പാലക്കാട്: പാലക്കാട് ലോക്സഭാ മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി സി.കൃഷ്ണകുമാർ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് തുടക്കം കുറിച്ചു. ഇന്നലെ രാവിലെ മുതൽ തന്നെ സമൂഹത്തിലെ വിവിധ മേഖലകളിലുള്ളവരെ സന്ദർശിച്ചാണ് പര്യടനത്തിന് തുടക്കം കുറിച്ചത്.
രാവിലെ ആറോടെ കോട്ടമൈതാനത്ത് എത്തിയ കൃഷ്ണകുമാർ പ്രഭാത സവാരിക്കെത്തിയ നൂറുകണക്കിന് ആളുകളുമായി സംസാരിച്ചു. മണ്ഡലത്തിൽ ബി.ജെ.പിയെ വിജയിപ്പിക്കേണ്ടതിന്റെ ആവശ്യകത ചുരുങ്ങിയ വാക്കുകളിൽ കൃഷ്ണകുമാർ വിശദീകരിച്ചു.
പിന്നീട് കല്ലേക്കുളങ്ങര ഏമൂർ ഭഗവതി ക്ഷേത്രത്തിലെ ദർശന ശേഷം കുമ്മാട്ടി നടക്കുന്ന എഴക്കാട് തിരുകുന്നപ്പുള്ളിക്കാവിലെത്തി. മുണ്ടൂർ, പുതുപ്പരിയാരം, അകത്തേത്തറ പഞ്ചായത്തുകളിലെ പ്രമുഖ വ്യക്തികളെ സന്ദർശിച്ചു. പിരായിരി കണ്ണുക്കോട്ട് കാവിന് സമീപം എൻ.ഡി.എ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു. വൈകിട്ട് പാലക്കാട് മണ്ഡലത്തിലെ പ്രമുഖ വ്യക്തികളുമായി കൂടിക്കാഴ്ച നടത്തി.
നഗരസഭ ഉപാദ്ധ്യക്ഷനും ബി.ജെ.പി സംസ്ഥാന ട്രഷററുമായ അഡ്വ.ഇ.കൃഷ്ണദാസ്, നഗരസഭ സ്ഥിരസമിതി അദ്ധ്യക്ഷൻ പി.സ്മിതേഷ്, പാലക്കാട് മണ്ഡലം പ്രസിഡന്റ് കെ.ബാബു, ജന.സെക്രട്ടറി രാമകൃഷ്ണൻ, കൗൺസിലർമാരായ കെ.ലക്ഷ്മണൻ, സുഭാഷ് കല്പാത്തി, എം.ശശികുമാർ, ജില്ലാ വൈസ് പ്രസിഡന്റ് സി.മധു, മലമ്പുഴ മണ്ഡലം പ്രസിഡന്റ് കെ.സുജിത്ത്, ജന.സെക്രട്ടറി ഉണ്ണികൃഷ്ണവർമ, പഞ്ചായത്തംഗങ്ങളായ കെ.സുധീർ, രമ്യ തുടങ്ങിയവരും അദ്ദേഹത്തെ അനുഗമിച്ചു.
ഇന്ന് രാവിലെ 7.20 ഒലവക്കോട് നിന്ന് വാളയാർ വരെ കോയമ്പത്തൂർ പാസഞ്ചറിൽ യാത്ര നടത്തും. ശേഷം ഷൊർണൂർ മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ സന്ദർശനം. വൈകിട്ട് മൂന്നിന് കോങ്ങാട് മണ്ഡലത്തിലെ വിവിധ പരിപാടികളിൽ പങ്കെടുക്കും.