vk

പാലക്കാട്: പൗരത്വനിയമം നടപ്പാക്കുന്നതിലൂടെ രാജ്യത്തിന്റെ മതേതതര ഐക്യം തകരുമെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. തീരുമാനം ആവർത്തിക്കുന്നതിലൂടെ ലോകജനതയ്ക്ക് മുന്നിൽ ഇന്ത്യയുടെ യശസ് ഇകഴ്ന്നുപോകും. പാലക്കാട് ലോക്‌സഭാ സ്ഥാനാർത്ഥി വി.കെ. ശ്രീകണ്ഠന്റെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം സംഘടിപ്പിച്ച യു.ഡി.എഫ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മതാടിസ്ഥാനത്തിൽ കാര്യങ്ങൾ തീരുമാനിക്കുന്നിടത്തേക്ക് ഇന്ത്യ വീണ്ടും പോവുകയാണ്. ഈ ഭേദഗതി വരുന്നതോടെ ഭൂരിപക്ഷ വിഭാഗത്തിനടക്കം പ്രശ്നമുണ്ടാകും. ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിൽ പൗരത്വം നിർണ്ണയിക്കപ്പെടുന്ന സാഹചര്യം രാജ്യത്തിന്റെ യശസിനെ ബാധിക്കും. പൗരത്വനിയമം നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിപ്പോൾ കേന്ദ്ര സർക്കാർ അത് നടപ്പാക്കില്ലെന്ന് കോടതിയിൽ ഉറപ്പ് നൽകിയിരുന്നു. ഇന്ത്യാ മുന്നണിയെ ശക്തിപ്പെടുത്താൻ കോൺഗ്രസിന്റെ വിജയം അനിവാര്യമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. പാലക്കാടിന്റെ ചരിത്രം തിരുത്തിക്കുറിച്ച നേതാവാണ് വി.കെ.ശ്രീകണ്ഠൻ. തൃശൂരിൽ മോദി പുലിയെ ഇറക്കിയെന്ന് പറയുമ്പോൾ ആ മടയിൽ ചെന്ന് പിടിച്ചുകെട്ടാനാണ് കെ.മുരളീധരൻ ഇറക്കിയത്. ഷാഫി വടകരയിലെത്തുമ്പോൾ കോൺഗ്രസിന്റെ നീക്കം വ്യക്തമാണെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.
യു.ഡി.എഫ് ജില്ലാ ചെയർമാൻ മരയ്ക്കാർ മാരായമംഗലം അദ്ധ്യക്ഷനായിരുന്നു. കൺവീനർ പി.ബാലഗോപാൽ, അഡ്വ. എൻ.ഷംസുദ്ദീൻ എം.എൽ.എ, വി.കെ. ശ്രീകണ്ഠൻ എന്നിവർ സംസാരിച്ചു.