പാലക്കാട്: ഈ മാസം 19ന് നടക്കുന്ന കുനിശ്ശേരി കുമ്മാട്ടി, മാർച്ച് 18, 19 തീയതികളിൽ നടക്കുന്ന കണ്ണമ്പ്ര പള്ളിയറ ഭഗവതി ക്ഷേത്രം വേല, മാർച്ച് 23ന് നടക്കുന്ന കാവശ്ശേരി പൂരം, മാർച്ച് 18, 19 തീയതികളിൽ നടക്കുന്ന തരൂർ വേല, മാർച്ച് 21, 22 ന് വടക്കഞ്ചേരി പരുവാശ്ശേരി കുമ്മാട്ടി എന്നിവയോടനുബന്ധിച്ചുള്ള വെടിക്കെട്ട് പ്രദർശനത്തിനുള്ള അനുമതിക്കായി വിവിധ കമ്മിറ്റികൾ നൽകിയ അപേക്ഷകൾ നിരസിച്ച് അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് സി.ബിജു ഉത്തരവിട്ടു.

വെടിക്കെട്ട് നടക്കുന്ന തീയതിയ്ക്ക് രണ്ട് മാസം മുൻപാണ് അപേക്ഷിക്കേണ്ടത്. ഇത്തരത്തിൽ അപേക്ഷ സമർപ്പിക്കാത്തപക്ഷം റിസ്‌ക് അസസ്‌മെന്റ് സ്റ്റഡി നടത്താനോ ഡിസാസ്റ്റർ മാനേജ്‌മെന്റ് പ്ലാൻ തയ്യാറാക്കാനോ സാധിക്കാതെ വരുകയും ദുരന്ത നിവാരണ നിയമപ്രകാരമുള്ള മുന്നൊരുക്കങ്ങൾ നടത്തുന്നതിനാവശ്യമായ സമയ ദൈർഘ്യം ലഭിക്കാതെ വരുന്നതുംമൂലം ജനങ്ങളുടെ ജീവനും സ്വത്തിനും അപരിഹര്യമായ നാശനഷ്ടങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തിലാണ് കാവശ്ശേരി പൂരം കോഓർഡിനേഷൻ കമ്മിറ്റി, തരൂർ വേല കമ്മിറ്റി, കണ്ണമ്പ്ര പള്ളിയറ ഭഗവതി ക്ഷേത്രത്തിലെ വേലയോടനുബന്ധിച്ച് കോന്നാഞ്ചേരി വേല കമ്മിറ്റി, കുനിശ്ശേരി കുമ്മാട്ടിക്ക് വേണ്ടി കിഴക്കേത്തറ ദേശം, വടക്കഞ്ചേരി പരുവാശ്ശേരി കുമ്മാട്ടി ഉത്സവക്കമ്മിറ്റി എന്നിവർ സമർപ്പിച്ച വെടിക്കെട്ട് പ്രദർശന അനുമതിക്കായുള്ള അപേക്ഷകൾ നിരസിച്ചത്.

സംഭരണ മുറികളില്ല

വെടിക്കെട്ടിനായുള്ള സ്‌ഫോടക വസ്തുക്കൾ സൂക്ഷിക്കുന്നതിന് വെടിക്കെട്ട് നടത്തുന്ന സ്ഥലത്തു നിന്നും 100 മീറ്റർ മാറി പെസോ (പെട്രോളിയം ആൻഡ് എക്സ്‌പ്ലോസീവ്സ് സേഫ്ടി ഓർഗനൈസേഷൻ) അനുശാസിക്കുന്ന നിബന്ധനയ്ക്കനുസൃതമായ സംഭരണമുറി/ മഗസിൻ (എൽ.ഇ 3 ലൈസൻസ്) ഉണ്ടായിരിക്കേണ്ടതും ഇത് പ്രദർശന സ്ഥലത്തിന്റെ സ്‌കെച്ചിൽ പ്രത്യേകം അടയാളപ്പെടുത്തി അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതുമാണ്. എന്നാൽ ഇത്തരത്തിലുള്ള സംഭരണ മുറികൾ ഇവിടങ്ങളിൽ ഇല്ല. തന്മൂലം സ്‌ഫോടക വസ്തുക്കൾ സുരക്ഷിതമായി സൂക്ഷിക്കാൻ കഴിയാതെ വരികയും അശ്രദ്ധവും അശാസ്ത്രീയവുമായ സ്‌ഫോടക വസ്തുക്കളുടെ ഉപയോഗം വൻ അപകടത്തിന് കാരണമാകും.

റിസ്‌ക് അസസ്‌മെന്റ് പ്ലാൻ ഹാജരാക്കിയിട്ടില്ല
ഉത്സവാഘോഷങ്ങളുടെ ഭാഗമായി വൻ ജനസഞ്ചയം തടിച്ചുകൂടുന്ന ക്ഷേത്ര പരിസരത്ത് ശാസ്ത്രീയമായി തയ്യാറാക്കിയ റിസ്‌ക് അസസ്‌മെന്റ് പ്ലാൻ, ഓൺസൈറ്റ് എമർജൻസി പ്ലാൻ എന്നിവ പ്രകാരമുള്ള ആസൂത്രിതമായ മുന്നൊരുക്കങ്ങൾ ആവശ്യമാണ്. അപേക്ഷയോടൊപ്പം വിദഗ്‌ദ്ധ ഏജൻസി മുൻകൂട്ടി തയ്യാറാക്കിയ റിസ്‌ക് അസസ്‌മെന്റ് പ്ലാനും അപേക്ഷകർ ഹാജരാക്കിയിട്ടില്ല.

സാമ്പിളുകൾ പരിശോധിച്ചിട്ടില്ല
സ്‌ഫോടകവസ്തുക്കളുടെ സാമ്പിളുകൾ രാസപരിശോധനയ്ക്ക് വിധേയമാകാത്ത സാഹചര്യത്തിൽ ദുരന്ത സാധ്യതയും സുപ്രീം കോടതി ഉത്തരവ് പ്രകാരം ശബ്ദമലിനീകരണവും വിലയിരുത്തുക സാധ്യമല്ല.

പ്രദർശനത്തിനുപയോഗിക്കുന്ന സ്‌ഫോടകവസ്തുക്കൾ എറണാകുളം കെമിക്കൽ ലബോറട്ടറിയിൽ പരിശോധിച്ച് നിരോധിത രാസവസ്തുക്കളുടെ സാന്നിധ്യമില്ലെന്ന് ഉറപ്പുവരുത്തേണ്ടതാണ്. ഇപ്രകാരമുള്ള നടപടികൾ സ്വീകരിച്ചിട്ടില്ല.