പാലക്കാട്: വള്ളുവനാട്ടിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി എ.വിജയരാഘവന് ഉജ്ജ്വല സ്വീകരണം. ഈസ്റ്റ് മനിശീരി നെടിയൻചാത്ത് രാജീവിന്റെ വീട്ടിലാണ് ആദ്യം എത്തിയത്. സി.പി.എം മനിശീരി ലോക്കൽ സെക്രട്ടറി കെ.കൃഷ്ണകുമാർ, സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം എ.പ്രഭാവതി, കോൺഗ്രസ് എസ് ജില്ലാ പ്രസിഡന്റ് ടി.സുനിൽ എന്നിവർ ഹാരാർപ്പണം നടത്തി. ഹരിതകർമ്മ സേനാംഗങ്ങളോടൊപ്പം പ്രഭാത ഭക്ഷണം കഴിച്ചു.
ത്രാങ്ങാലിയിലെ സ്വീകരണ ശേഷം സി.പി.എം നേതാവായിരുന്ന എം.വാമനന്റെ വീട് സന്ദർശിച്ചു. പിന്നീട് ഷൊർണൂരിലും സ്വീകരണമുണ്ടായി. കുളപ്പുള്ളി കല്ലിപ്പാടത്ത് ലോക്കൽ സെക്രട്ടറി എൻ.ജയപാലിന്റെ നേതൃത്വത്തിൽ അദ്ദേഹത്തെ വരവേറ്റു. നിള കാറ്ററിംഗ് യൂണിറ്റിലെ തൊഴിലാളികളെ സന്ദർശിച്ചു.
പി.മമ്മിക്കുട്ടി എം.എൽ.എ, എൽ.ഡി.എഫ് മണ്ഡലം സെക്രട്ടറി എം.ആർ.മുരളി, സി.പി.എം ഏരിയ സെക്രട്ടറി എസ്.കൃഷ്ണദാസ്, കെ.ഭാസ്കരൻ, കെ.ഗംഗാധരൻ, കെ.പി.സുധീർ, എം.കെ.ജയപ്രകാശ്, എം.സുരേന്ദ്രൻ, സി.അബ്ദുൾ ഖാദർ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.
വിജയരാഘവനെ ആവേശത്തോടെയാണ് കാർഷിക ഗ്രാമമായ ചളവറയും തൃക്കടീരിയും വരവേറ്റത്. 1972ൽ നടന്ന കിഴൂർ പരുത്തിപ്പറമ്പ് മിച്ചഭൂമി സമരത്തിന് നേതൃത്വം നൽകിയ വിജയകുമാറുമായി സംസാരിച്ച ശേഷം ചെർപ്പുളശേരി, മാങ്ങോട്, വെള്ളിനേഴി, തിരുവാഴിയോട്, കാറൽമണ്ണ എന്നിവിടങ്ങളിലും വോട്ടർമാരെ കണ്ടു. കെ.എസ്.ഇ.ബി വർക്കേഴ്സ് അസോ. ഡിവിഷൻ കമ്മിറ്റി സർവീസ് സഹ.ബാങ്കിൽ സംഘടിപ്പിച്ച കുടുംബസംഗമവും സന്ദർശിച്ചു.