പാലക്കാട്: നീണ്ട കാത്തിരിപ്പിനൊടുവിൽ പാലക്കാട് ഗവ. മെഡിക്കൽ കോളേജിൽ കിടത്തിചികിത്സ യാഥാർത്ഥ്യമാകുന്നു. ഇന്ന് ഉച്ചയ്ക്ക് 3.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഐ.​പി​ ​വി​ഭാ​ഗം​ ​ആ​ദ്യ​ഘ​ട്ട​ ​ഉ​ദ്ഘാ​ട​നം​ ​നിർവഹിക്കും. മന്ത്രി കെ. രാധാകൃഷ്ണൻ അദ്ധ്യക്ഷനാകും. മന്ത്രിമാരായ വീണാ ജോർജ്, കെ.കൃഷ്ണൻകുട്ടി, എം.ബി.രാജേഷ്, വി.കെ.ശ്രീകണ്ഠൻ എം.പി, മുൻ മന്ത്രിമാരായ എ.കെ.ബാലൻ, എ.പി അനിൽകുമാർ എന്നിവർ വിശിഷ്ടാതിഥികളാകും. 2014ൽ പ്രവർത്തനം തുടങ്ങിയ പാലക്കാട് മെഡിക്കൽകോളേജിൽ പത്തുവർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഇന്ന് കിടത്തിച്ചികിത്സ യാഥാർത്ഥ്യമാകുന്നത്.

 ആദ്യഘട്ടത്തിൽ 120 കിടക്കകൾ

120 കിടക്കകളാണ് മെഡിക്കൽ കോളേജിലെ രണ്ട്, മൂന്ന് നിലകളിലായി ഒരുക്കിയിരിക്കുന്നത്. 500 കിടക്കകളെങ്കിലും സജ്ജീകരിക്കുമെന്നാണ് പറഞ്ഞതെങ്കിലും നടന്നില്ല. എക്സ്‌റേ, എൻഡോസ്‌കോപ്പി, അൾട്രാസൗണ്ട് സ്‌കാനിങ് സൗകര്യങ്ങളെല്ലാം ഏർപ്പെടുത്തിയിട്ടുണ്ട്. ത്വക്ക്, ഇ.എൻ.ടി, കണ്ണ്, മെഡിസിൻ, ഡെന്റൽ, മൈനർ സർജറി, ഓർത്തോ, പൾമനോളജി, എ.ആർ.ടി., മാനസികരോഗവിഭാഗം എന്നിവയ്ക്കാണ് ഒ.പി.കൾ പ്രവർത്തിക്കുന്നത്.

 അത്യാഹിതവിഭാഗം വേണം

രാവിലെ എട്ടുമുതൽ ഉച്ചയ്ക്ക് മൂന്നുവരെ പ്രവർത്തിക്കുന്ന ഒ.പി. സൗകര്യം മാത്രമാണ് മെഡിക്കൽ കോളേജിലുള്ളത്. അത്യാഹിതവിഭാഗം പ്രവർത്തിക്കാത്തതിനാൽ പെട്ടെന്നൊരു അപകടമുണ്ടായാൽ ഇപ്പോഴും ജില്ലാ ആശുപത്രിയെ ആശ്രയിക്കേണ്ട അവസ്ഥയുണ്ട്. വിദഗ്ധചികിത്സ ആവശ്യമെങ്കിൽ തൃശ്ശൂർ, കോഴിക്കോട്, കോയമ്പത്തൂർ എന്നിവിടങ്ങളിലേക്കും പോകണം. ഓപ്പറേഷൻ തീയേറ്ററും ഐ.സി.യു.വും അത്യാഹിതവിഭാഗവുമെല്ലാം പ്രവർത്തനം തുടങ്ങിയാലേ മെഡിക്കൽകോളേജിന്റെ യഥാർത്ഥ ഗുണം സാധാരണക്കാരായ ജനങ്ങൾക്ക് ലഭ്യമാകൂ.


 ബസ് കാത്തിരുപ്പ് കേന്ദ്രം വേണം

മെഡിക്കൽകോളേജിനുമുന്നിൽ ബസ്‌സ്റ്റോപ്പുണ്ടെങ്കിലും തൃശ്ശൂർ, കോയമ്പത്തൂർ ഭാഗത്തേക്കുള്ള ബസ് മാത്രമാണ് ഇതുവഴി പോകുന്നത്. മണ്ണാർക്കാട്, കോങ്ങാട്, ഒറ്റപ്പാലം, പട്ടാമ്പി എന്നിവിടങ്ങളിൽ നിന്നുവരുന്നവർ പാലക്കാട് നഗരത്തിലെത്തി, ഏഴു കിലോമീറ്റർ അകലെയുള്ള മെഡിക്കൽ കോളേജിലേക്കെത്താൻ ഓട്ടോ പിടിക്കണം. ചിറ്റൂർ ഭാഗത്തു നിന്നെത്തുന്നവർ ദേശീയപാതയിൽ ബസിറങ്ങിയാലും ഒരുകിലോമീറ്ററോളം നടക്കണം. നെന്മാറ, കൊടുവായൂർ, ഭാഗത്തു നിന്നെത്തുന്നവർക്കാകട്ടെ കണ്ണാടി ബൈപ്പാസിൽ ബസിറങ്ങി മാറിക്കയറണം. ബസ് ടെർമിനൽ ആരംഭിച്ചാൽ ഈ പ്രശ്നങ്ങൾക്ക് പരിഹാരമാകും.