c

ചിറ്റൂർ: കാലാവസ്ഥ വ്യതിയാനവും വേനലിന്റെ കാഠിന്യവും മൂലം നാളികേരള ഉല്പാദനം പാതിയായി കുറഞ്ഞു. നാളികേര സംഭരണമില്ലാത്തതിനാൽ കച്ചവടക്കാരന്റെ ചൂഷണത്തിന് വിധേയരാകേണ്ട സ്ഥിതിയാണിപ്പോഴും കർഷകർക്ക്. 11-12 രൂപയിൽ താഴെയാണ് നിലവിൽ കർഷകന് ലഭിക്കുന്ന വില.

നാളികേരം ചെറുതും വലുതും വേർതിരിച്ചാൽ ചെറുതിന് 5.30- 6 രൂപയാണ് കച്ചവടക്കാർ നൽകുന്നത്. ഇടനിലക്കാരുടെ ചൂഷണത്തിനിടയിലാണ് ഇപ്പോഴത്തെ ഉല്പാദന തകർച്ചയും. നെൽകൃഷി കഴിഞ്ഞാൽ പാടങ്ങളുടെ വരമ്പുകളിലും തോട്ടങ്ങളിലും വീടുകളിലും തെങ്ങ് വ്യാപകമായി കൃഷി ചെയ്യുന്നുണ്ട്. മഴ ലഭ്യത കുറവും കനാൽ വെള്ളം സമയത്തിന് ലഭ്യമാകാതിരുന്നതും ചിറ്റൂരിലെ നെൽകർഷകർക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കവെയാണ് നാളികേര കർഷകർക്കും ദുർഗതി. നാളികേര വിലയിടിവിനെ തുടർന്ന് കിഴക്കൻ മേഖലയിലെ ഭൂരിഭാഗം തെങ്ങ് കർഷകരും തോട്ടം കള്ള് ചെത്തിനുവേണ്ടി നൽകുകയാണ്.

കർഷകർ പ്രതിസന്ധി നേരിടുമ്പോൾ തൃതല പഞ്ചായത്തുകളുടെ ഭാഗത്ത് നിന്ന് പദ്ധതി വിഹിതത്തിൽ ഫലപ്രഥമായ നീക്കിവയ്പ് ഉണ്ടാകുന്നുമില്ല. കൃഷി സംരക്ഷണത്തിന് കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ വിവിധ ഏജൻസികൾ ഉണ്ടെങ്കിലും കാര്യമായ സഹായമൊന്നും കർഷകരിലേക്ക് എത്തുന്നില്ല.

പൂങ്കുലകൾ വാടുന്നു

ചിറ്റൂരിൽ നിന്നാണ് സംസ്ഥാനത്തെ മറ്റ് ജില്ലകളിലേക്ക് കള്ള് ചെത്തി കൊണ്ടുപോകുന്നത്. വേനൽ ചൂട് വർദ്ധിച്ചതോടെ കള്ള് ഉല്പാദനവും മൂന്നിലൊന്നായി കുറഞ്ഞു. കനത്ത ചൂടിൽ തെങ്ങിലെ പൂങ്കുലകൾ വാടുന്നതാണ് കാരണം. ഓരോ ദിവസം പിന്നിടും തോറും ചൂടിൽ വെന്തുരുകയാണ് കിഴക്കൻ മേഖല.