കൊല്ലങ്കോട്: കൊടുവായൂരിൽ കോടികൾ ചെലവിട്ട് ബസ് സ്റ്റാൻഡ് പണിതെങ്കിലും നാട്ടുകാർ ഇപ്പോഴും കത്തിയുരുകുന്ന വെയിൽ കൊണ്ട് തെരുവിൽ നിൽക്കേണ്ട സ്ഥിതിയാണ്.
2012-13ൽ എം.പിയുടെ പ്രദേശിക വികസന ഫണ്ടായ ഒരുകോടി ചെലവിട്ട് ഗ്രാമപീടികയിൽ ജി.എച്ച്.എസ്.എസിന് മുന്നിലായി സ്റ്റാൻഡ് കം കമ്മ്യൂണിറ്റി ഹാൾ പണിതെങ്കിലും നാട്ടുകാർക്കും യാത്രക്കാർക്കും യാതൊരു ഗുണവുമില്ല. കൊടുവായൂർ വരെ മാത്രം സർവീസ് നടത്തുന്ന ചില ബസുകളല്ലാതെ പാലക്കാട്, നെന്മാറ, ചിറ്റൂർ, ആലത്തൂർ, കൊല്ലങ്കോട്, പല്ലശന ബസുകൾ സ്റ്റാൻഡിൽ കയറാറില്ല.
ഇതിനാൽ തന്നെ ബസ് കാത്തുനിൽക്കുന്ന വിദ്യാർത്ഥികൾ മുതൽ പ്രായമായവർ വരെ കൊടുംചൂടിൽ അവിടെയുള്ള ചെറിയ ഒരു മരത്തിന്റെ നിഴൽ പറ്റിയാണ് നിൽക്കുന്നത്. മഴക്കാലത്ത് മഴ നനഞ്ഞുമാണ് വിദ്യാർത്ഥികൾ സ്കൂളിലെത്തുന്നത്.
മോട്ടോർ വാഹന വകുപ്പും പൊലീസും പഞ്ചായത്ത് അധികൃതരും ഇടപെട്ട് ബസുകൾ സ്റ്റാൻഡിൽ കയറുന്നതിനുള്ള നടപടിയെടുക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.