മുതലമട: പറമ്പിക്കുളത്തെ ജനങ്ങൾക്ക് തമിഴ്നാടിനെ ആശ്രയിക്കാതെ കേരളത്തിലെത്താൻ കഴിയുന്ന സ്വപ്ന പദ്ധതിയായ പറമ്പിക്കുളം-തേക്കടി വനപാത യാഥാർത്ഥ്യത്തിലേക്ക് അടുക്കുന്നുവെന്ന് മുതലമട പഞ്ചായത്ത് പ്രസിഡന്റ് പി.കൽപ്പന ദേവി. ചെമ്മണാമ്പതി പറമ്പിക്കുളം-തേക്കടി റോഡ് പ്രഥമിക കോൺക്രീറ്റ് നിർമ്മാണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. പറമ്പിക്കുളത്തുള്ളവർക്ക് തമിഴ്നാട്ടിൽ കയറാതെ കേരളത്തിലെത്താൻ കഴിയുന്ന കാലം വിദൂരമല്ല. മുതലമടയിലെയും പറമ്പിക്കുളത്തെയും ജനങ്ങളുടെ നിരവധി സമരങ്ങളുടെ ഫലമാണ് ഈ പദ്ധതിയെന്നും പഞ്ചായത്തിന്റെ സുപ്രധാന അജണ്ടയായ വനപാതയുടെ പൂർത്തീകരണത്തോടെ പഞ്ചായത്തിന്റെ ചരിത്രത്തിൽ ഒരു പൊൻ തൂവൽ കൂടി ചേരുമെന്നും അവർ കൂട്ടി ചേർത്തു.
റോഡ് നിർമാണം പൂർത്തിയാവുന്നതോടെ മുതലമട പഞ്ചായത്തിൽ നിന്ന് 20 കിലോമീറ്റർ യാത്ര ചെയ്താൽ മതിയാകും. വനപാതവഴി ജീപ്പ് ഗതാഗതം സാധ്യമാകും.പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.താജുദ്ദീൻ അദ്ധ്യക്ഷനായി. പഞ്ചായത്ത് അംഗങ്ങളായ ജാസ്മിൻ ഷെയ്ക്ക്, സി.വിനേഷ്, നസീമ കമറുദീൻ, ബി.മണികണ്ഠൻ, ശെൽവി, പഞ്ചായത്ത് സെക്രട്ടറി പ്രസാദ്, വിവിധ കോളനി മൂപ്പൻമാരായ അല്ലി മൂപ്പൻരാമൻകുട്ടി, 30 ഏക്കർ കോളനി ലക്ഷ്മണൻ, പുറവംമ്പാടി ലക്ഷ്മണൻ, തൊഴിലുറപ്പ് അസിസ്റ്റന്റ് എൻജിനിയർ അനഘ, ട്രൈബൽ ഓഫീസർ അജീഷ് ഭാസ്‌ക്കർ തുടങ്ങിയവർ പങ്കെടുത്തു.