പാലക്കാട്: കണ്ണാടി, കുഴൽമന്ദം, തേങ്കുറുശ്ശി പഞ്ചായത്തുകളിലെ 11,600 കണക്‌ഷനുകളിലായി മുക്കാൽ ലക്ഷത്തോളം പേരുടെ കുടിവെള്ളം മുട്ടിയിട്ട് അഞ്ച് ദിവസം. കണ്ണാടി പുഴയ്ക്കൽ തടയണയിൽ കുടിവെള്ള പദ്ധതിക്ക് പമ്പ് ചെയ്‌തെടുക്കാൻ ആവശ്യമായത്ര വെള്ളമില്ലാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്ന് വാട്ടർ അതോറിട്ടി കുഴൽമന്ദം സെക്‌ഷൻ അസി.എൻജിനിയർ വ്യക്തമാക്കി. കഴിഞ്ഞ ദിവസം മുതലാണ് മൂന്നുപഞ്ചായത്തുകളിലേക്കുള്ള ശുദ്ധജലവിതരണം ജലഅതോറിറ്റി പൂർണമായും നിറുത്തിയത്. ഇതോടെ കുടിവെള്ളത്തിനായി എന്തുചെയ്യുമെന്ന് അറിയാതെ വെട്ടിലായിരിക്കുകയാണ് ജനം. ജലവിതരണം മുടങ്ങിയിട്ട് ആഴ്ചയൊന്നായിട്ടും അധികൃതർ ഇടപെടാത്തതിൽ പ്രതിഷേധം ശക്തമാണ്.

കണ്ണാടി പുഴയ്ക്കൽ തടയണയിൽ നിന്നാണ് പദ്ധതിയിലേക്കു ജലം പമ്പ് ചെയ്‌തെടുത്തിരുന്നത്. ഇവിടെ വെള്ളം പൂർണമായി വറ്റിയ നിലയിലാണ്. പറമ്പിക്കുളം - ആളിയാറിൽ പദ്ധതി പ്രകാരമുള്ള വെള്ളം ചിറ്റൂർ മേഖയിലെ കാർഷികാവശ്യത്തിന് നൽകിയതിനാൽ തടയണയിലേക്കുള്ള ഒഴുക്കിനെ ബാധിക്കുകയും ജലത്തിന്റെ അളവ് കുറയുകയും ചെയ്തു. കൂടുതൽ വെള്ളം കിട്ടിയാൽമാത്രമേ നിലവിലെ പ്രതിസന്ധിക്ക് അയവു വരികയുള്ളൂ. കൊടുമ്പ്, പൊൽപുള്ളി പഞ്ചായത്തുകളിലേക്കു ശുദ്ധജലം എത്തിക്കുന്ന കൊടുമ്പ് പദ്ധതിയും 7 പഞ്ചായത്തുകളിലേക്കു വെള്ളമെത്തിക്കുന്ന ചിറ്റൂർ പുഴയിലെ കുന്നങ്കാട്ടുപതി പദ്ധതിയും പ്രതിസന്ധിയിലാണ്. മൂലത്തറ റഗുലേറ്ററിൽ നിന്നു കുന്നങ്കാട്ടുപതിയിലേക്കു നേരിയ തോതിൽ ജലം ഒഴുക്കിത്തുടങ്ങിയിട്ടുണ്ട്. ഈ വെള്ളമെത്തി റഗുലേറ്റർ നിറഞ്ഞാലേ താഴെ പുഴയിലേക്ക് ഒഴുകിത്തുടങ്ങൂ. ഇതിനു ദിവസങ്ങളെടുക്കും. അതുവരെ കണ്ണാടി പുഴയ്ക്കൽ പദ്ധതിയടക്കം പൂർണമായി നിർത്തിവയ്‌ക്കേണ്ടി വരും.

മിനി കുടിവെള്ള പദ്ധതികളെല്ലാം പ്രവർത്തന രഹിതം

കണ്ണാടി, കുഴൽമന്ദം, തേങ്കുറുശ്ശി പഞ്ചായത്തുകളിൽ മുൻകാലങ്ങളിൽ സജീവമായിരുന്ന മിനി കുടിവെള്ള പദ്ധതികളെല്ലാം പ്രവർത്തന രഹിതമാണ്. കുടിവെള്ളത്തിനായി പുഴവെള്ളം വാട്ടർ അതോറിറ്റി ലഭ്യമാക്കിയതോടെ മിനി കുടിവെള്ള കണക്‌ഷൻ ഭൂരിഭാഗം പേരും വേണ്ടെന്നുവച്ചു. നിലവിൽ മിനി കുടിവെള്ളപദ്ധതിയുമില്ല, വാട്ടർ അതോറിട്ടിയുടെ പൈപ്പ് ലൈനിലും വെള്ളമില്ലെന്ന അവസ്ഥയാണ്. പ്രായമായവരും കുട്ടികളും സ്ത്രീകളും ഉൾപ്പെടുന്ന മൂക്കാൽ ലക്ഷത്തോളം കുടുംബങ്ങൾ അക്ഷരാർത്ഥത്തിൽ വെള്ളത്തിനായി നെട്ടോട്ടമോടുകയാണ്.

 കത്തിന് മറുപടിയില്ല
ആളിയാറിൽ നിന്ന് അധിക ജലം ആവശ്യപ്പെട്ട് കേരളം നൽകിയ കത്തിനു ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. കഴിഞ്ഞദിവസം ആളിയാറിൽ നിന്നു സെക്കൻഡിൽ 230 ഘനയടി തോതിലാണു ചിറ്റൂർ പുഴയിലേക്കു വെള്ളം ലഭിക്കുന്നത്. സർക്കാർ തലത്തിൽ ശക്തമായി ഇടപെട്ട് കൂടുതൽ ജലം നേടിയെടുക്കണമെന്നാണ് ആവശ്യം.