കൊല്ലങ്കോട്: ആലത്തൂർ ലോക്സഭയിലേക്ക് വീണ്ടും ജനങ്ങൾ തിരഞ്ഞെടുക്കുമെന്ന വിശ്വാസമുണ്ട്. 2019 ൽ പാട്ടുപാടി നടക്കുന്ന എം.പിയെ അല്ല നമുക്കാവശ്യം എന്നു പറഞ്ഞ് വ്യക്തിഹത്യ നടത്തിയ എന്നെ ജനങ്ങൾ മഹാ ഭൂരിപക്ഷമാണ് നൽകി വിജയിപ്പിച്ചത്. പാട്ട് പാടേണ്ട, വികസനം മതി എന്നു പറഞ്ഞ് ഇപ്പോൾ ആക്ഷേപിക്കുന്നവരോട് ജനങ്ങൾ ആവശ്യപ്പെട്ടാൽ അവർക്ക് വേണ്ടി ഇനിയും പാട്ട്പാടുമെന്നും വികസന പ്രവർത്തനങ്ങൾ നടത്തുമെന്നും രമ്യഹരിദാസ് പറഞ്ഞു. നെന്മാറ നിയോജക മണ്ഡലം യു.ഡി.എഫ് തിരഞ്ഞെടുപ്പ് കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അവർ. വോട്ടർമാരുടേയും പ്രവർത്തകരുടെയും അഭ്യർത്ഥനമാനിച്ച് പാട്ട് പാടിയ ശേഷമാണ് രമ്യ ഹരിദാസ് വേദി വിട്ടത്.
ജില്ലയിലെ വരൾച്ചയ്ക്ക് അറവുവരുത്തുന്നതിനായി പറമ്പിക്കുളം ആളിയാർ കരാർ പുതുക്കാതെ ജലലഭ്യത ഇല്ലാതാക്കി നെൽകർഷകരെ വരൾച്ചയ്ക്കിട്ട് കൊല്ലാകൊല ചെയ്യുകയാണ്. ഏഴു മാസത്തെ സാമൂഹിക സുരക്ഷാ പെൻഷൻ കൊടുക്കാതെ പ്രായാധിക്യമുള്ളവരേയും രോഗശയ്യയിൽ കിടക്കുന്നവരേയും സർക്കാർ ബുദ്ധിമുട്ടിക്കുകയാണ്. ഇത്തവണയും രമ്യാ ഹരിദാസ് മികച്ച ഭൂരിപക്ഷത്തിനായി വോട്ടു ചെയ്ത് വിജയിപ്പിക്കണമെന്ന് കെ.പി.സി.സി ജില്ലാ പ്രസിഡന്റ് എ.തങ്കപ്പൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.
വട്ടേക്കാട് സംഗമം ഓഡിറ്റോറിയത്തിൽ നടന്ന കൺവെൻഷനിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി ബാബുരാജ്, യു.ഡി.എഫ് ജില്ലാചെയർമാൻ മരക്കാർ മൗലവി മാരായമംഗലം മുഖ്യ പ്രഭാഷണം നടത്തി. കെ.ആർ.പത്മകുമാർ, എ.കെ.ഹുസൈൻ, എൻ.വി.സാബു, കെ.പി.സി.സി അംഗം സജേഷ് ചന്ദ്രൻ, പി.കലാധരൻ, കെ.ഗുരുവായൂരപ്പൻ, പത്മ ഗിരീഷ്, കെ.ജി.എൽദോ തുടങ്ങിയവർ പങ്കെടുത്തു.