waste

ചിറ്റൂർ: മാലിന്യനിർമ്മാർജ്ജനത്തിനായി സർക്കാരും പ്രാദേശിക ഭരണകൂടങ്ങളും പ്രചരണങ്ങളും ബോധവത്കണ പ്രവർത്തനങ്ങളും നിരവധി നടത്തുന്നതായി അവകാശപ്പെടുമ്പോഴും റോഡുവക്കിൽ മാലിന്യം കുമിഞ്ഞു കൂടുന്നത് കുറയുന്നില്ല.

കിഴക്കൻ മേഖലയിൽ സംസ്ഥാന പാതയോരങ്ങളിൽ മാലിന്യങ്ങൾ നിത്യ കാഴ്ചയാണ്. മാലിന്യം കുമിഞ്ഞുകൂടുമ്പോൾ പ്രാദേശിക ഭരണകൂടം ജെ.സി.ബി പോലുള്ള യന്ത്രങ്ങൾ കൊണ്ടു വന്ന് അവ എടുത്തു മാറ്റുകയോ മണ്ണിട്ടു മൂടുകയോ ചെയ്യും. ദിവസങ്ങൾക്കകം വീണ്ടും മാലിന്യം കുമിഞ്ഞുകൂടും. കൊഴിഞ്ഞാമ്പാറ അത്തിക്കോട് വെന്ത പാളയം മേനോൻ പാറ സംസ്ഥാന പാതയോരത്തു നിരവധി ചാക്കു കെട്ടുകളാക്കിയാണ് മാലിന്യങ്ങൾ നിക്ഷേപിച്ചിരിക്കുന്നത്. പലതരത്തിലുള്ള മാലിന്യങ്ങളും ഇതിലുണ്ട്. ഈ പ്രദേശങ്ങളിൽ തെരുവ് നായ്ക്കളുടെ ശല്യം യാത്രക്കാർക്ക് ഭീഷണിയാണ്.

വെന്തപാളയം, എലപ്പുള്ളി പഞ്ചായത്ത് പരിധിയിലാണ് നിലവിൽ കൂടുതലായും മാലിന്യ കൂമ്പാരം കുമിഞ്ഞു കൂടിയിരിക്കുന്നത് എങ്കിലും കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ അതൃത്തി കൂടിയാണ് ഈ പ്രദേശം. 50 മീറ്റർ മാറിയാൽ വടകരപ്പതി പഞ്ചായത്ത് അതൃത്തിയിലെത്താം. മൂന്നു പഞ്ചായത്തുകളുടേയും അതൃത്തി പങ്കിടുന്ന പ്രദേശമായതിനാൽ ഈ ഭാഗത്തേക്ക് പ്രാദേശിക ഭരണകൂടങ്ങൾ കാര്യമായ ശ്രദ്ധ പതിപ്പിക്കാറില്ലെന്ന് പ്രദേശവാസികൾ പരാതിപ്പെട്ടു.

കാമറകൾ സ്ഥാപിച്ചു

സാമൂഹ്യവിരുദ്ധശല്യം കണ്ടെത്തി കർശനമായ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതി തുടക്കമെന്ന നിലയിൽ ഒരു ചില കേന്ദ്രങ്ങളിൽ സി.സി.ടിവി കാമറകൾ സ്ഥാപിച്ചിട്ടുണ്ട്. കാര്യക്ഷമമായി ഇത് പ്രവർത്തിപ്പിച്ചാൽ സാമൂഹ്യ വിരുദ്ധരെ കണ്ടെത്തി മാതൃകാപരമായ നടപടിക്കു വിധേയരാക്കാമെന്നാണ് ഭരണ സമിതിയുടെ പ്രതീക്ഷ.