 
പട്ടാമ്പി: വി.പി.ചന്ദ്രന് വിട നൽകാൻ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഇന്നലെ പട്ടാമ്പി കൊപ്പം ആമയൂരിലെ വട്ടപ്പറമ്പിൽ വീട്ടിലെത്തി. പ്രാർത്ഥനാ നിർഭരമായ അന്ത്യകർമ്മങ്ങൾക്കിടെ വൈകീട്ട് അഞ്ചരയോടെയാണ് വെള്ളാപ്പള്ളി നടേശനും ഭാര്യ പ്രീതി നടേശനും ആലപ്പുഴയിൽ നിന്ന് വി.പി.ചന്ദ്രന്റെ വീട്ടിലെത്തിയത്. മൃതദേഹത്തിന് മുന്നിൽ കൈകൂപ്പി പുഷ്പചക്രം സമർപ്പിച്ച വെള്ളാപ്പള്ളിയും പ്രീതി നടേശനും പ്രിയപ്പെട്ട വി.പി.ചന്ദ്രന്റെ ഓർമ്മകൾക്ക് മുന്നിൽ കണ്ണീർ പ്രണാമം അർപ്പിച്ചു. ശേഷം കുടുംബാംഗങ്ങളെയും മറ്റും ചേർത്ത് നിർത്തി ആശ്വസിപ്പിച്ചു.
വി.പി.ചന്ദ്രന്റെ വിയോഗത്തിലൂടെ നഷ്ടമായത് ആത്മ സുഹൃത്തിനെയാണെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. സമുദായത്തിനും സമൂഹത്തിനും വേണ്ടി സമർപ്പണമനസോടെ പ്രവർത്തിച്ച വ്യക്തിയായിരുന്നു വി.പി.ചന്ദ്രൻ. പാവങ്ങളോട് കരുണ കാട്ടിയ മനസിന്റെ ഉടമയാണ്. എസ്.എൻ.ഡി.പി യോഗത്തിന്റെ മലബാറിലെ പ്രമുഖ വ്യക്തിത്വമായിരുന്നു. സമുദായ ക്ഷേമത്തിനായി ആത്മാർത്ഥ സേവനങ്ങൾ നൽകിയ വി.പി.ചന്ദ്രന്റെ വിയോഗം തീരാനഷ്ടമാണ്.
അരമണിക്കൂർ ചെലവഴിച്ച വെള്ളാപ്പള്ളി നടേശനൊപ്പം എസ്.എൻ.ഡി.പി യോഗം ഒറ്റപ്പാലം യൂണിയൻ നേതാക്കളായ സി.സി.ജയൻ, സി.സതീശൻ, എം.അരവിന്ദാക്ഷൻ, കെ.ആർ.ബാലൻ, ബി.വിജയകുമാർ, ടി.പി.രാമചന്ദ്രൻ, കൊല്ലങ്കോട് യൂണിയൻ ഭാരവാഹിയും ബി.ഡി.ജെ.എസ് സംസ്ഥാന നേതാവുമായ എ.എൻ.അനുരാഗ് എന്നിവരും അന്ത്യാജ്ഞലി അർപ്പിക്കാനെത്തി.
എസ്.എൻ.ഡി.പി യോഗം പാലക്കാട് യൂണിയൻ സെക്രട്ടറി കെ.ആർ.ഗോപിനാഥ് അനുശോചിച്ചു. മികച്ച സംഘാടകനും ഗുരുഭക്തനുമായിരുന്നു വി.പി.ചന്ദ്രന്റെ വിയോഗം സംഘടനയ്ക്കും സമുദായത്തിനും തീരനഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു. കേരളകൗമുദിയുമായി വി.പി.ചന്ദ്രന് ഏറെ കാലത്തെ ആത്മബന്ധമാണുള്ളത്. കേരളകൗമുദിക്കു വേണ്ടി മലപ്പുറം യൂണിറ്റ് ചീഫ് സി.വി.മിത്രൻ പുഷ്പചക്രം അർപ്പിച്ചു. മാർക്കറ്റിംഗ് മാനേജർ സുമോദ് കാരാട്ടുതൊടി, റിപ്പോർട്ടർമാരായ രാധാകൃഷ്ണൻ മാന്നന്നൂർ, ബാബു ജയൻ ഷൊർണൂർ എന്നിവരും ആദരാഞ്ജലി അർപ്പിച്ചു.