navyadevi
നവ്യാദേവിയുടെ വീട് കെ.ഇ.ഡബ്ല്യൂ.എസ്.എ ഭാരവാഹികൾ വൈദ്യുതി കരിച്ചു നൽകിയപ്പോൾ

മുതലമട: നവ്യാദേവിയുടെയും സഹോദരി നവിതയുടെയും പുറമ്പോക്കിലെ കുടിലിലേക്ക് ഒടുവിൽ വൈദ്യുതിയെത്തി. ചുള്ളിയാർ ഡാം കിണ്ണത്തുമുക്ക് പലക പാണ്ഡി കനാലോരത്ത് താമസിക്കുന്ന ഇവരുടെ വീട് ഇന്നലെയാണ് വൈദ്യുതീകരിച്ചത്. കേരള ഇലക്ട്രിക്കൽ വയർമാൻ ആൻഡ് സൂപ്പർവൈസർ അസോസിയേഷൻ(കെ.ഇ.ഡബ്ല്യൂ.എസ്.എ)​ കൊല്ലങ്കോട് യൂണിറ്റ് ആണ് മുതലമട ഗവൺമെന്റ് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി നവ്യദേവിക്കും മുതലമട ജി.എൽ.പി.എസ്. ചള്ളയിലെ രണ്ടാംക്ലാസ് വിദ്യാർഥിനി നവിതയ്ക്കും സഹായമായി എത്തിയത്.

കേരളകൗമുദി വാർത്ത റിപ്പോർട്ട് ചെയ്തതിനെ തുടർന്നുള്ള നിർണായക ഇടപെടലിനെ തുടർന്ന് കുടുംബത്തിന് ഉടനടി വൈദ്യുത കണക്‌ഷൻ നൽകാൻ കെ.എസ്.ഇ.ബിയും തയ്യാറാവുകയായിരുന്നു. കഴിഞ്ഞദിവസം കെ.ഇ.ഡബ്ല്യൂ.എസ്.എ ഭാരവാഹികൾ നവ്യാദേവിയുടെ വീട് സന്ദർശിച്ച് വയറിങ് പൂർത്തീകരിച്ചു. വൈകുന്നേരത്തോടെ കെ.എസ്.ഇ.ബി അധികൃതർ എത്തി കണക്‌ഷനും നൽകിയതോടെ നവ്യാദേവിക്കും നവിതയ്ക്കും രാത്രി പഠിക്കാൻ വെളിച്ചം എത്തി.

ചുള്ളിയാർ ഡാം പരിസരത്ത് കിണ്ണത്തമുക്കിൽ പലകപ്പാണ്ടി കനാലിന് സമീപത്തെ പുറമ്പോക്ക് ഭൂമിയിൽ കുടിവെള്ളവും ശുചിമുറിയും ഇല്ലാത്ത അടച്ചുറപ്പില്ലാത്ത വീട്ടിലാണ് നാലംഗ കുടുംബം വർഷങ്ങളായി താമസിക്കുന്നത്. സ്വന്തം വീട്ടിൽ വെളിച്ചമില്ലാത്തതിനാൽ കുട്ടികൾ രാത്രി പഠനത്തിനായി അടുത്ത ബന്ധുവീടിനെയാണ് ആശ്രയിച്ചിരുന്നത്. കേരള ഇലക്ട്രിക്കൽ വയർമാൻ ആൻഡ് സൂപ്പർവൈസർ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ആർ.സതീഷ്, കൊല്ലംകോട് യൂണിറ്റ് പ്രസിഡന്റ് കെ. സുനിൽകുമാർ, യൂണിറ്റ് സെക്രട്ടറി ആർ.രാജേഷ്, യൂണിറ്റ് ട്രഷറർ കെ.ഗോപകുമാർ. യൂണിറ്റ് മുൻ സെക്രട്ടറി കെ.സുരേഷ് കുമാർ, മുൻ യൂണിറ്റ് വൈസ് പ്രസിഡന്റ് കെ.രാധാകൃഷ്ണൻ, യൂണിറ്റ് മെമ്പർ കെ.വിജീഷ് കണ്ണൻ കുട്ടി എന്നിവരാണ് വയറിങ് പൂർത്തീകരിച്ച് സഹായിച്ചത്.

വെളിച്ചെമെത്തിയെങ്കിലും ശുചിമുറി ഉൾപ്പെടെ മറ്റു സൗകര്യങ്ങളുടെ അഭാവത്തിൽ വലയുകയാണ് ഇവ‍ർ. അച്ഛൻ ഗുരുനന്ദകുമാർ വാഹനാപകടത്തിൽ പരിക്കേറ്റതിനാൽ വിശ്രമത്തിലാണ്. അമ്മ നവമണിയുടെ ഏക വരുമാനമാണ് കുടുംബത്തിന്റെ ആശ്രയം. ശുചിമുറി അനുവദിക്കാൻ പഞ്ചായത്ത് തയ്യാറാണെന്ന് കുടുംബത്തിന്റെ അവസ്ഥ നേരിൽ കണ്ടു ബോധ്യപ്പെട്ട പ്രസിഡന്റ് പി.കൽപ്പന ദേവി പറഞ്ഞു. പഞ്ചായത്തിലെ ശുചിമുറി ഇല്ലാത്തതും വൈദ്യുതീകരിക്കപ്പെടാത്തതുമായ മുഴുവൻ ആദിവാസി കുടുംബങ്ങൾക്കും ട്രൈബൽ ഡിപ്പാർട്ട്‌മെന്റിന്റെ നേതൃത്വത്തിൽ വേണ്ട നടപടികൾ സ്വീകരിച്ചു വരുകയാണെന്നും നവ്യാദേവിയുടെ കുടുംബത്തിന് നിയമപരമായ സഹായങ്ങൾ ഉടൻ അനുവദിക്കുമെന്നും ട്രൈബൽ ഓഫീസർ അജീഷ് ഭാസ്‌കർ പറഞ്ഞു.