
ആലത്തൂർ: ആലത്തൂരിന്റെ ഭരണ ചക്രം തിരിക്കുന്നത് 15 വനിതാരത്നങ്ങളാണ്. ആലത്തൂർ താലൂക്കിൽ ആലത്തൂർ, കുഴൽമന്ദം ബ്ലോക്കുകൾക്ക് കീഴിലാണ് ഏറ്റവുമധികം വനിതാ ജനപ്രതിനിധികളും ഉദ്യോഗസ്ഥരുള്ളത്. 55 ശതമാനത്തിന് മുകളിൽ വനിതകൾ വസിക്കുന്ന ഭരണ, ഉദ്യോഗസ്ഥ തലത്തിൽ ശ്രദ്ധേയരായ വനിതകളാൽ സമ്പന്നമാണ് ആലത്തൂർ.
പാട്ടുപാടി വിജയിച്ചു കയറി ചരിത്രം മാറ്റിയെഴുതി പാർലിമെന്റിൽ ശബ്ദമായി മാറിയ രമ്യ ഹരിദാസ് എം.പി ഉൾപ്പെടെ ബ്ലോക്ക് പഞ്ചായത്തിൽ 8 പഞ്ചായത്തുകളുടെയും വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന പ്രസിഡന്റ് രജനി ബാബു, ഭരണ സിരാ കേന്ദ്രമായ ആലത്തൂർ ഗ്രാമ പഞ്ചായത്തിന്റെ സമഗ്ര വികനത്തിന് ചുക്കാൻ പിടിക്കുന്ന പ്രസിഡന്റ് എ.ഷൈനി, ഉദ്യോഗസ്ഥ തലത്തിൽ ഭരണ സിരാകേന്ദ്രത്തിൽ നേതൃത്വം നൽകുന്ന തഹസിൽദാർ ടി.ജയശ്രീ, (തൃശൂർ താലൂക്കിനെ കഴിഞ്ഞ മൂന്ന് വർഷക്കാലം മികച്ച താലൂക്ക് എന്ന അംഗീകാരം നേടാൻ പ്രാപ്തമാക്കിയ ഒരാളാണ്), ആലത്തൂർ ബ്ലോക്കിന്റെ സമൂല വികസന ക്ഷേമ കാര്യങ്ങളിൽ ഭരണ നിർവഹണ ഉദ്യോഗസ്ഥയായ ബ്ലോക്ക് ഡവലപ്പ്‌മെന്റ് ഓഫീസർ പി.പി.പ്രിയ, താലൂക്കിലെ കുറ്റമറ്റ റേഷൻ സംവിധാനത്തിന് നേതൃത്വം നൽകുന്ന താലൂക്ക് സപ്ലൈ ഓഫീസർ എൻ.ജെ.നിഷ, ഭക്ഷ്യ സുരക്ഷയിൽ ആലത്തൂരിനെ പരിപാലിക്കുന്ന ആലത്തൂർ സർക്കിൾ ഭക്ഷ്യ സുരക്ഷ ഓഫീസർ സി.പി.അനീഷ, ആലത്തൂരിന്റെ മുന്നേറ്റത്തിനു വിദ്യാഭ്യാസ മേഖലയിൽ പുത്തൻ ഉണർവ് സമ്മാനിച്ച ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി. ജയന്തി, സഹകരണ ഓഡിറ്റ് വിഭാഗത്തെ നയിക്കുന്ന അസിസ്റ്റന്റ് ഡയരക്ടർ സഹകരണ ഓഡിറ്റർ കെ.രാധ, കാർഷിക മേഖലയായ ആലത്തൂരിലെ നെൽകൃഷിക്ക് കനാൽ വഴി വെള്ളം എത്തിച്ചു നെൽകൃഷിയെ പരിപാലിക്കുന്ന അസിസ്റ്ററ്റ് എക്സിക്യുട്ടീവ് എൻജിനീയർ കനാൽ സബ് ഡിവിഷൻ ആലത്തൂർ സ്മിത ബാലകൃഷ്ണൻ, തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ മുൻപന്തിയിൽ നിൽക്കുന്ന അസിസ്റ്ററ്റ് ലേബർ ഓഫീസർ ജി.എസ്.ജിഷ, അളവിലും തൂക്കത്തിലും കൃതിമം കാണിക്കുന്ന വ്യാപാരികളെയും മറ്റു വിഭാങ്ങൾക്കെതിരെ ശക്തമായ നടപടിയിലൂടെ ഉപഭോക്താക്കളുടെ അവകാശം സംരക്ഷിക്കുന്ന ലീഗൽ മെട്രോളജി ഇൻസ്‌പെക്ടർ ഐ.ആർ.ജീന, പരമ്പരാഗത കിഴങ്ങ് വിളകൾ സംരക്ഷിക്കുകയെന്ന ആലത്തൂർ ബ്ലോക്കിന്റെയും പഞ്ചായത്തിന്റെയും കാർഷിക പദ്ധതികൾ കൃഷിക്കാർക്ക് പ്രയോജനമാകും വിധം ജനകീയമാക്കി കുട്ടികർഷകരെ വാർത്തെടുത്ത ആലത്തൂർ കൃഷി ഓഫീസർ കെ.ശ്രുതി,
ജില്ലയിലെ മികച്ച വില്ലേജായും മൂന്ന് വില്ലേജ് ഓഫീസർമാരിലൊരാളായി തിരഞ്ഞെടുക്കപ്പെട്ട ആലത്തൂർ വില്ലേജ് ഓഫീസർ ആർ.ഷീജ, താലൂക്കിലെ എംപ്ലോയ്‌മെന്റ് ഓഫീസർ ജി.ഹേമ എന്നീ വനിതാ രത്നങ്ങളാണ് അന്താരാഷ്ട്ര വനിതാദിനത്തിൽ ആലത്തൂരിന്റെ മുഖവും കരുത്തും.