പാലക്കാട്: ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടർ പട്ടികയിലെ ഇരട്ടിപ്പ്, പട്ടികയിൽ നിന്ന് ഒഴിവാക്കൽ തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കാൻ ജില്ലയിൽ ബൂത്ത് തലത്തിൽ റൗണ്ട് ടേബിൾ യോഗം നടത്താൻ ജില്ലാ ഭരണകൂടം. ജില്ലയിൽ ആകെ 22,78,020 സമ്മതിദായകരാണ് നിലവിലുള്ളത്. 11,13,454 പുരുഷന്മാരും 11,64,547 സ്ത്രീകളും 19 ട്രാൻസ്‌ജെൻഡർമാരും ഉൾപ്പെടുന്നു. 31,935 പേർ പുതിയതായി വോട്ടർപട്ടികയിൽ പേര് ചേർത്തിട്ടുണ്ട്. വോട്ടെടുപ്പിന് നേരിട്ടെത്താൻ കഴിയാത്ത 85 വയസ് കഴിഞ്ഞവർക്കും ഭിന്നശേഷിക്കാർക്കും തപാൽ ബാലറ്റ് നൽകും. ഇവരുടെ പട്ടിക തയ്യാറാക്കി ബി.എൽ.ഒമാർ 12ഡി ഫോറം വീടുകളിൽ നേരിട്ടെത്തിക്കും.
ജില്ലയിലെ മുഴുവൻ പോളിംഗ് സ്റ്റേഷനുകളും ഭിന്നശേഷി, പരിസ്ഥിതി സൗഹൃദമായിരിക്കുമെന്ന് കളക്ടർ വ്യക്തമാക്കി.
പ്രചാരണത്തിന് സ്വകാര്യ സ്ഥലങ്ങൾ മാത്രം
സ്ഥാനാർത്ഥികൾ പ്രചാരണത്തിനായി സ്വകാര്യ സ്ഥലങ്ങൾ മാത്രമേ ഉപയോഗിക്കാവൂ. പൊതുസ്ഥലങ്ങളിൽ നിയമവിരുദ്ധമായി സ്ഥാപിച്ചിട്ടുള്ള ഫ്ളക്സ്, പോസ്റ്റർ എന്നിവ നീക്കം ചെയ്തില്ലെങ്കിൽ പൊലീസ് സഹായത്തോടെ നീക്കും. ഇതിന്റെ ചെലവ് സ്ഥാനാർത്ഥികളിൽ നിന്ന് ഈടാക്കും. മതിലുകൾ, വൈദ്യുത പോസ്റ്റ് ഉൾപ്പടെ സർക്കാർ സ്ഥാപനങ്ങളുടെ കീഴിലെ ഒരിടങ്ങളും പ്രചാരണത്തിനായി ഉപയോഗിക്കാൻ പാടില്ല.
2108 പോളിംഗ് സ്റ്റേഷനുകൾ
ജില്ലയിൽ 12 നിയമസഭാ മണ്ഡലങ്ങളിലായി 2108 പോളിംഗ് സ്റ്റേഷനുകളാണുള്ളത്. ഇതിൽ തൃത്താല നിയോജക മണ്ഡലത്തിലെ 155 പോളിംഗ് സ്റ്റേഷനുകൾ പൊന്നാനി ലോക്‌സഭാ മണ്ഡലത്തിലാണ്. പട്ടാമ്പി, ഷൊർണൂർ, ഒറ്റപ്പാലം, കോങ്ങാട്, മണ്ണാർക്കാട്, മലമ്പുഴ, പാലക്കാട് എന്നീ ഏഴ് മണ്ഡലങ്ങളിലായുള്ള 1329 പോളിംഗ് സ്റ്റേഷനുകൾ പാലക്കാട് ലോക്‌സസഭാ മണ്ഡലത്തിലും തരൂർ, ചിറ്റൂർ, നെന്മാറ, ആലത്തൂർ മണ്ഡലങ്ങളിലെ 624, തൃശൂർ ജില്ലയിലെ ചേലക്കര, കുന്നംകുളം, വടക്കാഞ്ചേരി മണ്ഡലങ്ങളിലെ 532 ഉൾപ്പെടെ 1156 പോളിംഗ് സ്റ്റേഷനുകൾ ആലത്തൂർ ലോക്‌സഭാ മണ്ഡലത്തിലും ഉൾപ്പെടുന്നു. 1500ൽ കൂടുതൽ വോട്ടർമാരുള്ള 14 പോളിംഗ് സ്റ്റേഷൻ; തൃത്താല(5), പട്ടാമ്പി(5).
138 സ്‌ക്വാഡുകൾ
മാതൃകാ പെരുമാറ്റച്ചട്ടം പാലിക്കുന്നതിനും തിരഞ്ഞെടുപ്പ് ചെലവുകളുടെ പരിശോധനയ്ക്കുമായി രൂപീകരിച്ച 138 സ്‌ക്വാഡുകൾ തിരഞ്ഞെടുപ്പ് പ്രഖ്യാപനം നടക്കുന്ന അന്നുതന്നെ 24 മണിക്കൂർ ഫീൽഡ് പ്രവർത്തനം ആരംഭിക്കും. പ്രശ്നബാധിത, മാവോയിസ്റ്റ് ഭീഷണി പശ്ചാത്തലമുള്ള മേഖലകളിലും സ്‌ക്വാഡ് കർശന പരിശോധന നടത്തും.