ആലത്തൂർ: ടൗണിൽ കെട്ടിട നിർമ്മാണ ചട്ടം ലംഘിച്ച് സർക്കാർ ഭൂമി കയ്യേറിയുള്ള നിർമ്മാണങ്ങൾക്കെതിരെ നടപടി സ്വീകരിക്കാൻ ആലത്തൂർ താലൂക്ക് വികസന സമിതി യോഗം തീരുമാനിച്ചു. പത്തനാപുരംതോണിപ്പാടം റോഡിൽ ജൽജീവൻ മിഷന്റെ ഭാഗമായി പൈപ്പ് ഇടൽ പൂർത്തിയായി റീസ്റ്റോറേഷൻ പ്രവർത്തിയുടെ ഭാഗമായുള്ള ടാറിംഗ് ഉടനെ പൂർത്തീകരിക്കണമെന്ന് വികസന സമിതി യോഗം ആവശ്യപ്പെട്ടു. നിലവിൽ പാലക്കാട് കളക്ടറേറ്റിൽ ചേരുന്ന ആലത്തൂർ താലൂക്ക് ലാൻഡ് ബോർഡ് യോഗം സൗകര്യം പരിഗണിച്ച് ആലത്തൂർ താലൂക്ക് പരിധിയിൽ വിളിച്ചു ചേർക്കുന്നതിനുള്ള നടപടി സ്വീകരിക്കാനും വികസന സമിതി യോഗം ആവശ്യപ്പെട്ടു.
ആലത്തൂർ താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ എരിമയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.പ്രേമകുമാർ അദ്ധ്യക്ഷനായി. ആലത്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ചന്ദ്രൻ പരുവക്കൽ, ആലത്തൂർ തഹസിൽദാർ ടി. ജയശ്രീ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വിവിധ വകുപ്പ് മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.