rpf-

ഒറ്റപ്പാലം: കൂകിപ്പായുന്ന ട്രെയിനുകളിലും റെയിൽവേ സ്റ്റേഷനുകളിലും സ്ത്രീ യാത്രക്കാർക്കും മറ്റും സുരക്ഷിത യാത്ര ഒരുക്കാൻ അർപ്പണമനസോടെ ഒപ്പമുണ്ടാകുമെന്ന വാക്കാണ് വനിതാ ദിനത്തിൽ ഷൊർണൂർ റെയിൽവേ സംരക്ഷണ സേനയിലെ വനിതകൾ പങ്കിടുന്ന സന്ദേശം. ഇവിടെ ആർ.പി.എഫ്. സ്റ്റേഷൻ ഇൻസ്‌പെക്ടർ ക്ലാരിവിൽസന്റെ നേതൃത്വത്തിലുള്ള 14 വനിതകളാണ് റെയിൽവെ സംരക്ഷണസേനയുടെ കരുത്തും മുഖവും. യാത്രക്കാരോടുള്ള ആർ.പി.എഫിന്റെ ഉത്തരവാദിത്വങ്ങളെ തുല്യ പങ്കാളിത്തത്തോടെ നിറവേറ്റുകയാണിവർ. കേസുകൾ കണ്ടെത്തുന്നതു മുതൽ പ്രതികളെ പിടികൂടാൻ വരെ ആർ.പി.എഫ് വനിതാ ശക്തി പ്രയോജനപ്പെടുത്തുന്നു. ട്രെയിനുകളിൽ യാത്രക്കാരുടെ സുരക്ഷയ്ക്കായി പോകുന്നതും ഇവർ തന്നെ.
കേസ് രജിസ്റ്റർ മുതൽ നിരീക്ഷണ ക്യാമറകളുടെ പരിശോധന ഭംഗിയായി നിർവഹിക്കും.
റെയിൽവേ സംരക്ഷണസേനയിൽ വനിതകളുടെ എണ്ണം ഓരോ വർഷവും കൂടി വരുന്നതും പെൺകരുത്തിന്റെ പെരുമ തന്നെ. സൗമ്യയെ പോലെ മറ്റൊരു പെൺകുട്ടിയുടെ രക്തസാക്ഷിത്വം ആവർത്തിക്കാതിരിക്കാൻ ഉരുക്ക് പാളങ്ങളിൽ ഓടുന്ന ട്രെയിനുകളിൽ ഉരുക്ക് മനസോടെ കാവൽ നിൽക്കുകയാണ് ആർ.പി.എഫിന്റെ ഉരുക്ക് വനിതകൾ. ശുഭയാത്രയുടെ കാവലായി, കരുതലായി.