
കത്തിയെരിയുന്ന വേനലിൽ സംസ്ഥാനത്തെ പാൽ ഉത്പാദനം ഗണ്യമായി കുറയുന്നു, കാൽ ലക്ഷത്തിലധികം വരുന്ന പാലക്കാട്ടെ ക്ഷീരകർഷകർ ആശങ്കയിൽ. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പാലുത്പാദനത്തിൽ 30 ശതമാനത്തിന് മുകളിൽ കുറവുള്ളതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. പാലക്കാട്, പട്ടാമ്പി, അട്ടപ്പാടി മേഖലകളിലെ 330 ക്ഷീരസംഘങ്ങളിൽ നിന്നുള്ള മിൽമയുടെ പ്രതിദിന സംഭരണത്തിൽ ഫെബ്രുവരി, മാർച്ച് മാസങ്ങളിലായി 5000 ലീറ്ററിന്റെ കുറവുള്ളതായി അധികൃതർ പറഞ്ഞു. സാധാരണ പ്രതിദിനം ശരാശരി 3.32 ലക്ഷം ലീറ്ററാണ് ജില്ലയിൽ മിൽമയുടെ ശരാശരി സംഭരണം. പാലക്കാട് - 253, പട്ടാമ്പി - 62, അട്ടപ്പാടി - 15 ക്ഷീരസംഘങ്ങളാണ് ഉള്ളത്. ചൂടുകൊണ്ടുള്ള പ്രശ്നങ്ങളും പച്ചപ്പുല്ലിന്റെ കുറവുമാണ് സംസ്ഥാനത്ത് പാൽ ഉത്പാദനം കുറയാനുള്ള പ്രധാന കാരണം. വേനൽക്കാലത്ത് ദിവസ വരുമാനത്തേക്കാൾ അധികം ചെലവാണ് കർഷകർക്ക് ഉണ്ടാകുന്നത്. ഉത്പാദനം കുറഞ്ഞതോടെ ക്ഷീരസംഘങ്ങളിൽ നിന്നു മിൽമ സംഭരിക്കുന്ന പാലിന്റെ അളവും ഗണ്യമായി കുറഞ്ഞു.
പാലിന്റെ അളവ് കുറയുന്നതിന് അനുസരിച്ച്, കർഷകർക്ക് സർക്കാർ തലത്തിൽ വേണ്ട പരിഗണന ലഭിക്കുന്നില്ല, ഇതോടെ കേരളത്തിലെ ക്ഷീര കർഷകർ പ്രതിസന്ധിയിലാണ്. കേരളത്തിൽ മിക്കവാറും എല്ലാ ജില്ലകളിലും മുൻവർഷത്തേക്കാൾ 3 - 4 ഡിഗ്രി അധികം ചൂട് രേഖപ്പെടുത്തുന്നുണ്ട്. ചൂടിന്റെ ആഘാതത്തിൽ കന്നുകാലികൾ മരണമടയാനുള്ള സാദ്ധ്യത കൂടുതലാണ്. മിക്കവാറും കന്നുകാലികൾക്ക് ഇൻഷ്വറൻസ് പരിരക്ഷയില്ല. സർക്കാർ തലത്തിൽ ഇൻഷ്വർ ചെയ്യാനുള്ള സാഹചര്യം ഇപ്പോൾ നിലവിലില്ലെന്നതും പ്രതിസന്ധി ഇരട്ടിയാക്കുന്നു. ഉയർന്ന കാലിത്തീറ്റ വിലയും വേനലിലെ കുറഞ്ഞ ഉത്പാദനവും കർഷകരെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ അടുത്ത വർഷം കേരളത്തിൽ പാലുൽപാദനത്തിൽ വൻകുതിച്ചു ചാട്ടം നടത്തി സർക്കാർ പറയുന്നതുപോലെ 'സ്വയം പര്യാപാതത' കൈവരിക്കുന്നത് എങ്ങനെയാണ് എന്നതാണ് പ്രധാന ചോദ്യം.
