elephant

പാലക്കാട്: പട്ടാമ്പിയിൽ നേർച്ചയ്ക്ക് എത്തിച്ച ആന തിരികെ കൊണ്ടുപോകുമ്പോൾ വടക്കുംമറിക്ക് സമീപം ലോറിയിൽ നിന്ന് ഇറങ്ങിയോടി. താമരശ്ശേരി സ്വദേശികളുടെ ഉടമസ്ഥതയിലുള്ള അക്കരമേൽ ശേഖരന് എന്ന ആനയാണ് ഓടിയത്. ആനയുടെ ചവിട്ടേറ്റ് തമിഴ്നാട് സ്വദേശിക്ക് പരിക്കേറ്റു. രണ്ട് പശുക്കളെയും ഒരാടിനെയും ആന ചവിട്ടി കൊന്നു. വീടുകൾക്കും കടകൾക്കും നേരെയും ആന ആക്രമണം നടത്തി.

ഇന്നലെ പുലർച്ചെ ലോറി ഡ്രൈവർ ചായ കുടിക്കാൻ നിറുത്തിയ സമയത്താണ് ആന ലോറിയിൽ നിന്ന് ഇറങ്ങിയോടിയത്. എട്ടുകിലോമീറ്റർ ഓടിയ ആന തിരുനെല്ലായിലെത്തി ജനവാസ മേഖലയിൽ നിലയുറപ്പിച്ചു. അമ്പാട് മേഖലയിൽ പുലർച്ചെ പ്രദേശത്തെ കട തകർക്കുന്ന ശബ്ദം കേട്ടാണ് നാട്ടുകാരും എത്തിയത്. ഇന്നലെ രാവിലെ പത്തരയോടെ തിരുനെല്ലായിലെ സ്വകാര്യവ്യക്തിയുടെ വീട്ടുമുറ്റത്ത് കണ്ടെത്തിയ ആനയെ പാപ്പാനും എലഫന്റ് സ്‌ക്വാഡും വനം വകുപ്പ് അധികൃതരും എത്തിയാണ് തളച്ചത്. എന്താണ് സംഭവിച്ചതെന്ന് ആദ്യം മനസിലായില്ല. ആട്ടിൻകൂട്ടം വാഹനത്തിന് അടുത്തുകൂടെ പോയിരുന്നു. ഇതുകണ്ട് ഭയന്നാകാം ആന ഇറങ്ങിയോടിയതെന്നും പാപ്പാൻ പറഞ്ഞു. അതേസമയം പട്ടാമ്പി നേർച്ച ആഘോഷത്തിനിടെയുണ്ടായ സംഘർഷത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ആഘോഷ കമ്മറ്റിക്കാർ ചേരി തിരിഞ്ഞു തമ്മിലടിക്കുകയായിരുന്നു. സംഘർഷം നിയന്ത്രിക്കാൻ ഇടപെട്ട പൊലീസിന് നേരെയും ആക്രമണം ഉണ്ടായി. സംഘർഷത്തിൽ പൊലീസുകർ ഉൾപ്പെടെ പത്തിലധികം പേർക്ക് പരിക്കേറ്റു. സംഘർഷത്തിന്റെ കാരണം വ്യക്തമല്ലെന്നും ദൃശ്യങ്ങൾ പരിശോധിച്ച് കേസെടുക്കുമെന്നും ഷൊർണൂർ ഡിവൈ.എസ്.പി അറിയിച്ചു.