പാലക്കാട്: മഴക്കാലം മാത്രമല്ല, വേനൽക്കാലവും ഒട്ടേറെ രോഗങ്ങൾ പടർന്നു പിടിക്കുന്ന കാലമാണ്. ചൂട് കൂടിവരുന്ന സാഹചര്യത്തിൽ ചിക്കൻപോക്സ് പോലുള്ള രോഗങ്ങൾ ബാധിക്കാൻ സാധ്യത കൂടുതലാണ്. മുണ്ടിനീര് (താടവീക്കം), പേവിഷബാധ, ചിക്കൻപോക്സ് തുടങ്ങിയ രോഗങ്ങളെയും കരുതിയിരിക്കണം. ചില രോഗങ്ങൾ മരണം വരെ സംഭവിക്കാൻ സാധ്യതയുള്ളവയാണ്.

 മുണ്ടിനീര്
വായുവിലൂടെ പകരുന്ന മുണ്ടിനീര് ഉമിനീർ ഗ്രന്ഥികളെയാണ് ബാധിക്കുന്നത്. കുട്ടികളിലാണ് രോഗം കൂടുതൽ കണ്ടുവരുന്നതെങ്കിലും മുതിർന്നവരെയും ബാധിക്കാറുണ്ട്. ചെവിയുടെ താഴെ കവിളിന്റെ വശങ്ങളിലാണ് പ്രധാനമായും വീക്കം ഉണ്ടാവുക. ഇത് ചെവിക്ക് താഴെ മുഖത്തിന്റെ ഒരു വശത്തെയോ രണ്ടു വശങ്ങളെയുമോ ബാധിക്കും. നീരുള്ള ഭാഗത്ത് വേദന അനുഭവപ്പെട്ടേക്കാം.
ചെറിയ പനിയും തലവേദനയുമാണ് പ്രാരംഭ ലക്ഷണങ്ങൾ. അസുഖ ബാധിതർ

മറ്റുള്ളവരുമായി സമ്പർക്കം ഒഴിവാക്കി രോഗം ഭേദമാകുന്നത് വരെ വീട്ടിൽ വിശ്രമിക്കുക.

 പേവിഷബാധ

ജില്ലയിൽ പേവിഷബാധയേറ്റ് മൂന്ന് മരണം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ നായ, പൂച്ച തുടങ്ങിയ വളർത്തുമൃഗങ്ങൾ കടിച്ചാലോ മാന്തിയാലോ മുറിവുള്ള ഭാഗങ്ങളിൽ നക്കിയാലോ ഉടൻ ആരോഗ്യ പ്രവർത്തകരെ ബന്ധപ്പെട്ട് പ്രതിരോധ കുത്തിവയ്പ് എടുക്കണം. 99 ശതമാനം പേവിഷബാധയും നായകൾ മുഖേനയാണ് ഉണ്ടാകുന്നത്. തലവേദന, ക്ഷീണം, നേരിയ പനി, കടിയേറ്റ ഭാഗത്തനുഭവപ്പെടുന്ന വേദന, തരിപ്പ് എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങൾ. തുടർന്ന് വെളിച്ചം, വായു, വെള്ളം എന്നിവയോട് ഭയമുണ്ടാകുന്നു. മൃഗങ്ങൾ മാന്തുകയോ കടിക്കുകയോ മുറിവുള്ള ഭാഗത്ത് നക്കുകയോ ചെയ്താൽ സോപ്പും വെള്ളവും ഉപയോഗിച്ച് 15 മിനിറ്റ് കഴുകി വൃത്തിയാക്കണം. എത്രയും വേഗം ചികിത്സ തേടണം. വളർത്തുമൃഗങ്ങൾക്ക് യഥാസമയം പ്രതിരോധ കുത്തിവയ്പ്പ് എടുക്കണം.

 ചിക്കൻ പോക്സ്

ഗുരുതരമാകാനും മരണം വരെ സംഭവിക്കാനും സാധ്യതയുള്ള രോഗമാണ് ചിക്കൻപോക്സ്. രോഗ ബാധിതരുമായി സമ്പർക്കമുണ്ടായാൽ, ശരീരത്തിൽ കുമിളകൾ പൊന്തുന്നതിന് രണ്ട് ദിവസം മുൻപ് മുതൽ അവ ഉണങ്ങി പൊറ്റയാകുന്നത് വരെ രോഗം പകരാം. രോഗലക്ഷണങ്ങൾ പ്രകടമാകുന്നതിനുള്ള സമയം 10-21 ദിവസമാണ്. പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന എന്നിവയാണ് ലക്ഷണങ്ങൾ. വായു സഞ്ചാരമുള്ള മുറിയിൽ പരിപൂർണമായി വിശ്രമിക്കുക. ഡോക്ടറുടെ നിർദ്ദേശപ്രകാരം അസൈക്ലോവീർ ഗുളികകൾ കഴിക്കണം.