പാലക്കാട്: നെല്ല് സംഭരണത്തിന് ഓരോ സീസണിലും കർഷകർ രജിസ്റ്റർ ചെയ്യണമെന്ന വ്യവസ്ഥ ലഘൂകരിക്കാൻ കൃഷിവകുപ്പ്. വിവിധ ആനുകൂല്യങ്ങൾക്കും ഇൻഷ്വറൻസിനുമായി കർഷകർ കൃഷിവകുപ്പിൽ വിവരങ്ങൾ രജിസ്റ്റർ ചെയ്യുന്നുണ്ട്. ഈ വിവരങ്ങൾ സപ്ലൈകോയ്ക്ക് ലഭ്യമാക്കാനാണ് ആലോചന. ഇതോടെ ഓരോ സീസണിലും കൃഷിക്കാർ പ്രത്യേകം സപ്ലൈകോയിൽ രജിസ്റ്റർ ചെയ്യേണ്ടിവരില്ല. കാർഷിക ഇൻഷ്വറൻസിനും മറ്റും അപേക്ഷിക്കാത്ത കൃഷിക്കാർ മാത്രം രജിസ്റ്റർ ചെയ്താൽ മതിയാകും. ഈ വിഷയത്തിൽ സപ്ലൈകോ സർക്കാരിനും കൃഷിവകുപ്പിനും നൽകിയ ശുപാർശയുടെ സാദ്ധ്യത പരിശോധിക്കുമെന്ന് മന്ത്രി ജി.ആർ.അനിൽ കഴിഞ്ഞ ആഴ്ച നടന്ന മുഖാമുഖത്തിൽ സൂചിപ്പിച്ചിരുന്നു.

 വെബ് സൈറ്റ് ജൂണിൽ

നെല്ലെടുപ്പ് കൂടുതൽ സുഗമവും സുതാര്യവുമാക്കാൻ വെബ്‌സൈറ്റ് പരിഷ്‌കരിക്കാനും നടപടിയെടുത്ത് സപ്ലൈകോ. പാടത്ത് നിന്നു നെല്ലെടുക്കുന്നതു മുതൽ മില്ലിലെത്തുന്നതും പി.ആർ.എസ് അടിക്കുന്നതും വില വിതരണവും ഉൾപ്പെടെ ഓരോ ഘട്ടവും കൃഷിക്കാർക്ക് ഏതു സമയത്തും പരിശോധിക്കാവുന്ന വിധത്തിൽ വെബ്‌സൈറ്റിൽ സൗകര്യം ഒരുക്കും. ജൂണിൽ ആരംഭിക്കുന്ന അടുത്ത സീസണിൽ തന്നെ ഇതു നടപ്പാനാകുമോ എന്നാണ് സർക്കാർ പരിശോധിക്കുന്നത്. നെല്ലെടുക്കാനായി സപ്ലൈകോ ഉദ്യോഗസ്ഥരുടെ പരിശോധനയ്ക്കു ശേഷം നൽകുന്ന പച്ച രസീതിന്റെ വിശദാംശങ്ങളും തത്സമയം ഓൺലൈൻ വഴി ലഭ്യമാക്കും. ഇതോടെ ഓരോ കർഷകരിൽ നിന്ന് എത്ര നെല്ലു ശേഖരിക്കാനുണ്ട് എന്നതിന്റെ വിശദാംശം അപ്പപ്പോൾ അറിയാനാകും. ഈ രീതി പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിത്തുടങ്ങിയിട്ടുണ്ട്.

 കുടിശിക 1,266 കോടി
മുൻ വർഷങ്ങളിലടക്കം നെല്ലു സംഭരിച്ച വകയിൽ കേന്ദ്രത്തിൽ നിന്ന് 1,266 കോടി രൂപ ലഭിക്കാനുണ്ട്. ഇതിന്റെ പകുതി തുക സംസ്ഥാനവും സപ്ലൈകോയ്ക്കു നൽകാനുണ്ട്. ഈ തുക പൂർണമായും കിട്ടിയാൽ മാത്രമേ അടുത്ത ഒരുവർഷത്തെ നെല്ലെടുപ്പു സുഗമമാക്കാനാകൂ. ഒപ്പം പി.ആർ.എസ് ലഭിച്ച് 15 ദിവസത്തിനകം വില നൽകാനും സാധിക്കൂ. അതേസമയം നെല്ലെടുപ്പിനാവശ്യമായ തുക ബഡ്ജറ്റ് വിഹിതമായി ഉൾപ്പെടുത്തണമെന്നാണ് കർഷകരുടെ നിർദ്ദേശം.