sslc

മുതലമട: 'ആദ്യം വിളികേൾക്കുന്നയാൾ,​ ആദ്യം മനസിലാക്കിയയാൾ, എന്നെ കണ്ടെടുക്കുന്നയാൾ,​ വ്യക്തികളായി മക്കളെ വളർത്തിയെടുത്തയാൾ". മനം കണ്ണീർക്കടലാണെങ്കിലും പ്രാണനായിരുന്ന അച്ഛനായി ശ്രേയ ഇന്ന് വീണ്ടും എസ്.എസ്.എൽ.സി പരീക്ഷയ്‌ക്കെത്തും. വിഷയം ഇംഗ്ലീഷ്.

കഴിഞ്ഞ ദിവസമാണ് മുതലമട പുളിയന്തോണി സ്വദേശിയും വടവന്നൂർ വേലായുധൻ മെമ്മോറിയൽ ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയുമായ എസ്. ശ്രേയയുടെ അച്ഛൻ വി. ശിവൻകുട്ടി (47) മരിച്ചത്. എന്തുവന്നാലും പഠിപ്പ് മുടക്കില്ലെന്ന് അച്ഛന് കൊടുത്ത വാക്ക് പാലിക്കാൻ ശിവന്റെ സംസ്‌കാരച്ചടങ്ങിൽ പോലും പങ്കെടുക്കാതെയാണ് ശ്രേയ മലയാളം പരീക്ഷയെഴുതിയത്.

അമ്മയും രണ്ട് ഇളയ സഹോദരിമാരെയും നോക്കേണ്ട ഉത്തരവാദിത്വം ശ്രേയയെ എൽപ്പിച്ചാണ് അച്ഛൻ മടങ്ങിയത്.

അച്ഛന്റെ ചികിത്സയും മറ്റുമായി ചില ദിവസങ്ങളിൽ അദ്ധ്യയനം നഷ്ടമായിരുന്നെങ്കിലും അദ്ധ്യാപകരുടെ സഹായത്തോടെ പാഠഭാഗങ്ങളെല്ലാം പഠിച്ചുകഴിഞ്ഞെന്ന് ശ്രേയ പറഞ്ഞു. അച്ഛന് കൊടുത്ത വാക്ക് പാലിക്കാനുള്ള പരിശ്രമത്തിലാണ് ശ്രേയ.

 അദ്ധ്യാപികയാകാൻ മോഹം

താൻ സർക്കാർ ജോലി നേടണമെന്നത് അച്ഛന്റെ ആഗ്രഹമായിരുന്നെന്ന് ശ്രേയ പറയുന്നു. അദ്ധ്യാപികയാകാനാണ് ഇഷ്ടം. സാമൂഹ്യപാഠമാണ് ഇഷ്ടവിഷയം. പഠിക്കണം, ഒപ്പം അനിയത്തിമാരെ പഠിപ്പിക്കണം. ആ കുഞ്ഞു കണ്ണുകളിലെ ആശങ്ക തെളിഞ്ഞുവന്നു. അർബുദവും പക്ഷാഘാതവും ബാധിച്ച് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഞായറാഴ്ചയാണ് ശ്രേയയുടെ അച്ഛൻ വി. ശിവൻകുട്ടി മരിച്ചത്.

തിങ്കളാഴ്ച എസ്.എസ്.എൽ.സി മലയാളം പരീക്ഷയെഴുതാൻ ശ്രേയ വീട്ടിൽനിന്നിറങ്ങുമ്പോൾ അച്ഛൻ വി.ശിവൻകുട്ടി വെള്ളപുതച്ച് കിടക്കുകയായിരുന്നു. അച്ഛന്റെ കാൽതൊട്ട് നമസ്‌കരിച്ചാണ് ശ്രേയ വിങ്ങുന്ന മനസും കലങ്ങിയ കണ്ണുകളുമായി സ്‌കൂളിലേക്കുപോയത്. ശ്രേയ പരീക്ഷയെഴുതുമ്പോൾ അച്ഛൻ പട്ടഞ്ചേരി വൈദ്യുതശ്മശാനത്തിൽ എരിഞ്ഞടങ്ങുകയായിരുന്നു. മീങ്കര ഫിഷറീസ് സഹകരണസംഘത്തിലെ മത്സ്യത്തൊഴിലാളിയായിരുന്നു ശിവൻകുട്ടി. ശ്രേയയുടെ അമ്മ ശശികല. സഹോദരങ്ങൾ: ശ്രുതി, ശ്രദ്ധ.