
കിഴക്കൻ പ്രദേശത്ത് മാത്രം ആറായിരത്തിലധികം അന്യസംസ്ഥാന തൊഴിലാളികൾ.
ജില്ലയിലാകെ ഇതിന്റെ ആറിരട്ടി വരുമെന്നാണ് അനൗദ്യോഗിക കണക്ക്.
കൂടുതൽ പേരും ജോലിചെയ്യുന്നത് കഞ്ചിക്കോട് വ്യവസായ മേഖല, ഇഷ്ടിക കളങ്ങൾ എന്നിവിടങ്ങളിൽ.
കഞ്ചിക്കോട്: ലക്ഷ്യം കാണാതെ അന്യസംസ്ഥാന തൊഴിലാളികളുടെ വിവരശേഖരണം. തമിഴ്നാട്, ബീഹാർ, ഒഡിഷ, പശ്ചിമ ബംഗാൾ, ഛത്തിസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള അന്യസംസ്ഥാന തൊഴിലാളികൾ ജില്ലയിലെ കിഴക്കൻ പ്രദേശത്ത് മാത്രം ആറായിരത്തിലധികമുണ്ടെന്നാണ് വിവരം. ജില്ലയിലാകെ ഇതിന്റെ ആറിരട്ടി വരുമെന്നാണ് അനൗദ്യോഗിക കണക്ക്.
ഹോട്ടൽ, കെട്ടിടനിർമ്മാണ മേഖല, കാർഷിക മേഖല എന്നിവിടങ്ങളിലാണ് അന്യസംസ്ഥാന തൊഴിലാളികൾ കൂടുതലായും ജോലിചെയ്യുന്നത്. കിഴക്കൻ മേഖലയിൽ കഞ്ചിക്കോട് വ്യവസായ മേഖല, ഇഷ്ടിക കളങ്ങൾ എന്നിവിടങ്ങളിലാണ് കൂടുതൽ പേരും ജോലിചെയ്യുന്നത്. എത്ര അന്യസംസ്ഥാന തൊഴിലാളികൾ ചിറ്റൂർ, ആലത്തൂർ, പാലക്കാട് താലൂക്കുകളിൽ ഉണ്ടെന്ന് ചോദിച്ചാൽ തൊഴിൽ വകുപ്പിന്റെ പക്കലും കൃത്യമായ കണക്കില്ല. കൊവിഡ് കാലത്ത് 18,500 തൊഴിലാളികളെയാണ് തൊഴിൽ വകുപ്പ് സ്വന്തം നാട്ടിലേക്ക് കയറ്റിവിട്ടത്. കൊവിഡ് കഴിഞ്ഞത് മുതൽ ആയിരക്കണക്കിന് തൊഴിലാളികളാണ് തിരിച്ചുവന്നത്.
ആധാർ ഉൾപ്പെടെ തിരിച്ചറിയൽ രേഖകൾ പൊലീസ്, തൊഴിൽ വകുപ്പുകൾ ശേഖരിക്കണമെന്ന് പലതവണ നിർദേശങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും കാര്യക്ഷമമായി നടപ്പാക്കുന്നില്ല. അന്യ സംസ്ഥാനങ്ങളിലെ തൊഴിലാളികൾ നാട്ടിൽ എത്തിയാൽ ജില്ല തൊഴിൽ വകുപ്പിനോ ലോക്കൽ പൊലീസ് സ്റ്റേഷനിലോ വിശദമായ വിവരങ്ങളും തിരിച്ചറിയൽ രേഖകളും കരാറുകാരും തൊഴിലുടമകളും നൽകണമെന്ന നിയമം ഉണ്ടെങ്കിലും ഇത് പാലിക്കാത്തവർക്കെതിരെ നടപടിയും കടലാസിലാണ്. ഇതര സംസ്ഥാന തൊഴിലാളികളിൽ ചിലർ അപകടങ്ങളിൽ മാരക പരുക്കുകളോ മരണങ്ങളോ സംഭവിച്ചാൽ എത്രയുംവേഗം നാട്ടിലേക്ക് എത്തിക്കാൻ ശ്രമിക്കുന്ന പ്രവണതയും ഉണ്ട്. അപകടങ്ങളിൽ മരിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികൾക്ക് ഇൻഷ്വറൻസ് പരിരക്ഷയോ നഷ്ട പരിഹാര തുകയോ നൽകാതെ മൃതദേഹം നാട്ടിലെത്തിക്കാൻ സ്വകാര്യ ഏജൻസികൾ തയാറാകുമ്പോൾ തൊഴിൽ വകുപ്പും പൊലീസും മൗനം പാലിക്കുന്നത് ജില്ലയിൽ ചില പ്രദേശങ്ങളിൽ തുടരുകയാണ്.