പ്രതിസന്ധി രൂക്ഷം
ദിനംതോറും വർദ്ധിക്കുന്ന കൊടുംചൂടിൽ ക്ഷീരമേഖലയിലെ പ്രതിസന്ധി രൂക്ഷമാകുന്നു. ചൂട് ഉയർന്നുനിൽക്കുന്നതുമൂലം മാർച്ചിലെ കണക്കെടുപ്പിൽ പാൽ ഉത്പാദനം ഇനിയും കുറയുമെന്നാണു വിലയിരുത്തൽ. പാൽ ഉൽപാദന സാന്ദ്രതയിൽ സംസ്ഥാനത്ത് വയനാടിന് തൊട്ടുപിന്നിലാണ് പാലക്കാടിന്റെ സ്ഥാനം. കാലിവളർത്തലിന് ചെലവേറിയതും അധ്വാനത്തിന് ആനുപാതികമായി പാൽവില കൂടാത്തതും മൂലം ഒട്ടേറെപ്പേരാണ് ക്ഷീരമേഖല ഉപേക്ഷിക്കുന്നത്. വെയിൽ ശക്തമായതോടെ ജില്ലയിൽ പച്ചപ്പുൽ ക്ഷാമവും രൂക്ഷമായി. വൈക്കോൽ കൊടുത്താണു പല ക്ഷീരകർഷകരും പശുക്കളുടെ ജീവൻ നിലനിർത്തുന്നത്. പശുക്കൾക്കു വിശപ്പകറ്റാമെന്നല്ലാതെ വൈക്കോൽ നൽകിയാൽ പാൽ ഉത്പാദനത്തിൽ വർദ്ധനയുണ്ടാകില്ല.
പച്ചപ്പുല്ലിനു പകരം എന്നും വൈക്കോലാണെങ്കിൽ കന്നുകാലികൾ ആവശ്യത്തിനു തിന്നാനും മടിക്കും. ചൂട് കൂടി നിൽക്കുന്നതിനാൽ കന്നുകാലികളെ തൊഴുത്തിനു പുറത്തെത്തിച്ചു വളരെ നേരം മേയ്ക്കാനും കഴിയില്ല. കൂടുതൽ നേരം വെയിലത്തുനിൽക്കുന്ന കന്നുകാലികൾക്കു പലവിധ രോഗങ്ങൾ പിടിപെടുന്നു. കർണാടകയിൽ നിന്നു ചോളത്തണ്ടുകൾ എത്തുന്നതും കുറഞ്ഞു. പലയിടത്തും ഒരു കിലോ ചോളത്തണ്ടിന് 5.50 രൂപ വരെയാണ് ഈടാക്കുന്നതെന്നു കർഷകർ പറയുന്നു. ക്ഷീര സംഘങ്ങളിൽനിന്നു സബ്സിഡി നിരക്കിൽ ചോളത്തണ്ടുകൾ കിട്ടിയിരുന്നതു നിലച്ചു. വൈക്കോലിനു വില കൂടുകയാണ്. 18 കിലോയുടെ റോളിന് 200 രൂപയാണു വില. ഇതിനു പുറമെ വണ്ടിക്കൂലിയും നൽകണം. പരുത്തിപ്പിണ്ണാക്ക്, തവിട്, തേങ്ങാപ്പിണ്ണാക്ക്, പരുത്തിക്കുരു എന്നിവയുടെയെല്ലാം വില വർദ്ധിക്കുകയാണ്. 50 കിലോ കാലിത്തീറ്റയ്ക്ക് 1550 രൂപ വരെയായി വില.
ക്ഷീരമേഖലയെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപെടുത്തണമെന്ന കർഷകരുടെ ആവശ്യം ഇതുവരെ കേന്ദ്രസർക്കാർ അംഗീകരിച്ചിട്ടില്ല. വൈക്കോലും പച്ചപ്പുല്ലും സംഭരിച്ചു വിതരണം ചെയ്യുക, കാലിത്തീറ്റയുടെ വില കുറയ്ക്കാൻ വിപണിയിൽ ഇടപെടൽ നടത്തുക, സബ്സിഡി നിരക്കിൽ ക്ഷീരകർഷകർക്കു വായ്പ അനുവദിക്കുക, ഇതരസംസ്ഥാനങ്ങളിൽനിന്നു ഗുണനിലവാരം കുറഞ്ഞ പാൽ ഇറക്കുമതി ചെയ്യുന്നതു നിർത്തുക തുടങ്ങി ഒട്ടേറെ ആവശ്യങ്ങളാണു ക്ഷീരകർഷകർ ഉന്നയിക്കുന്നത്.
