പാലക്കാട്: ലോകത്തെ മികച്ച തൊഴിലവസരങ്ങൾ സ്വന്തമാക്കാൻ കഴിയുന്ന മനുഷ്യവിഭവ ശേഷി സൃഷ്ടിക്കാൻ കേരളത്തിന് കഴിയുന്നുണ്ടെന്ന് മന്ത്രി എം.ബി.രാജേഷ്. അതുകൊണ്ടാണ് വിദേശ തൊഴിലവസരങ്ങൾ ലഭിക്കുന്നത്. ഡി.ഡി.യു.ജി.കെ.വൈയും കുടുംബശ്രീയും ചേർന്ന് നടത്തുന്ന നൈപുണ്യ പരിശീലനം ഫലപ്രദമായി സംഘടിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. അതിലൂടെ അനേകം പേർക്ക് തൊഴിലവസരവും വരുമാനവും ഉറപ്പാക്കാൻ കഴിഞ്ഞു. പാലക്കാട് ജില്ലാ കുടുംബശ്രീ മിഷൻ സംഘടിപ്പിച്ച അലുമ്നി മീറ്റ് 'നെക്സസ് 2024 ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ദീൻ ദയാൽ ഉപാധ്യായ ഗ്രാമീൺ കൗശല്യ യോജന, യുവ കേരളം പദ്ധതികളിലായി ജില്ലയ്ക്ക് അകത്തും പുറത്തുമായി വിവിധ സ്ഥാപനങ്ങളിൽ നിന്ന് പരിശീലനം പൂർത്തിയാക്കിയ പൂർവ്വ വിദ്യാർത്ഥികളും നിലവിൽ ജോലി ലഭിക്കാൻ സാധ്യതയുള്ളവരേയും ഉൾപ്പെടുത്തിയാണ് മീറ്റ് സംഘടിപ്പിച്ചത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോൾ അദ്ധ്യക്ഷയായി. ഡി.ഡി.യു.ജി.കെ.വൈ പഠനത്തിലൂടെ വിദേശത്ത് ജോലി ലഭിച്ച ഉദ്യോഗാർത്ഥികൾക്ക് മന്ത്രി ഓഫർ ലെറ്റർ കൈമാറി. മികച്ച പ്രോജക്ട് ഇംപ്ലിമെന്റേഷൻ ഏജൻസിക്കുള്ള അവാർഡ് ഒറ്റപ്പാലം കിൻഫ്രയിൽ പ്രവർത്തിക്കുന്ന സിപ്പെറ്റിന് ലഭിച്ചു. അസാപ്പ് സ്‌കിൽ ട്രെയിനർ അഡ്വ: ബിലാൽ മുഹമ്മദ് പ്രഭാഷണം നടത്തി.
കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ കെ.കെ.ചന്ദ്രദാസ്, വാർഡ് അംഗം പി.വിജയലക്ഷ്മി, നോർത്ത് സി.ഡി.എസ് ചെയർപേഴ്സൺ കെ.സുലോചന എന്നിവർ പങ്കെടുത്തു.