വടക്കഞ്ചേരി: ഡാമിലെ മണ്ണും മണലും നീക്കംചെയ്യുന്നത് പാതിവഴിയിലായതോടെ മംഗലംഡാം സമഗ്രകുടിവെള്ള പദ്ധതി അവതാളത്തിലാകുന്നു. ഡാമിലെ മണ്ണ് നീക്കംചെയ്യൽ നിലച്ചതാണ് കോടികളുടെ പദ്ധതിയെ ബാധിക്കുന്നത്. ഡാമിലെ ജലസംഭരണം കൂട്ടുകയെന്ന ലക്ഷ്യത്തോടെയാണ് 2020 ഡിസംബറിൽ സംസ്ഥാനത്ത് ആദ്യ പൈലറ്റ് പദ്ധതിയായി മണ്ണെടുപ്പ് ആരംഭിച്ചത്.
മൂന്ന് വർഷത്തിൽ പദ്ധതി പൂർത്തീകരിക്കുമെന്നായിരുന്നു പ്രഖ്യാപനമെങ്കിലും നടന്നില്ല. കൂടുതൽ ജലസംഭരണത്തിലൂടെ മാത്രമേ കുടിവെള്ള പദ്ധതിക്ക് ജീവൻവയ്ക്കൂ. അതല്ലെങ്കിൽ രണ്ടാംവിള നെൽകൃഷിക്കുള്ള ജലവിതരണത്തോടെ ഡാം വറ്റുന്ന സ്ഥിതിയുണ്ടാകും. 2018 ജൂലായിൽ നിർമ്മാണോദ്ഘാടനം കഴിഞ്ഞ കുടിവെള്ള പദ്ധതിയുടെ പൈപ്പ് ഇടലും പ്രധാന ടാങ്ക് നിർമ്മാണവും പൂർത്തിയായി. നക്ഷത്ര ബംഗ്ലാകുന്നിൽ ജലസംഭരണികളുടെയും ജല ശുദ്ധീകരണ ശാലകളുടെയും പണികൾ അവസാന ഘട്ടത്തിലാണ്.
വണ്ടാഴി, കിഴക്കഞ്ചേരി, വടക്കഞ്ചേരി, കണ്ണമ്പ്ര എന്നീ നാലു പഞ്ചായത്തുകളിലെ കുടിവെള്ള പ്രശ്നം പരിഹരിക്കാനുള്ളതാണ് പദ്ധതി. 95 കോടി രൂപയാണ് പദ്ധതിക്കായി ഇപ്പോൾ കണക്കാക്കിയിട്ടുള്ളതെങ്കിലും പണികൾ പൂർത്തിയാകുമ്പോൾ 140 കോടി വേണ്ടിവരുമെന്നാണ് വിലയിരുത്തൽ.
നക്ഷത്ര ബംഗ്ലാക്കുന്നിൽ 24.50 ദശലക്ഷം ലിറ്റർ പ്രതിദിന ശേഷിയുള്ള ജല ശുദ്ധീകരണശാലയുടെയും അതേ സംഭരണശേഷിയുള്ള ഉന്നതതല ക്ലിയർ വാട്ടർ സംഭരണിയുടെയും പണികളാണ് പൂർത്തിയായത്. ഏതുസമയവും രണ്ട് ടാങ്കുകളിലായി 60 ലക്ഷം ലിറ്റർ വെള്ളം ശുദ്ധീകരണ പ്രക്രിയകളിലൂടെ കടന്നുപോയിക്കൊണ്ടിരിക്കും. പ്രതിദിനം 240 ലക്ഷം ലിറ്റർ വെള്ളം ഡാമിൽ നിന്ന് പമ്പ് ചെയ്യണം. മഴക്കാല മാസങ്ങളിലും ഡിസംബർ വരെയും ഇത് സാധ്യമാകും.
രണ്ടാംവിള നെൽകൃഷിക്ക് വെള്ളം വിടുന്നതിനൊപ്പം കുടിവെള്ളത്തിനും ഇത്രയും വെള്ളം കണ്ടെത്തേണ്ടതുണ്ട്. മഴക്കാലത്ത് ഷട്ടറുകൾ തുറന്ന് പുഴയിലേക്ക് ഒഴുക്കി വെള്ളം പാഴാകുന്നത് തടയാനായാൽ ഈ പദ്ധതികളെല്ലാം വിജയമാകും. ഇതിന് ഡാമിന്റെ സംഭരണശേഷി പൂർവകാല സ്ഥിതിയിലാക്കണം. ഡാമിന്റെ സംഭരണശേഷി കൂട്ടാതെ കുടിവെള്ള പദ്ധതി വിജയിക്കില്ല.