
നെന്മാറ: വെള്ളമില്ലായ്മയും കനത്ത ചൂടും മൂലവും അയിലൂർ കൃഷിഭവൻ പരിധിയിലെ വിവിധ പാടശേഖരസമിതികളിലെ രണ്ടാം വിള നെൽകൃഷി ഉണങ്ങി നശിച്ചു. കോഴിക്കാട് തട്ടാൻപാറ പാടശേഖരസമിതിയിൽ 20 ഏക്കർ, കാക്രാങ്കോട്, ഒറവഞ്ചിറ, മരുതഞ്ചേരി തുടങ്ങി വിവിധ സമിതികളിലായി ഏക്കർ കണക്കിന് നെൽകൃഷി നശിച്ചതായി കർഷകർ പരാതിപ്പെട്ടു.
പോത്തുണ്ടി ഡാമിൽ നിന്നുള്ള കനാൽ വെള്ളം നിർത്തി ഒരു മാസമായതോടെയാണ് സംഭരിച്ചു നിർത്തിയ വെള്ളം ഉയർന്ന ചൂടിൽ ബാഷ്പീകരണം മൂലം വെള്ളം വറ്റി നെൽപ്പാടങ്ങൾ വിണ്ടു കീറിയത്. ഉയർന്ന പ്രദേശങ്ങളായതിനാൽ നീർവാർച്ച കൂടിയതും കൃഷി ഉണക്കത്തിന് കാരണമായി. ഉണങ്ങിയ നെൽപ്പാടങ്ങൾ പമ്പ് സെറ്റ് ഉപയോഗിച്ച് നനയ്ക്കാൻ കുളങ്ങൾ, പുഴ, തുടങ്ങി വെള്ളം സ്രോതസുകൾ ഇല്ലാത്തതും നെൽകൃഷി ഉണങ്ങിപ്പോകാൻ കാരണമായി. മൂപ്പുകുറഞ്ഞ ഇനങ്ങളാണ് കൃഷി ഇറക്കിയതെങ്കിലും നടീൽ ആരംഭിക്കാൻ കനാൽ വെള്ളം വരുന്നതുവരെ കാത്തിരിക്കേണ്ടി വന്നതും ഉണക്കത്തിന് വഴിയൊരുക്കി.
ഭാഗികമായി ഉണക്കം ബാധിച്ചതിനെ തുടർന്ന് നെല്ല് പതിരായി മാറിയതിനാൽ ഉത്പാദനക്കുറവും ലഭിച്ച നെല്ലിന് തൂക്കക്കുറവും ഉണ്ടായിട്ടുള്ളതായി കർഷകർ പറയുന്നു.
കേന്ദ്രസംസ്ഥാന സർക്കാരുകളുടെയും കാലാവസ്ഥ ഇൻഷ്വറൻസ് തുടങ്ങിയവയിൽ നിന്ന് കൃഷിയുണക്കം ബാധിച്ച കർഷകർക്കും ഉൽപാദനക്കുറവ് ഉണ്ടായവർക്കും നഷ്ടപരിഹാരം നൽകണമെന്നും ഒന്നാം വിളയ്ക്ക് ആവശ്യമായ വിത്തും വളവും സൗജന്യമായി നൽകൽ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നൽകണമെന്ന് വിവിധ പാടശേഖരസമിതി ഭാരവാഹികൾ ആവശ്യപ്പെട്ടു.
നാശനഷ്ടം വിലയിരുത്തി
അധികൃതരെ വിവരമറിയിച്ചതിനെ തുടർന്ന് അയിലൂർ കൃഷിഭവനിൽ നിന്നും സീനിയർ കൃഷി അസിസ്റ്റന്റ് സി.സന്തോഷിന്റെ നേതൃത്വത്തിൽ ഉണക്കം ബാധിച്ച കൃഷിസ്ഥലങ്ങൾ പരിശോധിച്ചു നാശനഷ്ടം വിലയിരുത്തി. കർഷകരും പാടശേഖരസമിതി ഭാരവാഹികളും ഉദ്യോഗസ്ഥരോടൊപ്പം കൃഷിയിടങ്ങളിലെത്തി.
ദ്രവിച്ചുണങ്ങി വൈക്കോൽ
ഉണങ്ങി നശിച്ച നെൽപ്പാടങ്ങളിലെ വൈക്കോലും വെയിലിൽ ദ്രവിച്ച് ഒടിഞ്ഞുപോയതിനാൽ നല്ല വൈക്കോൽ പോലും കിട്ടാത്ത സ്ഥിതിയാണെന്ന് കോഴിക്കാട് പാടശേഖരസമിതി സെക്രട്ടറി പങ്കജാക്ഷനും കർഷകരായ ഹസ്സൻ, ഹുസൈൻ എന്നിവരും പറഞ്ഞു.