മാ​യി​രു​ന്ന പി.​കെ.ബി​ജു​വി​ന് വ​ന്ന വീ​ഴ്ച​യും കാ​ര​ണ​മാ​യി വി​ല​യി​രു​ത്ത​പ്പെ​ട്ടു. നേ​രി​ട്ട തി​രി​ച്ച​ടി​യി​ൽ നി​ന്നു​ൾ​ക്കൊ​ണ്ട തി​രി​ച്ച​റി​വ് കൈ​മു​ത​ലാ​ക്കി​യാ​ണ് ഇ​ത്ത​വ​ണ പാ​ർ​ട്ടി തി​ര​ഞ്ഞെ​ടു​പ്പ് ​ത​ന്ത്രം മെ​ന​യു​ന്ന​ത്.

വോട്ട് നില

2009

സി.​പി.​എം- പി.​കെ.ബി​ജു

കോ​ൺ​ഗ്ര​സ്- എ​ൻ.​കെ.സു​ധീ​ർ

ഭൂ​രി​പ​ക്ഷം- 20960

2014

സി.​പി.​എം- പി.​കെ.ബി​ജു

കോ​ൺ​ഗ്ര​സ്- കെ.​എ.ഷീ​ബ

ഭൂ​രി​പ​ക്ഷം- 37,312

2019

കോ​ൺ​ഗ്ര​സ്- ര​മ്യ ഹ​രി​ദാ​സ്

സി.​പി.​എം- പി.​കെ.ബി​ജു

ഭൂ​രി​പ​ക്ഷം- 1,58,968