
പാലക്കാട്: മോഡൽ പരീക്ഷയ്ക്ക് മാർക്ക് കുറഞ്ഞെന്ന് ആരോപിച്ച് ഒലവക്കോട് റെയിൽവേ സ്‌കൂളിൽ ഹയർസെക്കൻഡറി വിദ്യാർത്ഥിയെ ഫൈനൽ പരീക്ഷ എഴുതാൻ അനുവദിക്കാത്ത സംഭവത്തിൽ പ്രിൻസിപ്പലിന് വീഴ്ചയെന്ന് ഡി.ഡി.ഇയുടെ പ്രാഥമികാന്വേഷണ റിപ്പോർട്ട്. പരീക്ഷാ സെക്രട്ടറിക്ക് റിപ്പോർട്ട് കൈമാറി.
മാർച്ച് ഒന്നിന് രാവിലെ ഫിസിക്സ് പരീക്ഷയ്‌ക്കെത്തിയപ്പോൾ പ്രിൻസിപ്പൽ പരീക്ഷയെഴുതേണ്ടെന്ന് പറഞ്ഞ് മടക്കി അയച്ചുവെന്ന് കാട്ടി സഞ്ജയ് എന്ന വിദ്യാർത്ഥിയാണ് പരാതി നൽകിയത്. സേ പരീക്ഷ എഴുതിയാൽ മതിയെന്നും പ്രിൻസിപ്പൽ നിർദ്ദേശിച്ചിരുന്നു.
സേ പരീക്ഷ എഴുതാൻ പറഞ്ഞത് കുട്ടിയെ മാനസികമായി തളർത്തിയെന്നും ലളിതമായി പരിഹരിക്കേണ്ട വിഷയത്തിൽ പ്രിൻസിപ്പൽ ഇടപെട്ടത് ഗൗരവത്തോടെയല്ലെന്നും റിപ്പോർട്ടിലുണ്ട്.
എന്നാൽ, കുട്ടി ഫിസിക്സ് പരീക്ഷ എഴുതുന്നില്ലെന്ന് അമ്മ എഴുതി തന്നിരുന്നുവെന്നാണ് പ്രിൻസിപ്പൽ പറയുന്നത്. ഇത് വിദ്യാർത്ഥിയും രക്ഷിതാവും നിഷേധിച്ചു.
തെറ്റായ കാര്യം: മന്ത്രി
കുട്ടിയെ പരീക്ഷ എഴുതിക്കാത്തത് തെറ്റാണെന്ന് മന്ത്രി വി.ശിവൻകുട്ടി. നൂറ് ശതമാനം വിജയം ലക്ഷ്യമിട്ട് പരീക്ഷ എഴുതിക്കാതിരുന്നത് തന്നെയാണ്. ഇത്തരം പ്രവണതകൾ എതിർക്കപ്പെടണം. വിദ്യാഭ്യാസ ഡയറക്ടർ നേരിട്ടും സംഭവം അന്വേഷിക്കും.