ശ്രീകൃഷ്ണപുരം: വർഷങ്ങളായി വാടക വീട്ടിൽ കഴിയുന്ന വിദ്യാർത്ഥിക്ക് സഹപാഠികളുടെയും സ്കൂളിന്റെയും നേതൃത്വത്തിൽ വീടൊരുങ്ങി. ശ്രീകൃഷ്ണപുരം ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിലാണ് സ്കൂളിലെ വിദ്യാർത്ഥിക്കും കുടുംബത്തിനും വീട് എന്ന സ്വപ്നം യാഥാർഥ്യമാക്കിയത്. പഴയ സാധനങ്ങൾ ശേഖരിച്ചുo അവ വിൽപ്പന നടത്തിയുമാണ് വിദ്യാർത്ഥികൾ വീട് നിർമ്മാണത്തിന് പണം കണ്ടെത്തിയത്.
നിർമ്മാണം പൂർത്തീകരിച്ച സ്നേഹ വീടിന്റെ താക്കോൽ ഇന്ന് രാവിലെ ഒൻപതിന് വി.കെ.ശ്രീകണ്ഠൻ എം.പി. കുടുബത്തിന് കൈമാറും. കെ.പ്രേംകുമാർ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. വർഷങ്ങളായി വിദ്യാർത്ഥിയും കുടുംബവും വാടക വീട്ടിൽ ആണ് കഴിഞ്ഞു വരുന്നത്. ശ്രീകൃഷ്ണപുരം ആശുപത്രിപ്പടിക്ക് സമീപo 1574 ചതുരശ്ര അടി വിസ്തീർണത്തിലാണ് കുടുംബത്തിനായി സ്നേഹ വീട് നിർമ്മിച്ചു നൽകുന്നത്. സ്കൂളിലെ വിരമിച്ച അധ്യാപകർ, മാനേജ്‌മെന്റ്, സമൂഹത്തിലെ വിവിധ മേഖലയിൽ പ്പെട്ടവർ, നാട്ടുകാർ എന്നിവരും മേൽനോട്ടം വഹിച്ചു. ഡിവൈൻ ബിൽഡേഴ്‌സ് ഉടമ ടി. രാജാമണിയും സഹായ ഹസ്തവുമായി ഒപ്പം നിന്നതോടെ വീട് ദ്രുതഗതിയിൽ പൂർത്തിയായി.