ബഡ്ജറ്റിൽ അവഗണന
സംസ്ഥാനത്തെ പാലുത്പാദനം സ്വയംപര്യാപ്തയിലേക്ക് എത്തിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് വകുപ്പ് മന്ത്രി പറയുമ്പോഴും ബഡ്ജറ്റിൽ ക്ഷീര, മൃഗസംരക്ഷണ മേഖലയ്ക്ക് ബഡ്ജറ്റ് വിഹിതം കുറഞ്ഞുവെന്നാണ് വിലയിരുത്തൽ. ഏറ്റവുംകൂടുതൽ ക്ഷീര കർഷകരുള്ളതും കൂടുതൽ പാൽ ഉത്പാദിപ്പിക്കുന്നതുമായ ജില്ലയായിട്ട് പോലും പാലക്കാടിനെ തഴഞ്ഞു. ബഡ്ജറ്റിൽ ക്ഷീര, മൃഗസംരക്ഷണ മേഖലയ്ക്ക് പ്രത്യേക പദ്ധതികൾ പ്രഖ്യാപിച്ചില്ല.
32,000 കർഷകരിലൂടെ പ്രതിദിനം 3.32 ലക്ഷം ലിറ്റർ പാലാണ് ജില്ലയിൽ ഉത്പാദിപ്പിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷം ക്ഷീര, മൃഗസംരക്ഷണമേഖലയ്ക്ക് 435.40 കോടി രൂപയാണ് വകയിരുത്തിയത്. ഇത്തവണ മൃഗസംരക്ഷണമേഖലയ്ക്ക് 277.14 കോടിയും ക്ഷീരമേഖലയ്ക്ക് 109.25 കോടിയും ഉൾപ്പെടെ 386.39 കോടി രൂപയാണ് വകയിരുത്തിയത്. 49 കോടി രൂപയുടെ കുറവ്.
ക്ഷീരവികസനവകുപ്പിന്റെ തനത് പ്രവർത്തനങ്ങൾക്കായി 11.40 കോടി രൂപയാണ് ഇത്തവണ വകയിരുത്തിയത്. കൂടാതെ ക്ഷീര സഹകരണ സംഘങ്ങൾക്ക് സഹായമായി 22.55 കോടിയും വകയിരുത്തിയിട്ടുണ്ട്. കാലിത്തീറ്റവിലയിൽ സബ്സിഡി നൽകണമെന്ന കർഷകരുടെ ആവശ്യവും പരിഗണിച്ചില്ല. കേരള ഫീഡ്സ് കാലിത്തീറ്റയ്ക്ക് കഴിഞ്ഞ ബഡ്ജറ്റിൽ 20 കോടിരൂപ വകയിരുത്തിയപ്പോൾ ഈ വർഷം 16.40 കോടിയാണ് വകയിരുത്തിയത്. വീട്ടുപടിക്കൽ മൃഗചികിത്സ ലഭ്യമാക്കുന്ന പദ്ധതിക്ക് കഴിഞ്ഞ ബഡ്ജറ്റിൽ 20 കോടിയായിരുന്നത് ഈ ബഡ്ജറ്റിൽ 17 കോടിയായി. ജില്ലയിൽ പാൽ സംഭരണം വർദ്ധിച്ചതോടെ മിൽമ മറ്റു ജില്ലകളലേക്ക് പാൽ നൽകിയും പൊടിയാക്കിയുമാണ് പ്രതിസന്ധി പരിഹരിക്കുന്നത്. ഇതിനു പരിഹാരമായി ജില്ലയിൽ പാലുത്പന്നങ്ങൾ നിർമ്മിക്കുന്ന ഫാക്ടറി തുടങ്ങണമെന്ന ആവശ്യം പരിഗണിച്ചില്ല. മുടന്തി നീങ്ങുന്ന മൃഗസംരക്ഷണ മേഖലയെ തളർന്നു വീഴാതെ പിടിച്ചു നിറുത്താൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നാണ് ആവശ്യം.