crime

മണ്ണാർക്കാട്: നൊട്ടമ്മലയിൽ ബൈക്കിടിച്ച് പരിക്കേറ്റ വൃദ്ധൻ മരിച്ച കേസിൽ നിറുത്താതെ പോയ ബൈക്ക് ഓടിച്ചിരുന്ന പുലാപ്പറ്റ കോണിക്കഴി സ്വദേശി യാസർ അറാഫത്ത് (36),​ ഒപ്പമുണ്ടായിരുന്ന ഷറഫുദ്ദിൻ (37) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. അപകടത്തിൽ പരിക്കേറ്റ സെയ്താലി എന്ന മാനുക്കയാണ് (73) മരിച്ചത്.

ഫെബ്രുവരി 23ന് വൈകിട്ടാണ് നൊട്ടമലയിൽ റോഡ് മുറിച്ചുകടക്കുകയായിരുന്ന സെയ്താലിയെ ബൈക്ക് ഇടിച്ചത്. അപകടത്തിന് ശേഷം ഇവർ നിറുത്താതെ പോയി. പ്രതികൾ സഞ്ചരിച്ച ഭാഗങ്ങളിലെ 25 ഓളം സി.സി.ടിവി കാമറകൾ പരിശോധിച്ചതിൽ നിന്ന് പൊലീസിന് വ്യക്തമായ സൂചന കിട്ടി. തുടർന്നാണ് ഇവരെ കണ്ടെത്തി അറസ്റ്റ് ചെയ്തത്. മണ്ണാർക്കാട് ഇൻസ്പെക്ടർ ഇ.ആർ.ബൈജു, എസ്.ഐ ഉണ്ണി, എസ്.സി.പി.മാരായ സാജിദ്, സുരേഷ്, രാജീവ്, സി.പി.ഒ റംഷാദ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

ബൈക്ക് യാത്രികരെ തിരഞ്ഞത് നാടൊന്നാകെ

വൃദ്ധനെ ഇടിച്ചുവീഴ്ത്തി നിറുത്താതെ പോയ ബൈക്ക് യാത്രികരെ തിരഞ്ഞത് നാടൊന്നാകെ ഒരുമിച്ച്. ഫെബ്രുവരി 23ന് വൈകിട്ടാണ് അപകടം സംഭവിച്ചത്. അപ്പോൾ നിറുത്താതെ പോയെങ്കിലും സ്വാഭാവികമായും ഇവർ പിന്നീട് പൊലീസിന് മുന്നിൽ ഹാജരാവുമെന്നാണ് എല്ലാവരും കരുതിയത്. എന്നാൽ അടുത്ത ദിവസങ്ങളിലൊന്നും ഇവർ ഹാജരായില്ല. വൃദ്ധൻ മരിച്ചതോടെയാണ് ഇവരെ കണ്ടെത്താനുള്ള ശ്രമം ഊർജ്ജിതമായത്. സി.സി.ടിവി ദൃശ്യം സഹിതം പൊലീസ് മാദ്ധ്യമങ്ങൾക്കും സോഷ്യൽ മീഡിയയ്ക്കും നൽകി. ബൈക്കിന്റെ ദൃശ്യങ്ങൾ കൂടുതൽ പേരിലേക്ക് ഷെയർ ചെയ്ത് എത്തിയതോടെയാണ് ഇവരെ കണ്ടെത്താനായത്.