പാലക്കാട്: മലബാറിലെ ക്ഷേത്രങ്ങൾക്ക് മലബാർ ദേവസ്വം ബോർഡ് 10.92 കോടി രൂപയുടെ ജീർണോദ്ധാരണ സഹായം അനുവദിച്ചു. ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേർന്ന മലബാർ ദേവസ്വം ബോർഡംഗങ്ങളുടെയും ഉന്നതാധികാരികളുടെയും യോഗത്തിലാണ് 634 ക്ഷേത്രങ്ങൾക്കായി തുക അനുവദിച്ചത്. 467 പൊതു ക്ഷേത്രങ്ങൾ, 138 സ്വകാര്യ ക്ഷേത്രങ്ങൾ, 29 പട്ടിക വിഭാഗം ക്ഷേത്രങ്ങൾ എന്നിവയ്ക്കാണ് തുക അനുവദിച്ചത്. മലബാർ ദേവസ്വം ബോർഡ് ചെയർമാൻ എം.ആർ.മുരളി, ദേവസ്വം പ്രിൻസിപ്പൽ സെക്രട്ടറി എം.ജി.രാജമാണിക്യം തുടങ്ങിയവർ പങ്കെടുത്തു. സാമ്പത്തിക പരാധീനത അനുഭവിക്കുന്ന ക്ഷേത്രങ്ങളെ പുനരുദ്ധരിച്ച് മുഖ്യധാരയിലേക്കെത്തിക്കുന്നതിന്റെ ഭാഗമായാണ് തുക അനുവദിച്ചതെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ പറഞ്ഞു.