ചെർപ്പുളശ്ശേരി: വിതരണത്തിനുളള അരി ഇതുവരെയും റേഷൻകടയിൽ എത്തിയില്ല. വാതിൽ പടി വിതരണക്കാർ സമരത്തിലായതാണ് വിതരണം നിലയ്ക്കാൻ കാരണമെന്നാണറിയുന്നത്. വാതിൽ പടി വിതരണക്കാർ വിതരണം ചെയ്ത അരിയുടെ കമ്മീഷൻ ഉൾപ്പടെയുളള ആനുകൂല്ല്യങ്ങൾ ഫെബ്രുവരിയിൽ നൽകാനായിരുന്നു തീരുമാനം. ഇത് നടപ്പിലാവാത്തതാണ് ഈ മാസത്തിലെ വിതരണം നിലയ്ക്കാൻ കാരണം. എഫ്.സി.ഐ ഗോഡൗണിൽ നിന്ന് വിഹിതം എടുക്കാനോ സ്റ്റോക്കുളള വിഹിതം റേഷൻകടയിൽ എത്തിക്കാനോ വിതരണ കരാർ ഏറ്റെടുത്തവർ തയ്യാറായിട്ടില്ല. ഇതുവരെ റേഷൻ കടയിൽ സ്റ്റോക്കുളളതാണ് വിതരണം ചെയ്തിരുന്നത്. ഇതും തീർന്നു തുടങ്ങിയതിനാലാണ് റേഷൻ വിതരണം തകരാറിലായത്.
എല്ലാ മാസവും ആദ്യ ആഴ്ച്ചകളിൽ തന്നെ റേഷൻ കടയിൽ അരി എത്താറുണ്ട്. എന്നാൽ മാർച്ചിലെ അരി മാസം പകുതിയായിട്ടും എത്താത്തതിൽ ജനങ്ങൾക്ക് ആശങ്കയുണ്ട്. പ്രശ്നം ഉടൻ പരിഹരിച്ച് റേഷൻ വിതരണം വേഗത്തിലാക്കണമെന്നാണ് ഇവരുടെ ആവശ്യം.