പാലക്കാട്: കണ്ണമ്പ്ര പഞ്ചായത്തിൽ ദേശീയപാതയോട് ചേർന്ന് നിർമ്മിച്ച വഴിയോര വിശ്രമകേന്ദ്രത്തിൽ കുടുംബശ്രീയുടെ കഫെ കുടുംബശ്രീ ഫുഡ് കോർട്ട് പ്രവർത്തനമാരംഭിച്ചു. ജില്ലാ പഞ്ചായത്തിന്റെ 2.80 കോടി രൂപ ചെലവഴിച്ചാണ് കെട്ടിടവും അനുബന്ധ സൗകര്യങ്ങളും ഒരുക്കിയത്. ആലത്തൂർ ബ്ലോക്ക് പഞ്ചായത്തും കണ്ണമ്പ്ര ഗ്രാമപഞ്ചായത്തും വിശ്രമകേന്ദ്രത്തിന് ഫണ്ട് നീക്കി വച്ചിട്ടുണ്ട്. 40ഓളം പേർക്ക് പ്രത്യക്ഷമായി ജോലി ലഭിക്കുന്ന രീതിയിലാണ് കഫെ കുടുംബശ്രീയുടെ പ്രവർത്തനം. കണ്ണമ്പ്ര പ്രദേശത്തെ പത്തിലധികം കുടുംബശ്രീ അംഗങ്ങൾക്ക് പരിശീലനം നൽകി കഴിഞ്ഞു. വ്യത്യസ്തമായ ഭക്ഷണങ്ങൾ, ഭക്ഷ്യമേളകൾ, കാറ്ററിംഗ് സർവീസ് എന്നിവയും ഉണ്ടാകും. പി.പി.സുമോദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോൾ അദ്ധ്യക്ഷയായി.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ.ചാമുണ്ണി, ആലത്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ബാബു, കണ്ണമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് എം.സുമതി, വൈസ് പ്രസിഡന്റ് കെ.ആർ മുരളി, സ്ഥിരം സമിതി അദ്ധ്യക്ഷൻ സോമസുന്ദരൻ, ബ്ലോക്ക് പഞ്ചായത്തംഗം രജനി രാമദാസ്, സി.ഡി.എസ് ചെയർപേഴ്സൺ രജനി, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എ.രാമൻകുട്ടി തുടങ്ങിയവർ സംസാരിച്ചു.