
പട്ടാമ്പി: ചാലിശേരി പഞ്ചായത്തിലെ പൊതുജനത്തിനും കർഷകർക്കും ഭീഷണിയായ കാട്ടുപന്നികളെ വെടിവെച്ചു കൊന്നു. കുറെക്കാലമായി പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ കുട്ടികൾ ഉൾപ്പെടെയുള്ള കാട്ടുപന്നികളുടെ ശല്യം വളരെ രൂക്ഷമായിരുന്നു. കർഷകർക്ക് പന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റിരുന്നു.
കൃഷിനാശം വർദ്ധിച്ചതോടെയാണ് കർഷകർ കാട്ടുപന്നികളെ പിടികൂടാൻ അധികാരികളുടെ സഹായം തേടിയത്. ആദ്യഘട്ടമെന്ന നിലയിൽ മൂന്നാംവാർഡ് കിഴക്കെ പട്ടിശേരി പാടശേഖര സമിതിയുടെ നേതൃത്വത്തിൽ പെരിന്തൽമണ്ണ സ്വദേശി വേട്ടക്കാരൻ അലിയുടെ നേതൃത്വത്തിൽ പതിനഞ്ചോളം പേരടങ്ങുന്ന സംഘമാണ് കാട്ടുപന്നികളെ പിടികൂടിയത്. കരുണ പാടശേഖര സമിതി പ്രസിഡന്റ് അബ്ദുൾ ജലീലിന്റെ നേതൃത്വത്തിൽ പാടശേഖര സമിതി അംഗങ്ങളും നാട്ടുകാരും പന്നി വേട്ടയിൽ പങ്കെടുത്തു.
പ്രത്യേക പരിശീലനം നേടിയ അഞ്ച് നായ്ക്കൾ മണം പിടിച്ചെടുത്ത് പന്നികളെ വേട്ടക്കാർക്ക് കാണിച്ചുനൽകി. തുടർന്നാണ് ആറോളം കാട്ടുപന്നികളെ വെടിവെച്ചത്. പന്നികളെ അതേ വാർഡിൽ തന്നെ സംസ്കരിച്ചു. ഇതിനായി കാൽലക്ഷം രൂപ കർഷകർ പിരിച്ചെടുത്താണ് വേട്ടക്കാർക്ക് നൽകിയത്.
പഞ്ചായത്തും കൃഷിഭവനും കർഷകർക്ക് പിൻതുണ നൽകി. രണ്ടാഘട്ടത്തിൽ പതിനൊന്നാം വാർഡിലെ പാടശേഖര സമിതി അംഗങ്ങൾ പന്നികളെ പിടികൂടാനുള്ള ഒരുക്കത്തിലാണ്. അതേസമയം ലോക്‌സഭ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നാൽ പന്നിവേട്ട നടത്താൻ പ്രയാസം വരുമെന്ന് ആശങ്കയിലാണ് കർഷകർ. സംഭവ സ്ഥലത്ത് പഞ്ചായത്ത് പ്രസിഡന്റ് എ.വി.സന്ധ്യ, വൈസ് പ്രസിഡന്റ് സാഹിറ കാദർ, പഞ്ചായത്തംഗങ്ങളായ ഹുസൈൻ പുളിയഞ്ഞാലിൽ, നിഷ അജിത് കുമാർ, റംല വീരാൻകുട്ടി, പഞ്ചായത്ത് കോർഡിനേറ്റർ പ്രദീപ് ചെറുവാശേരി, കൃഷി ഓഫീസർ സുദർശൻ രാമകൃഷ്ണൻ, കൃഷി അസിസ്റ്റന്റ് പി.ലിംലി എന്നിവർ മേൽനോട്ടം വഹിച്ചു. രണ്ടുവർഷം മുമ്പ് കാട്ടുപന്നികളുടെ രൂക്ഷമായ ആക്രമണം തടയാൻ സർക്കാർ ഇറക്കിയ ഉത്തരവ് മേയ് മാസം വരെയാണ് നീട്ടി നൽകിയിരിക്കുന്നത്.