river

പുതുശേരി: പുഴകളെ വീണ്ടെടുക്കാൻ സർക്കാർ വിവിധ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കുന്നതിനിടെ കോരയാറിൽ വീണ്ടും കൈയേറ്റവും അനധികൃത നിർമ്മാണവും വ്യാപകമാകുന്നു. സത്രപ്പടിയിൽ കോരയാർ ഒന്നാംപുഴ പാലത്തിന് സമീപം ഭൂമാഫിയ പുഴയോരം കൈയേറി മണ്ണുതള്ളി ദിവസങ്ങളായിട്ടും അധികൃതർ ഇടപ്പെട്ടില്ലെന്നാണ് ആക്ഷേപം.

പുഴ കൈയേറ്റം വരൾച്ചയ്ക്കും പരിസ്ഥിതി പ്രശ്നങ്ങൾക്കും വഴിയൊരുക്കുമെന്നാണ് സർക്കാരിന്റെ പഠന റിപ്പോർട്ട്. കിഴക്കൻ മേഖലയിലെ ആറ് പഞ്ചായത്തുകളിലെ കൃഷിയിടങ്ങളിലേക്ക് വെള്ളമെത്തിക്കുന്നത് കോരയാർ പുഴയാണ്. ഒട്ടേറെ ശുദ്ധജല പദ്ധതികളും പുഴയെ കേന്ദ്രീകരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ പുഴ നവീകരിക്കാനും വീണ്ടെടുക്കാനും സർക്കാർ സമഗ്ര പദ്ധതി നടപ്പാക്കാൻ തീരുമാനിക്കുകയും വിദഗ്ദ്ധ സംഘം സ്ഥലം സന്ദർശിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പദ്ധതികളെല്ലാം തകിടം മറിക്കുന്ന വിധത്തിൽ പുഴ കൈയേറിയുള്ള നിർമ്മാണം.

റവന്യൂ വകുപ്പ് ഉൾപ്പെടെയുള്ളവർ നടപടി സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം. പുഴയോരത്തുള്ള വീടുകൾ മുമ്പ് ഭൂമാഫിയകൾ വാങ്ങിയിരുന്നു. ഇതിനൊപ്പമാണ് പുഴയിലേക്ക് കൂടി കൈയേറ്റം വ്യാപിപ്പിച്ചത്. വിഷയത്തിൽ പഞ്ചായത്ത് ഭരണ സമിതിയോ പരിസ്ഥിതി പ്രവർത്തകരോ ഇതുവരെ ഇടപ്പെട്ടിട്ടില്ല.

പുഴയിലെ കൈയേറ്റം ഒഴിപ്പിക്കാൻ സർക്കാർ സംവിധാനം അടിയന്തരമായി ഇടപെടണം. മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് നിവേദനം കൈമാറിയിട്ടുണ്ട്.

-എം.സുഭാഷ്, വാർഡംഗം, പുതുശേരി പഞ്ചായത്ത്.